27 April Saturday

ചിരിപ്പിക്കാൻ മാത്രമായി അരങ്ങിൽ

സ്വന്തം ലേഖകൻUpdated: Tuesday Jun 6, 2023

കൊല്ലം സുധി ഭാര്യ രേണുവിനും മക്കൾക്കുമൊപ്പം

കൊല്ലം
നീറുന്ന വേദനകൾ ഉള്ളിലൊതുക്കി ചിരിപ്പിക്കാൻ മാത്രമായാണ്‌ കൊല്ലം സുധി അരങ്ങത്തെത്തിയത്‌. അടുത്ത സുഹൃത്തുക്കളോട് മാത്രം തന്റെ വേദനകളും സ്വപ്‌നങ്ങളും പങ്കുവച്ചു. മിമിക്രിയും ഹാസ്യ കലാപരിപാടികളുമായി വന്ന്‌ സഹൃദയരെ ചിരിപ്പിക്കുമ്പോൾ പല ദിവസവും ഇരവിപുരം ചായക്കട മുക്കിനു സമീപത്തെ വീട്ടിൽ ദാരിദ്ര്യമായിരുന്നു. ഒപ്പം അവഗണനയും ആവോളം.
എപ്പോഴും സുധി അരങ്ങത്ത് പ്രസന്നവദനനായിരുന്നു. മിമിക്രിയായിരുന്നു എന്നും ഹരം. മിമിക്സ് പരേഡുകളും മിമിക്സ് ഗാനമേളകളുമായി നടക്കുന്നതിനിടയിലാണ് ചില സുഹൃത്തുക്കളുമൊത്ത് കോമഡി ഷോ തുടങ്ങിയത്. സീസണിൽ മാത്രം കുറച്ച് പരിപാടികൾ ലഭിക്കുന്നതുകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിഞ്ഞിരുന്നില്ല. കലാരംഗത്ത് പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോഴെല്ലാം ചേർത്തുനിർത്തിയത് കലാഭവൻ മണിയായിരുന്നു. നടൻ ജഗദീഷിനെ അനുകരിക്കുന്നതിലെ മികവാണ്‌ സുധിയെ ചാനൽ ഷോകളിൽ എത്തിച്ചത്. ആദ്യ വിവാഹബന്ധം ശിഥിലമായപ്പോൾ പിച്ചവച്ചു തുടങ്ങിയ തന്റെ കുഞ്ഞുമായാണ്‌ സുധി പരിപാടികൾക്ക്‌ എത്തിയിരുന്നത്‌. ചാനൽ ഷോകളിലൂടെ പേരും പ്രശസ്തിയുമായെങ്കിലും ബാധ്യതകളും ബുദ്ധിമുട്ടും വിട്ടുപോയില്ല. കഴിഞ്ഞ ഒമ്പതു വർഷമായി ഒരു പ്രമുഖ ചാനലിൽ സ്ഥിരമായി പരിപാടികൾ അവതരിപ്പിച്ചു. 2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’യിലൂടെ സിനിമയിലെത്തി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നീ സിനിമകളിൽ അഭിനയിച്ചു. ജീവിതം  മെച്ചപ്പെട്ടുവരുന്നതിനിടയിലാണ് അപകടംസുധിയുടെ ജീവൻ കവർന്നത്. പുനർവിവാഹിതനായ സുധി ഭാര്യയുടെ നാടായ കോട്ടയം  വാകത്താനത്ത്‌  വാടകവീട്ടിലായിരുന്നു താമസം. സ്വന്തമായൊരു വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ്‌ സുധി പോയത്‌. 
 
 
"ഞാൻ പോണേണ് '...
തൃശൂർ 
 ‘ ഞാൻ പോണേണ്.. വെറുതെ എന്തിനാ ഒരുപാട് എക്സ്പ്രഷൻ ഇട്ട് ചാവണത് '. ‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ’ എന്ന സിനിമയിൽ കൊല്ലം സുധി പറഞ്ഞ ഡയലോഗാണിത്‌.  അതേ സുധി പോണേണ്‌.  പൊട്ടിച്ചിരിയുടെ  മാലപ്പടക്കത്തിന്‌  തിരികൊളുത്താൻ ഇനി   സുധിയുണ്ടാവില്ല.   
 കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ  നായകനായ വിഷ്‌ണു ഉണ്ണിക്കൃഷ്‌ണൻ കള്ളനായുള്ള  ഷോട്ട്‌ കഴിഞ്ഞ്‌ തിരിച്ചുവരുമ്പോൾ സുധി വിളിച്ചു പറയുന്നുണ്ട്‌:   ‘കറക്ട്‌ കള്ളൻ’. ഇതിനുശേഷം ഇരുവരും തമ്മിലുള്ള  മുഖഭാവങ്ങളിൽ കരച്ചിലും  ചിരിയും ഒന്നിച്ച്‌ മുഖത്ത്‌ കാണിക്കുന്ന സുധി   കാണികളെ ഏറെ ചിരിപ്പിക്കും. തുടർന്നാണ്‌ ‘ഞാൻ പോണേണ്...’ എന്ന മാസ്‌ ഡയലോഗ്‌.   സിനിമകളിൽ തിളങ്ങാൻ തുടങ്ങുമ്പോഴാണ്‌ അന്ത്യം. കോമഡി ഷോകളിലും ചാനലുകളിലും  രാജേഷ്‌ പറവൂരും കൊല്ലം സുധിയും ചേർന്നുള്ള കൗണ്ടറുകൾ ജനങ്ങളെ ഏറെ ചിരിപ്പിച്ചതാണ്‌. 
ജീവിതത്തിലെ നിർണായക സന്ദർഭത്തിൽ സുധി നവമാധ്യമങ്ങളിൽ കുറിച്ച വാക്കുകളും ഇന്നും വേദനയാവുകയാണ്‌. കോവിഡ്‌ കാലത്ത്‌ പരിപാടികൾ മുടങ്ങിയപ്പോൾ സുധിയുടെ ഭാര്യ ചിലരിൽനിന്ന്‌ കടം വാങ്ങിയെന്ന പ്രചാരണമുണ്ടായിരുന്നു.  ‘നിങ്ങൾക്ക്‌ എന്നെ അറിയാം എന്ന്‌ വിശ്വസിക്കുന്നു.  എന്റെ പേര്‌ കൊല്ലം സുധി മിമിക്രി ആർട്ടിസ്‌റ്റാണ്‌’ എന്ന്‌ സ്വയം പരിചയപ്പെടുത്തിയാണ്‌ സുധി വീഡിയോയിലൂടെ എത്തിയത്‌.  ‘‘കടമായിട്ടും അല്ലാതെയും പലരും എന്നെ സഹായിക്കുന്നുണ്ട്‌. പരിപാടികൾ തുടങ്ങിയാൽ മാത്രമേ ഇത്‌ തിരിച്ചു നൽകാനാവൂ.  എന്തിനാണ്‌ എന്നെ ഉപദ്രവിക്കുന്നത്? ഞാൻ എല്ലാവരേയും സന്തോഷിപ്പിക്കുന്ന കലാകാരനല്ലേ’’–- ഇതായിരുന്നു സുധിയുടെ വാക്കുകൾ. 
ജീവിതദുരിതങ്ങൾ ഒന്നൊന്നായി  അനുഭവിക്കുമ്പോഴും സുധി വേദികളിൽ ജനങ്ങളെ ചിരിപ്പിച്ചുകൊണ്ടേയിരുന്നു.   
‘ഈ സെൽഫിയെടുത്തത്‌ ഇതിനായിരുന്നോ...’   
കൊല്ലം സുധി അവസാനം പങ്കെടുത്ത ചാനൽ ഷോയിൽ ടിനി ടോമുമുണ്ടായിരുന്നു. പിരിയുന്നതിനു മുമ്പ്‌ സുധി ഒരു ആഗ്രഹം പറഞ്ഞു.  ഒന്നിച്ച്‌ ഫോട്ടോയെടുക്കണം.  സുധിയും ടിനി ടോമും  ബിനു അടിമാലിയും കലാഭവൻ പ്രജോദും ഒന്നിച്ച്‌ ഫോട്ടോയും എടുത്തു. സുധിയുടെ  അകാലവേർപാടറിഞ്ഞ്‌  ടിനി ടോം ഇത്‌ മുഖപേജിൽ  പങ്കുവച്ചിട്ടുണ്ട്‌.  ‘വിശ്വസിക്കാൻ ആകുന്നില്ല.  ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ.  രണ്ട് വണ്ടികളിലാണ്‌ ഞങ്ങള് തിരിച്ചത്. പിരിയുന്നതിനു മുമ്പ്‌ സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഫോട്ടോ എടുക്കണം. എടുത്ത  ഫോട്ടോ  അയച്ചും തന്നു... ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ...മോനേ ഇനി നീ ഇല്ല... ആദരാഞ്ജലികൾ മുത്തേ...’ ഇതായിരുന്നു ടിനിയുടെ കുറിപ്പ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top