24 April Wednesday
പദ്ധതി വ്യത്യസ്ത മേഖലകളിലേക്ക്

തൊഴിലുറപ്പിനു പുതുവഴികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി മിയാവാക്കി വനമൊരുക്കുന്ന കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ 
തൊഴിലുറപ്പു തൊഴിലാളികൾ

കൊല്ലം
തൊഴിൽദിനങ്ങൾ ഉറപ്പാക്കാൻ വ്യത്യസ്ത മേഖലകളിലേക്ക് തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും. അങ്കണവാടി നവീകരണം, ചെറുകിട വ്യവസായ യൂണിറ്റ് കെട്ടിടം, ചിറ പുനഃരുദ്ധാരണം, ജലസംരക്ഷണം, വനവൽക്കരണം തുടങ്ങിയ പ്രവർത്തികളും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുമെന്ന് കലക്ടർ അഫ്‌സാന പർവീൺ അറിയിച്ചു.
വിവിധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയാണ് പദ്ധതി വിപുലീകരണത്തിന്റെ പുതുസാധ്യതകൾ ഉറപ്പാക്കുന്നതിനുള്ള തീരുമാനം. മുഖത്തല ബ്ലോക്ക്, -മയ്യനാട് പഞ്ചായത്തുകളിലായി നടന്നുവരുന്ന പ്രവർത്തനങ്ങളാണ് പരിശോധിച്ചത്. ഉമയനല്ലൂർ ചിറ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച് ജലസേചനത്തിനും മത്സ്യക്കൃഷിക്കുമായി ഉപയോഗിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനവുമായി ചേർന്ന് സംയുക്ത പദ്ധതി രൂപീകരിച്ചാകും പ്രവർത്തനം. കൊട്ടിയം കശുവണ്ടി വികസന കോർപറേഷൻ ഫാക്ടറിയുടെ സ്ഥലത്ത്‌ വൃക്ഷത്തൈ നഴ്‌സറി ഒരുക്കും. റമ്പൂട്ടാൻ, മാങ്ങ, കശുവണ്ടി തുടങ്ങി എട്ടുതരം വിളകളാണ് നഴ്‌സറിയിൽ വികസിപ്പിച്ചെടുക്കുക. മയ്യനാട് പഞ്ചായത്തിലെ ചെറുകിട വ്യവസായ യൂണിറ്റിന് പുതിയ കെട്ടിടം നിർമിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തും. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. തൊഴിലുറപ്പ് തൊഴിലാളികൾ ചെയ്തുവരുന്ന ശുചീകരണ പ്രവർത്തനങ്ങളും വിലയിരുത്തിയ കലക്ടർ വൈവിധ്യമാർന്ന കൂടുതൽ പ്രവർത്തനങ്ങളുടെ സാധ്യത പരിശോധിക്കുമെന്നും വ്യക്തമാക്കി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ, വൈസ് പ്രസിഡന്റ് ജവാബ് റഹ്മാൻ, എംജിഎൻആർഇജിഎസ് ജോയിന്റ് പ്രോഗ്രാം കോ –- ഓർഡിനേറ്റർ ജി അനിൽ, നോഡൽ ഓഫീസർ എച്ച് സഫീർ, ജില്ലാ എൻജിനിയർ ഗീത സുദർശനൻ, ജോർജ് അലോഷ്യസ്, രതികുമാരി, സുജിത്ത് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top