25 April Thursday

കരുനാഗപ്പള്ളി ഡിപ്പോയെ തരംതാഴ്‌ത്താനുള്ള നീക്കത്തിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

കരുനാഗപ്പള്ളി കെഎസ്ആർടിസി ഡിപ്പോ

കരുനാഗപ്പള്ളി
കരുനാഗപ്പള്ളി കെഎസ്ആർടിസി ഡിപ്പോയെ തരംതാഴ്ത്തി ഓപ്പറേറ്റിങ് യൂണിറ്റായി നിലനിർത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേശീയപാതയോരത്ത് ലാഭകരമായി പ്രവർത്തിക്കുന്ന കെഎസ്ആർടിസി ഡിപ്പോകളിൽ ഒന്നാണ് കരുനാഗപ്പള്ളിയിലേത്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഡിപ്പോ മാറ്റാനുള്ള നീക്കം രണ്ടു പതിറ്റാണ്ട്‌ മുമ്പും നടന്നിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് അന്ന്‌ നീക്കം ഉപേക്ഷിച്ചത്.
കെഎസ്ആർടിസിയിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി ജില്ലയിൽ ഒരു ഓഫീസ് സംവിധാനംമാത്രം മതിയെന്ന നയത്തിന്റെ ഭാഗമായാണ് ഓപ്പറേറ്റിങ് യൂണിറ്റായി തരംതാഴ്‌ത്താനുള്ള നീക്കമെന്നാണ്‌ വിവരം. നാന്നൂറോളം ജീവനക്കാർ ജോലിചെയ്യുന്ന ഡിപ്പോ ഓപ്പറേറ്റിങ് യൂണിറ്റാകുന്നതോടെ ഓഫീസ് ജീവനക്കാർ അടക്കമുള്ളവർ കൊട്ടാരക്കരയിലേക്ക് മാറേണ്ടിവരും. മെക്കാനിക്കൽ വിഭാഗം ജീവനക്കാരെ നേരത്തെ തന്നെ ഇവിടെനിന്ന്‌ മാറ്റിയിരുന്നു. ഇതോടെ കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെട്ട എല്ലാവിധ ഓഫീസ് കാര്യങ്ങൾക്കും കൊട്ടാരക്കര ഡിപ്പോയെ ആശ്രയിക്കേണ്ടി വരും. ഓപ്പറേറ്റിങ് യൂണിറ്റായി മാറുന്നതോടെ കരുനാഗപ്പള്ളി യൂണിറ്റിൽ എടിഒ ഓഫീസ് ഇല്ലാതാകും. സൂപ്രണ്ട്, കൺട്രോളിങ് ഇൻസ്പെക്ടർ, സ്റ്റേഷൻ മാസ്റ്റർ എന്നിവർ മാത്രമാകും ഇവിടെയുണ്ടാകുക. കരുനാഗപ്പള്ളി ഡിപ്പോയുടെ വികസനം ലക്ഷ്യമിട്ട്‌ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആർ രാമചന്ദ്രന്റെ ആസ്തി വികസന ഫണ്ടിൽനിന്ന്‌ 65 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക ഓഫീസ് സമുച്ചയം ഉൾപ്പെടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ്‌ ഡിപ്പോ തരംതാഴ്ത്താനുള്ള നീക്കം. ജീവനക്കാരും വിവിധ സംഘടനാ ഭാരവാഹികളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top