18 December Thursday

പരപ്പാർ അണക്കെട്ട്‌ തുറന്നു

സ്വന്തം ലേഖികUpdated: Wednesday Oct 4, 2023
കൊല്ലം
നാലുദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന്‌ കല്ലടയാറ്റിൽ ജലനിരപ്പ്‌ ഉയർന്നു. ഇരുകരകളിലും താമസിക്കുന്നവർക്ക്‌ ജാഗ്രതാനിർദേശം. സംഭരണശേഷിയോട് അടുപ്പിച്ചു ജലനിരപ്പ് എത്തിയതോടെ ചൊവ്വ പകൽ 12ന്‌ തെന്മല പരപ്പാർ ഡാമിന്റെ മൂന്നു ഷട്ടറും തുറന്നു. ചൊവ്വ ഉച്ചയ്‌ക്ക്‌ 112.32 മീറ്ററാണ്‌ ജലനിരപ്പ്. സംഭരണശേഷിയുടെ 84.40ശതമാനമാണിത്. വൈകിട്ടോടെ 112.40 മീറ്ററായി ഉയർന്നു. 
2018ലെ പ്രളയശേഷം 10 ദിവസം കൂടുമ്പോൾ ഡാമിൽ നിലനിർത്തേണ്ട വെള്ളത്തിന്റെ അളവ്‌ (റൂൾകർവ്) അനുസരിച്ച് ചൊവ്വാഴ്‌ച വേണ്ട ജലനിരപ്പ് 110.44 മീറ്ററാണ്‌. ഇത്‌ കടന്നതോടെ  ഷട്ടറുകൾ പകൽ 12ന്‌ അഞ്ചുസെന്റീമീറ്റർ ഉയർത്തി. രണ്ടിന്‌ വീണ്ടും അഞ്ചു സെന്റീമീറ്റർ തുറന്നു. 115.82 മീറ്റർ ആണ് സംഭരണശേഷി. പരമാവധി ജലനിരപ്പ് 116.73 മീറ്റർ. ചൊവ്വ പകൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വനമേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ഇനിയും ജലനിരപ്പ് ഉയരാം. പ്രധാന പോഷകനദികളായ കല്ലട, കഴുതുരുട്ടി, ശെന്തുരുണി നദികളിൽ കനത്ത മഴയിൽ ശക്തമായ നീരൊഴുക്കും ജലനിരപ്പും ഉയർന്നു. 
വൃഷ്ടിപ്രദേശമായ ശംഖിലി വനത്തിലും കഴുതുരുട്ടിയിലും കഴിഞ്ഞ 24 മണിക്കൂറിള്ളിൽ അഞ്ചു  മില്ലിമീറ്റർ മഴ ലഭിച്ചു. സെക്കൻഡിൽ ശരാശരി  43.85 മീറ്റർ ക്യൂബ്‌ വെള്ളമാണ്‌ ഒഴുകിയെത്തുന്നത്‌. പുറത്തേക്ക്‌ ഒഴുക്കുന്നത്‌ 39.45 മീറ്റർ ക്യൂബും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top