20 April Saturday
2021–-2022ൽ 5.87 കോടിയുടെ ലാഭം

സര്‍ക്കാര്‍ ഒപ്പം നിന്നു, 
മുന്നേറി ഓയിൽ പാം ഇന്ത്യ

സ്വന്തം ലേഖകൻUpdated: Tuesday Feb 7, 2023
കൊല്ലം
സംസ്ഥാന സർക്കാരിന്റെ ദിശാബോധത്തോടെയുള്ള പിന്തുണയിൽ നഷ്ടക്കണക്കുകൾ പഴങ്കഥയാക്കി ഓയിൽപാം ഇന്ത്യ ലിമിറ്റഡ്. 2021–-2022ൽ 5.87 കോടി രൂപയുടെ ലാഭമാണ് സ്ഥാപനം ഉണ്ടാക്കിയത്. 63.86 കോടി രൂപയാണ് വരുമാനം. മുൻവർഷത്തെ അപേക്ഷിച്ച്  67.72 ശതമാനം വരുമാന വർധന. 2021–-22ലെ വരുമാനം 38.08 കോടി രൂപ മാത്രമായിരുന്നു. 4.07 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു സ്ഥാപനം. ക്രൂഡ് പാം ഓയിൽ വിൽപ്പനയിലെ വർധനയാണ് നേട്ടമായത്. 2021–-22ൽ 45.3 കോടി രൂപയുടെ ക്രൂഡ് പാം ഓയിലാണ് വിൽപ്പന നടത്തിയത്. 2020–- 21ൽ ഇത് 26.79 കോടി രൂപയുടേതായിരുന്നു. പാം കെർണൽ ഓയിൽ വിൽപ്പനയിലൂടെ ആറുകോടിയുടെ വരുമാനമുണ്ടായി. അരി വിൽപ്പനയിലൂടെ 3.14 കോടി രൂപയും നേടി.  ബജറ്റിനോട് അനുബന്ധിച്ച് നിയമസഭയിൽവച്ച  സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് തയ്യാറാക്കിയ അവലോകന റിപ്പോർട്ട് ഓയിൽ പാം ഇന്ത്യയുടെ ലാഭനേട്ടം വിവരിക്കുന്നു. ഓയിൽ പാം ഇന്ത്യ ഉൾപ്പെടെ 11 സ്ഥാപനമാണ് സംസ്ഥാനത്ത് പുതുതായി ലാഭത്തിലേക്കു കുതിച്ചത്.
കൈത്താങ്ങായി 
സംസ്ഥാന സർക്കാർ
ഭക്ഷ്യഎണ്ണ ക്ഷാമം പരിഹരിക്കാൻ സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാർ സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് 1977ൽ ആണ് സ്ഥാപിച്ചത്. സംസ്ഥാന സർക്കാരിന്  57.64 ശതമാനം ഓഹരിയും കേന്ദ്രസർക്കാരിന് 42.36 ശതമാനം ഓഹരിയുമാണുള്ളത്. പ്രതിസന്ധി ഘട്ടങ്ങളിലൊന്നും തിരിഞ്ഞുനോക്കാൻ കേന്ദ്രം തയ്യാറായില്ല. 
ബോയ്‌ലർ നിലച്ച്‌ ഉൽപ്പാദനം പ്രതിസന്ധിയിലായപ്പോൾ കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ അടിയന്തരമായി അനുവദിച്ച 86 ലക്ഷം രൂപയാണ് തുണയായത്. ഇതിൽനിന്ന്‌ 28 ലക്ഷം രൂപ ചെലവഴിച്ചാണ്‌ അറ്റകുറ്റപ്പണി വേണ്ടിവന്ന ബോയ്‌ലറിന്‌ ആവശ്യമായ 20 ടണ്ണോളം തൂക്കംവരുന്ന ട്യൂബുകൾ മുംബൈയിൽനിന്ന്‌ എത്തിച്ചത്‌. ഇവ ബോയ്‌ലറുകളിൽ ഘടിപ്പിച്ച്‌ നവീകരണം നടത്താൻ 58 ലക്ഷം രൂപയും ചെലവഴിച്ചു. തുടർന്നാണ്‌ പ്രവർത്തനം പുനരാരംഭിച്ചത്‌. 
നട്ടെല്ല് കുളത്തൂപ്പുഴ, ഏരൂർ, ചിതറ 
എസ്റ്റേറ്റുകൾ
കൃഷിവകുപ്പിനു കീഴിലാണ് സ്ഥാപനം. കുളത്തൂപ്പുഴ, ഏരൂർ, ചിതറ എസ്റ്റേറ്റ്, പാം ഓയിൽ മിൽ, തൊടുപുഴ ഓയിൽ പാം സീഡ് ​ഗാർഡൻ,  കോട്ടയം വൈക്കം വെച്ചൂർ മോഡേൺ റൈസ് മിൽ എന്നിവയാണ് കമ്പനിക്കു കീഴിലുള്ളത്. കുട്ടനാട്‌, വെച്ചൂർ എന്നിങ്ങനെ രണ്ടുപേരിലാണ്‌ അരി മാർക്കറ്റിൽ എത്തിക്കുന്നത്‌. തൊടുപുഴയിലെ വിത്തുൽപ്പാദനകേന്ദ്രത്തിൽനിന്ന് അത്യുൽപ്പാദനശേഷിയുള്ള ‘ടെനീറ’ ഇനത്തിൽപ്പെട്ട എണ്ണപ്പനവിത്ത്‌  ഉൽപ്പാദിപ്പിക്കുന്നുണ്ട്.  
1999ൽ ആണ്‌ എണ്ണപ്പനയിൽനിന്നു ലഭിക്കുന്ന പഴവും കുരുവും ക്രൂഡോയിലാക്കുന്ന ഫാക്ടറിയും (മിൽ) സ്ഥാപിച്ചത്‌.  പ്രതിവർഷം 30000 ടൺ എണ്ണപ്പനപ്പഴവും ഇതിൽനിന്ന്‌ 7000 ടൺ ക്രൂഡ്‌ പാം ഓയിലും ഉൽപ്പാദിപ്പിക്കുന്നു. കൂടാതെ എണ്ണക്കുരുവിൽനിന്ന്‌ 800 ടൺ കേർണൽ ഓയിലും ലഭിക്കുന്നുണ്ട്‌. 3600 ഏക്കറുള്ള പ്ലാന്റേഷൻ 1500 പേർക്ക് പ്രത്യക്ഷമായും അത്രത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top