26 April Friday

ട്രെയിൻ യാത്രയിൽ സുരക്ഷ എവിടെ

സ്വന്തം ലേഖകൻUpdated: Tuesday Jun 6, 2023
കൊല്ലം
ലോക്കോ പൈലറ്റുകളുടെ കുറവ്‌, കരാറാക്കിയ സിഗ്നൽ റിപ്പയറിങ്‌, സിസിടിവി കാമറകളുടെ അഭാവം, ആർപിഎഫ്‌, റെയിൽവേ പൊലീസ്‌ സേനാംഗങ്ങളുടെ കുറവ്‌ തുടങ്ങിയവ ജില്ലയിലെ റെയിൽപ്പാതകളിലും സുരക്ഷയ്‌ക്ക്‌ വെല്ലുവിളിയാകുന്നു. ജില്ലാ അതിർത്തിയായ ആര്യങ്കാവിൽപോലും ട്രെയിനുകൾ കടന്നുപോകുന്നത്‌ മതിയായ സുരക്ഷയില്ലാതെ. വിനോദസഞ്ചാരികൾ ഉൾപ്പെടെ ശ്രദ്ധിക്കുന്ന കൊല്ലം– -ചെങ്കോട്ട പാതയിലെ കണ്ണറപാലം, അഞ്ച്‌ ടണലുകൾ എന്നിവിടങ്ങളിൽ അധികൃതരുടെ ശ്രദ്ധ പതിയുന്നതേയില്ല. അടുത്തിടെ ഇവിടെയാണ്‌ വനിതയായ തമിഴ്‌നാട്‌ പാമ്പൻകോവിൽ സ്റ്റേഷൻ മാസ്റ്ററെ സാമൂഹ്യവിരുദ്ധൻ ട്രെയിനുനുള്ളിൽ ആക്രമിച്ച്‌ ബാഗ്‌ തട്ടിയെടുത്തത്‌. 30 മീറ്റർ വേഗംമാത്രം ഉള്ളതിനാൽ അക്രമി ട്രെയിനിൽനിന്ന്‌ ചാടിരക്ഷപ്പെടുകയും ചെയ്‌തു. പുനലൂരിലെ ആർപിഎഫ്‌ സ്റ്റേഷൻ ചെങ്കോട്ട സ്റ്റേഷന്റെ ഔട്ട്‌പോസ്റ്റാണ്‌. ഇവിടത്തെ റെയിൽവേ പൊലീസിലും അംഗസംഖ്യ കുറവ്‌. ഇതുമൂലം ട്രെയിനിൽ ഡ്യൂട്ടിക്കു പോകാൻ സേനാംഗങ്ങൾ ഇല്ലാത്ത അവസ്ഥയും. ചെന്നൈ തീവണ്ടിക്ക് നേരത്തെ ആർപിഎഫ് എസ്‌കോർട്ട് ഉണ്ടായിരുന്നു. എന്നാൽ, സേനാംഗങ്ങളുടെ എണ്ണം കുറവായതോടെ അതും നിർത്തിവച്ചു. കൊല്ലം– -ചെങ്കോട്ട പാതയിൽ സിസിടിവി ഉള്ളത്‌ കൊട്ടാരക്കരയിൽ മാത്രം. അതും രണ്ടെണ്ണം. പ്രധാന സ്റ്റേഷനായ പുനലൂരിൽ സിസിടിവി കാമറയില്ല. തെന്മല, പുനലൂർ, കൊട്ടാരക്കര, ആവണീശ്വരം എന്നിവിടങ്ങളിൽ പൊളിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്‌സും സാമൂഹ്യവിരുദ്ധരുടെ താവളമാണ്‌. രാത്രിയായാൽ മിക്ക സ്റ്റേഷനുകളും ഇരുട്ടിലാണ്‌. 
സിഗ്നൽ റിപ്പയറിങ്ങിന്‌ കരാർ ജോലിക്കാർ
അതീവ സുരക്ഷാമേഖലയായ സിഗ്നലിൽ പോലും റിപ്പയറിങ്‌ നടത്തുന്നത്‌ കൊല്ലത്ത്‌ ഉൾപ്പെടെ കരാർ ജോലിക്കാർ. കൂടാതെ കോച്ച്‌, ട്രാക്ക്‌ മേഖലകളിലും കരാർ ജോലിയാണ്‌. റിപ്പയറിങ്‌ ജോലിക്ക്‌ സമയം കൊടുക്കാത്തതും പ്രശ്‌നങ്ങൾ സൃഷ്ടിക്കും. വണ്ടികൾ വേഗംകുറച്ചും താൽക്കാലികമായി റദ്ദാക്കിയും റിപ്പയറിങ്‌ ജോലി നടത്തേണ്ടതാണ്‌. സമയബന്ധിതമായി റിപ്പയറിങ്ങും ടെസ്റ്റും നടക്കാത്തത്‌ പരാതിയായിട്ടും നടപടിയില്ല. പഴക്കംചെന്ന സ്ലീപ്പറുകളും പാളവും മാറ്റാനും നടപടി വൈകുന്നു. 
സിസിടിവി കാമറ 
നിശ്ചലം
അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്തുമെന്നു പറയുന്ന കൊല്ലം സ്റ്റേഷനിൽ സുരക്ഷയ്‌ക്കായി സ്ഥാപിച്ച സിസിടിവി കാമറ നിശ്ചലം. സ്റ്റേഷനിലും പ്ലാറ്റ്‌ഫോമിലും പരിസരത്തുമായി സ്ഥാപിച്ചിട്ടുള്ളത്‌ 18 സിസിടിവി ആണ്‌. അതും വർഷങ്ങൾക്കു മുമ്പ്‌ സ്ഥാപിച്ചത്‌. അതിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. കുറ്റകൃത്യം ചെയ്യുന്നവരുടെ ചിത്രം ലഭിക്കില്ല. അടച്ചുറപ്പില്ലാത്ത സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്റ്റേഷനെന്ന ബഹുമതിയും കൊല്ലത്തിന്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top