27 April Saturday

കശുവണ്ടി വ്യവസായ പുനരുദ്ധാരണ പദ്ധതികൾ 
ഉടൻ നടപ്പാക്കണം: കാഷ്യൂ സെന്റർ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
കൊല്ലം
തൊഴിലാളികൾക്ക് മിനിമം കൂലിയും മറ്റ്‌ ആനുകൂല്യങ്ങളും ഉറപ്പാക്കി സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറന്ന്‌ പ്രവർത്തിപ്പിക്കാൻ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച കശുവണ്ടി വ്യവസായ പുനരുദ്ധാരണ പദ്ധതികൾ അടിയന്തിരമായി നടപ്പാക്കണമെന്ന്‌ കേരള കാഷ്യൂ വർക്കേഴ്സ് സെന്റർ (സിഐടിയു) ഭാരവാഹിയോഗം ആവശ്യപ്പെട്ടു. വ്യവസായ സംരക്ഷണത്തിന് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെ കാഷ്യൂ സെന്റർ യോഗം സ്വാഗതംചെയ്തു. കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ബജറ്റിൽ ഒരു ആനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ല.
ബാങ്കുകൾ കശുവണ്ടി വ്യവസായത്തോട് കാട്ടുന്ന നിഷേധാത്മക നയം തിരുത്താൻ സർക്കാർ ഇടപെടണം. ജപ്തി നടപടികൾ സ്വീകരിച്ചും അർഹതയുള്ള വ്യവസായികൾക്ക് വായ്പകൾ നിഷേധിച്ചും കശുവണ്ടി വ്യവസായത്തെ പൂർണമായും തകർക്കുന്ന നിലപാടാണ് ബാങ്കുകൾ സ്വീകരിക്കുന്നത്. ഈ നയത്തിനെതിരെ എല്ലാ വിഭാഗങ്ങളെയും അണിനിരത്തി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാൻ സെന്റർ തീരുമാനിച്ചു. 
കേരള കാഷ്യു ബോർഡ് പിരിച്ചുവിടണം എന്ന എഐടിയുസി ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന നിരുത്തരവാദപരമാണ്. കാഷ്യു ബോർഡ് വഴി കാഷ്യൂ കോർപറേഷനും കാപ്പക്സിനും നഷ്ടംവരുത്തുന്നു എന്നതടക്കം ബോർഡിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച്‌ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തികച്ചും വസ്തുതാവിരുദ്ധമാണ്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഇത്തരം പ്രസ്താവനകൾ വ്യവസായ സംരക്ഷണത്തിന് സഹായകരമല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. കാഷ്യൂ സെന്റർ പ്രസിഡന്റ്‌ കെ രാജഗോപാൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി തുളസീധരക്കുറുപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top