കരുനാഗപ്പള്ളി
കനത്തമഴയിൽ വീടിന്റെ അടുക്കളഭാഗം തകർന്നുവീണു. കുലശേഖരപുരം കപ്പലണ്ടിമുക്കിനു സമീപം മക്കാട്ടു കിഴക്കതിൽ സുരേഷിന്റെ വീടിന്റെ അടുക്കള ഭാഗമാണ് ഞായറാഴ്ച പെയ്ത മഴയിൽ തകർന്നുവീണത്. ഭാര്യ രജനി ആഹാരം പാകംചെയ്തുകൊണ്ടിരിക്കെയാണ് അപകടം. മക്കൾ അഭിഷേകും അഭേദും സമീപത്തുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. സുരേഷും ഭാര്യയും മക്കളും കൂടാതെ കാഴ്ചശക്തിയില്ലാത്ത അച്ഛൻ സുകുമാരനും അമ്മ ലക്ഷമിക്കുട്ടിയും ഉൾപ്പെടെ ആറുപേരാണ് ഇവിടെ താമസിക്കുന്നത്. അവശേഷിക്കുന്ന രണ്ടുമുറിയുടെ ചുവരും തകർന്നുവീഴാറായ നിലയിലാണ്. പ്രൈമറി സ്കൂൾ വിദ്യാർഥികളായ രണ്ടു കുട്ടികളുമായി ഈ വീട്ടിൽ എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് ഭിന്നശേഷിക്കാരനായ സുരേഷും ഭാര്യ രജനിയും. പട്ടിക വിഭാഗത്തിൽപ്പെട്ട ഇവർക്ക് വീട് അനുവദിച്ചെങ്കിലും ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ വീട് വയ്ക്കാൻ കഴിയുന്നില്ലെന്നും ഇവർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..