29 March Friday

വെട്ടിപ്പൊളിച്ചാൽ പോരാ, നന്നാക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
കൊല്ലം
വിവിധ പദ്ധതികളുടെ ഭാഗമായി വെട്ടിപ്പൊളിക്കുന്ന റോഡുകൾ പൈപ്പുകൾ സ്ഥാപിച്ചശേഷം അറ്റകുറ്റപ്പണി നടത്താത്തിനെതിരെ ജൽജീവൻ മിഷൻ ജില്ലാതല പ്രവൃത്തികളുടെ അവലോകന യോഗത്തിൽ വിമർശനം. കലക്ടർ അഫ്സാന പർവീണാണ്‌ വിമർശനവുമായി രംഗത്തെത്തിയത്‌. വെട്ടിപ്പൊളിച്ച റോഡ് സഞ്ചാരയോഗ്യമാക്കേണ്ട ഉത്തരവാദിത്വം നിർവഹണ ഏജൻസിക്കാണ്. ജില്ലയിൽ പലറോഡും ഇത്തരത്തിൽ സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്‌. ഇതു ശരിയായ പ്രവണതയല്ല. ഇത്തരത്തിലുള്ള പഞ്ചായത്ത് റോഡിന്റെ പട്ടിക അടിയന്തരമായി തയ്യാറാക്കുന്നതിന് പഞ്ചായത്തുകളും ജലഅതോറിറ്റിയും നടപടി സ്വീകരിക്കണമെന്നും കലക്ടർ പറഞ്ഞു. 
പിഡബ്ല്യുഡി, എൻഎച്ച്എ, കെഎസ്ടിപി, കെആർഎഫ്ബി ജില്ലാതല ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട പഞ്ചായത്തുകളുടെയും യോഗം 16-ന് ചേരും. വിവിധ കുടിവെള്ള പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. റോഡ് കട്ടിങ്, ഭൂമി ഏറ്റെടുക്കൽ തുടങ്ങി അനുമതി ആവശ്യമായ പ്രവർത്തനങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥർ വിശദീകരിച്ചു. പദ്ധതിക്കായി ലഭ്യമാക്കേണ്ട 13 സർക്കാർ ഭൂമികളിൽ 12- ലഭ്യമായതായി ഇവർ അറിയിച്ചു. അന്തിമമായി വേണ്ട റവന്യൂ ഭൂമിയുടെ സർവേ നമ്പർ ബന്ധപ്പെട്ട തഹസിൽദാർ അടിയന്തരമായി ലഭ്യമാക്കണമെന്ന് കലക്ടർ നിർദേശിച്ചു.
സ്വകാര്യഭൂമി ഏറ്റെടുക്കുന്നത് ദ്രുതഗതിയിലാക്കുന്നതിന്റെ ഭാഗമായി വില സംബന്ധിച്ച് തർക്കമുള്ളയിടങ്ങളിൽ ഭൂവുടമകളുമായി ഒരാഴ്ചയ്ക്കുള്ളിൽ യോഗം ചേരും. സ്വകാര്യ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് വില്ലേജ് തലത്തിൽ ലിസ്റ്റ് തയ്യാറാക്കി ഭൂമിയേറ്റെടുക്കൽ വിഭാ​ഗത്തിനു കൈമാറുന്നതിന് തഹസിൽദാർമാർ നടപടി സ്വീകരിക്കണം. 2023 അവസാനത്തോടെ നടപടികൾ പൂർത്തിയാക്കി പദ്ധതി ആവിഷ്‌കരികണമെന്നും കലക്ടർ നിർദേശിച്ചു. ജില്ലാ വികസന കമീഷണർ ആസിഫ് കെ യൂസഫ്, പഞ്ചായത്ത്, ജല അതോറിറ്റി പ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top