20 April Saturday
കെഎസ്‌ആർടിസി

ജില്ലാ ഓഫീസ്‌ കൊല്ലം ഡിപ്പോയിൽനിന്ന്‌ കൊട്ടാരക്കരയിലേക്ക്‌

സ്വന്തം ലേഖകൻUpdated: Wednesday Jul 6, 2022
കൊല്ലം
ഭരണനിർവഹണത്തിനായി കെഎസ്‌ആർടിസി ജില്ലാ ഓഫീസ്‌ കൊല്ലം ഡിപ്പോയിൽനിന്ന്‌ കൊട്ടാരക്കരയിലേക്കു മാറ്റുന്നു. ഇതുസംബന്ധിച്ച ഉത്തരവ്‌ സിഎംഡി ബിജു പ്രഭാകർ ജൂൺ 30നാണ്‌ പുറത്തിറക്കിയത്‌. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലാ ഓഫീസുകളും മാറ്റിസ്ഥാപിക്കാൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്‌. ഭരണം, അക്കൗണ്ട്‌സ്‌ എന്നിവ സംബന്ധിച്ച നടപടികൾ കാര്യക്ഷമമാക്കുന്നതിനാണ്‌ നടപടിയെന്നും ജില്ലാ ഓഫീസ്‌ പ്രവർത്തിപ്പിക്കാനുള്ള സ്ഥലസൗകര്യം കൊല്ലം ഡിപ്പോയിൽ ഇല്ലെന്നും ഉത്തരവിൽ പറയുന്നു. മാറ്റിസ്ഥാപിക്കുന്ന ജില്ലാ ഓഫീസുകളുടെ പ്രവർത്തനം 18 മുതൽ ആരംഭിക്കണമെന്നും നിർദേശമുണ്ട്‌. 
അതേസമയം, കൊല്ലം ഡിപ്പോയുടെ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ പദവി നിലനിർത്തണമെന്ന ആവശ്യം ശക്തമാണ്‌. ജില്ലാ ഓഫീസ്‌ മാറ്റുന്നതോടെ കൊല്ലം ഡിപ്പോ ഓപ്പറേറ്റിങ്‌ സെന്റർ മാത്രമാകും. ഉത്തരവ്‌ നടപ്പായാൽ കൊല്ലത്തിനു പുറമെ കരുനാഗപ്പള്ളി, ചാത്തന്നൂർ, ചടയമംഗലം, പത്തനാപുരം, പുനലൂർ, ആര്യങ്കാവ്‌,  കുളത്തൂപ്പുഴ ഓപ്പറേറ്റിങ് സ്റ്റേഷനുകളും കൊട്ടാരക്കരയിൽ ഒരുക്കുന്ന ജില്ലാ ഓഫീസിന്റെ കീഴിൽവരും. ജില്ലയിൽ ഒമ്പത്‌ ഡിപ്പോയിലായി 2502 ജീവനക്കാരും 532 സർവീസുമാണ്‌ നിലവിലുള്ളത്‌. 
ജില്ലയുടെ ഭൂപ്രകൃതിയും കെഎസ്‌ആർടിസി ജീവനക്കാരുടെ സൗകര്യവും പരിഗണിച്ച്‌ ജില്ലാ ഓഫീസിന്റെ പ്രവർത്തനം കൊട്ടാരക്കരയിലും കൊല്ലത്തുമായി വിഭജിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌. കൊല്ലം ഡിപ്പോയിൽ കെഎസ്‌ആർടിസി ജില്ലാ ഓഫീസ്‌ നിലനിർത്തി കൊട്ടാരക്കരയിൽ കിഴക്കൻ മേഖലയ്‌ക്കായി അനക്‌സ്‌ ആരംഭിക്കണമെന്ന്‌ കെഎസ്‌ആർടിഇഎ (സിഐടിയു) ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ആവശ്യപ്പെട്ടു. 
പുനഃപരിശോധന 
ആവശ്യപ്പെടും: 
കെ എൻ ബാലഗോപാൽ
കെഎസ്‌ആർടിസി ജില്ലാ ഓഫീസ്‌ കൊല്ലം ഡിപ്പോയിൽനിന്നു മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിനോട്‌ ആവശ്യപ്പെടുമെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ ഉറപ്പുനൽകിയതായി കെഎസ്‌ആർടിഇഎ (സിഐടിയു) നേതാക്കൾ അറിയിച്ചു. ചൊവ്വാഴ്‌ച നിയമസഭയിലെ ഓഫീസിലാണ്‌ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഹണി ബാലചന്ദ്രൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം എസ്‌ സുമേഷ്‌ലാൽ എന്നിവർ മന്ത്രിയെ കണ്ടത്‌.  
 
തീരുമാനം പിൻവലിക്കണം: എം മുകേഷ്‌ എംഎൽഎ 
ജില്ലാ ആസ്ഥാനത്തെ കെഎസ്‌ആർടിസി ഡിപ്പോയെ തരംതാഴ്‌ത്താനുള്ള മാനേജ്‌മെന്റ്‌ തീരുമാനം പിൻവലിക്കണമെന്ന്‌ എം മുകേഷ്‌ എംഎൽഎ ഗതാഗതമന്ത്രി ആന്റണിരാജുവിനെ കണ്ട്‌ ആവശ്യപ്പെട്ടു. ഡിപ്പോയെ നവീകരിക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ശ്രമിക്കുമ്പോഴാണ്‌ പുതിയ തീരുമാനമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top