24 April Wednesday
എം എ അഷ്റഫ്‌ വധം

18 വർഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

ഷെമീർഖാൻ

അഞ്ചൽ 
സിപിഐ എം നേതാവ് എം എ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിനുശേഷം പിടിയിൽ. വെഞ്ചേമ്പ് ചേന്നമംഗലത്ത് വീട്ടിൽ ഷെമീർഖാനെയാണ്‌ അഞ്ചൽ പൊലീസ്‌ അറസ്റ്റ്ചെയ്തത്‌. 2002 ജൂലൈ 18ന്‌ രാത്രിയാണ് സിപിഐ എം ഏരിയ കമ്മിറ്റിഅംഗവും അറയ്ക്കൽ സർവീസ് സഹകരണബാങ്ക് പ്രസിഡന്റും ഇടമുളയ്ക്കൽ പഞ്ചായത്ത്‌ അംഗവുമായിരുന്ന എം എ അഷ്റഫിനെ എൻഡിഎഫുകാർ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ പിടിയിലായ ഷെമീർഖാൻ 2004ൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ദിവസം അഷ്റഫിന്റെ ഓർമയ്ക്കായി തടിക്കാട്ടിൽ നിർമിച്ച സ്മാരക മന്ദിരം തീവച്ച്‌ നശിപ്പിച്ച കേസിലും പ്രതിയാണ്. ഈ കേസിൽ റിമാന്‍ഡിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയുമായിരുന്നു. 2010ൽ പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 
വെഞ്ഞാറമൂട് പുല്ലാംപാറയിൽ കലിംഗിൻ മുഖത്ത് പച്ചക്കറിക്കടയിൽ ജോലിചെയ്യുകയായിരുന്നു ഷെമീർഖാൻ. ഒരു മാസമായി പുനലൂർ ഡിവൈഎസ്‌പി വിനോദിന്റെ മേൽനോട്ടത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് അഞ്ചൽ എസ്എച്ച്ഒ ഗോപകുമാർ, എസ്ഐ പ്രജീഷ്, സീനിയൻ സിവിൽ പൊലീസ് ഓഫീസർ വിനോദ്കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, ഷംനാദ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്. ഒളിവിൽ താമസിക്കുന്നതിനിടെ വിവാഹംകഴിച്ച ഷെമീർഖാന്‌ ഭാര്യയും മക്കളുമുണ്ട്. സഹോദരിയുടെ പത്തനംതിട്ടയിലെ വീട്ടുപേരിലും മറ്റും വ്യാജരേഖയുണ്ടാക്കിയാണ് പലയിടത്തും താമസിച്ചുവന്നത്. കേസിൽ ഒന്നാം പ്രതി ഉൾപ്പെടെയുള്ളവർക്ക്‌ ജീവപര്യന്തം ശിക്ഷവിധിച്ചിരുന്നു. പ്രതികളായ കഹാർ, സൈനുദീൻ എന്നിവരെയും കേസിൽ പിടികൂടാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top