27 April Saturday
ആറുവരിപ്പാത നിർമാണം

മഴയിൽ വീഴുമോ മരങ്ങൾ

സ്വന്തം ലേഖകൻUpdated: Wednesday Jul 6, 2022

കൊല്ലം
ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്‌ ഏറ്റെടുത്ത ഭൂമിയിലെ മരംമുറി വൈകുന്നത്‌ അപകടം ക്ഷണിച്ചുവരുത്തുമെന്ന്‌ ആശങ്ക. ദേശീയപാതയുടെ ഇരുവശവും പലയിടത്തും നിർമാണത്തിന്റെ ഭാഗമായി മണ്ണിളക്കിയ നിലയിലാണ്‌. ചുവട്‌ ഇളകിയതിനാൽ മഴപെയ്യുമ്പോൾ മരങ്ങൾ നിലംപൊത്താൻ സാധ്യതയേറെ. വേട്ടുതറ ജങ്‌ഷനിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന്‌ മുകളിൽ മരം വീണതാണ്‌ ഒടുവിലത്തെ അപകടം. കാലവർഷം ശക്‌തമാകുന്നതിനു മുമ്പ്‌ മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്‌തമാണ്‌. ഇക്കാര്യത്തിൽ കരാർ കമ്പനികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും ദേശീയപാത അതോറിറ്റി ഇടപെടണമെന്നും ആവശ്യമുയർന്നു. ദേശീയപാതയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ കരുനാഗപ്പള്ളി ഭാഗത്ത്‌ മാത്രമാണ്‌ മരങ്ങൾ ഏറെ മുറിച്ചുമാറ്റിയത്‌. ചവറ, കാവനാട്‌, ചാത്തന്നൂർ, പാരിപ്പള്ളി മേഖലയിലാണ്‌ കാലതാമസം നിലനിൽക്കുന്നത്‌. അതിനിടെ റോഡ്‌ നിർമാണത്തിന്റെ ഭാഗമായി തറനിരപ്പാക്കുന്ന പ്രവൃത്തി ആരംഭിച്ചു. വൈദ്യുതി, ടെലിഫോൺ, പൈപ്പുലൈൻ മാറ്റിസ്ഥാപിക്കാനുള്ള നടപടിയും തുടങ്ങി. റോഡിന്റെ ഉയരം കൂട്ടുന്ന പ്രവൃത്തി ഒരുവശത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടുകൊണ്ടാകുമെന്ന്‌ എൻഎച്ച്‌എഐ അധികൃതർ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ മാറ്റുന്നതിനുള്ള നടപടിക്ക്‌ വേഗം കുറവാണ്‌. പൊലീസ്‌ സ്റ്റേഷൻ, സ്‌കൂളുകൾ, പഞ്ചായത്ത്‌, വില്ലേജ്‌ ഓഫീസുകൾ, കോടതി എന്നിവയുടെ കെട്ടിടങ്ങളാണ്‌ നീക്കാനുള്ളത്‌. 

2100 വ്യാപാരികൾക്ക്‌ 
നഷ്ടപരിഹാരം
ദേശീയപാത വികസനത്തിന്‌ വിട്ടുകൊടുത്ത ഭൂമിയിലെ കെട്ടിടങ്ങളിൽ വാടകയ്‌ക്ക്‌ കച്ചവടം നടത്തിവന്നിരുന്ന വ്യാപാരികൾക്ക്‌ നഷ്‌ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന്‌ എൻഎച്ച്‌എഐ അധികൃതർ പറഞ്ഞു. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 2100 വ്യാപാരികൾക്ക്‌ വിതരണം ചെയ്യാനായി 98 കോടി രൂപയാണ്‌ ആദ്യഘട്ടമായി കേന്ദ്ര ഉപരിതല മന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ദേശീയപാത വികസനത്തിന്‌ ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരമായി ഇനി വിതരണംചെയ്യാനുള്ളത്‌ 30 കോടി രൂപ മാത്രം. പ്രമാണം ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാത്തതിനെ തുടർന്നാണ്‌ തുക നൽകാത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top