19 April Friday
മഴ ശമിക്കുന്നു

വിതച്ചത്‌ വൻനാശം

സ്വന്തം ലേഖികUpdated: Saturday Aug 6, 2022
കൊല്ലം
ജില്ലയിൽ മഴ ശമിച്ചെങ്കിലും ആശങ്ക ഒഴിയുന്നില്ല. പലയിടങ്ങളിലും മഴക്കെടുതി തുടരുന്നു. കരക്കൃഷിയില്‍ ഉൾപ്പെടെ വ്യാപകനാശം, വൈദ്യുതിത്തൂണുകൾ ഒടിഞ്ഞും കമ്പിയിൽ മരംവീണും കെഎസ്‌ഇബിക്കും വലിയ നഷ്‌ടം. തങ്കശേരി  തുറമുഖത്തിനു സമീപം മത്സ്യബന്ധന വള്ളം മുങ്ങി ഒരു കോടിയുടെ നഷ്ടമുണ്ടായി. വിവിധയിടങ്ങളിൽ പൊതുമരാമത്ത്‌ റോഡ്, ദേശീയപാത എന്നിവ തകർന്നു. കുളത്തൂപ്പുഴയിൽ മത്സ്യഫാമിൽ വെള്ളംകയറി വിളവെടുക്കാറായ 98 കിലോ മത്സ്യം ഒഴുകിപ്പോയി.  കരക്കൃഷിയില്‍ ഉൾപ്പെടെ 3.86കോടിയുടെ നഷ്ടമുണ്ടായതായാണ്‌ പ്രാഥമിക വിലയിരുത്തൽ. കെഎസ്‌ഇബിക്ക്‌ 8.46ലക്ഷം, റോഡുകൾക്ക്‌ 70,000രൂപയുടെയും നഷ്ടമുണ്ടായി. കുളത്തൂപ്പുഴ സ്വദേശി ജെറിന്റെ ജെഎസ്‌എം ഫിഷ്‌ ഫാമിൽ വെള്ളം കയറി 90,000രൂപയുടെ കാർപ്പ്‌ മത്സ്യം ഒഴുകിപ്പോയി. തങ്കശേരി ഹാർബറിനു സമീപം വള്ളം മുങ്ങി ഒരു കോടിയുടെ നഷ്ടമുണ്ടായി. ഇതുവരെ രണ്ടുവീട്‌ പൂർണമായും 35 വീട്‌ ഭാഗികമായും നശിച്ചു. വെള്ളിയാഴ്‌ച ആറു വീട് ഭാഗികമായി നശിച്ചു. ആഗസ്ത് ഒന്നിന്‌ രാത്രി മീൻപിടിത്തം കഴിഞ്ഞ്‌ തങ്കശേരിയിൽ നങ്കൂരമിടാൻ  ശ്രമിച്ച വള്ളമാണ്‌ ശക്തമായ കാറ്റിലും തിരയിലുംപെട്ട്‌ മുങ്ങിയത്‌. അഴീക്കൽ സ്വദേശികളായ 10പേരുടെ  ഉടമസ്ഥതയിലുള്ള  ഓംകാരം ലൈലാൻഡ്‌ വള്ളമാണ്‌ മുങ്ങിയത്‌. വലയൊഴിച്ച്‌ മറ്റുള്ളതെല്ലാം നഷ്ടമായി. ദിവസങ്ങളായി വള്ളം ഉയർത്താൻ കഴിഞ്ഞിട്ടില്ല. ഖലാസികളുടെ  സഹായം തേടണമെങ്കിൽ കുറഞ്ഞത്‌ അഞ്ചുലക്ഷം രൂപവരെ ചെലവാകും.
3.86കോടിയുടെ 
കൃഷിനാശം
തോരാമഴയിൽ ജില്ലയിൽ 3.86കോടിയുടെ കൃഷിനാശം. ആറു ദിവസത്തിനിടെ 38.25 ഹെക്ടറിലെ കൃഷി നശിച്ചതായി പ്രാഥമിക കണക്ക്‌. മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ നഷ്ടം ഉയരാനാണ്‌ സാധ്യത. കൊട്ടാരക്കര ബ്ലോക്കിലാണ്‌ കൂടുതൽനാശം 2.64കോടിയുടെ കൃഷിയാണ്‌ ഇവിടെ നശിച്ചത്‌. അഞ്ചലിൽ 44.38ലക്ഷം. ചടയമംഗലത്ത്‌ 24.83ലക്ഷം, വെട്ടിക്കവലയിൽ 18.6ലക്ഷം, ശാസ്‌താംകോട്ടയിൽ 13.06ലക്ഷം, പുനലൂർ 7.6ലക്ഷം, കുണ്ടറ 2.17ലക്ഷം, ഇരവിപുരം 1.9ലക്ഷം, ചാത്തന്നൂർ 18,000നഷ്‌ടം ഇങ്ങനെ. 
വാഴക്കൃഷിക്കാണ്‌ കൂടുതൽ നഷ്‌ടം. 14.4ഹെക്ടറിലെ കൃഷി നശിച്ചു. 3.34കോടിയുടെ നഷ്ടം കണക്കാക്കുന്നു. 54803 കുലച്ച വാഴയും 8401 കുലയ്‌ക്കാത്ത വാഴയും നശിച്ചു. 4.62ഹെക്ടറിലെ മരച്ചീനിക്കൃഷി നശിച്ചതിൽ 60,000 രൂപയുടെ നഷ്‌ടമുണ്ട്‌. തെങ്ങ്‌, വെറ്റില, പച്ചക്കറി, കിഴങ്ങുവിളകൾ എന്നിവയും മഴയിൽ നശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top