26 April Friday

കോടിയേരിക്ക്‌ കൊല്ലത്തിന്റെ അന്ത്യാഭിവാദ്യം

സ്വന്തം ലേഖകൻUpdated: Tuesday Oct 4, 2022

സിപിഐ എം കൊല്ലം ഏരിയ കമ്മിറ്റി ചിന്നക്കട ബസ്ബേയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ജില്ലാ സെക്രട്ടറി എസ് സുദേവൻ സംസാരിക്കുന്നു

കൊല്ലം
അകാലത്തിൽ വേർപിരിഞ്ഞ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷണന്‌ ജില്ലയുടെ അന്ത്യാഭിവാദ്യം. പാർടി ഏരിയ,  ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്‌മരണ യോഗങ്ങൾ ചേർന്നു. പലയിടത്തും  റാലിയും നടത്തി. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ കോടിയേരിയെ അനുസ്‌മരിക്കാനെത്തി. വിവിധ രാഷ്ട്രീയ പാർടി നേതാക്കളും പ്രവർത്തകരും സാമൂഹ്യ–- സാംസ്‌കാരിക മേഖലകളിൽപ്പെട്ടവരും അനുസ്‌മരണ യോഗങ്ങളിൽ പങ്കെടുത്തു. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ കോടിയേരിയുടെ മാർഗനിർദേശങ്ങളും ടൂറിസം വികസനത്തിനും പൊലീസ്‌ സേനയെ നവീകരിക്കാനും തീരദേശ പൊലീസ്‌ സേവനം ഉറപ്പാക്കാനും സ്വീകരിച്ച നടപടികളും കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കൾ അനുസ്‌മരിച്ചു. 
സിപിഐ എം കൊല്ലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ റാലിയും യോഗവും ചിന്നക്കട ബസ്‌ബേയിൽ നടന്നു. റാലി റസ്റ്റ്ഹൗസിനു മുന്നിൽനിന്ന്‌ ആരംഭിച്ച്‌ താലൂക്ക് കച്ചേരി, ജില്ലാ ആശുപത്രി, ചാമക്കട മാർക്കറ്റ് വഴി നഗരം ചുറ്റി ചിന്നക്കട ബസ് ബേയിൽ സമാപിച്ചു. അനുസ്മരണ യോഗത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി എ എം ഇക്ബാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് സുദേവൻ, ഡിസിസി പ്രസിഡന്റ്‌ പി രാജേന്ദ്രപ്രസാദ്, ആർഎസ്‌പി ജില്ലാസെക്രട്ടറി കെ എസ്‌ വേണുഗോപാൽ, സിഐടിയു സംസ്ഥാന സെക്രട്ടറി എൻ പത്മലോചനൻ, മുസ്ലിംലീഗ് ദേശീയ കൗൺസിൽ അംഗം മണക്കാട് നുജുമുദീൻ, മേയർ പ്രസന്ന ഏണസ്റ്റ്, ജനതാദൾ സെക്കുലർ സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻലാൽ,  കേരള കോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി ഇക്ബാൽകുട്ടി, ലോക്‌ താന്ത്രിക്  ജനതാദൾ ജില്ലാ സെക്രട്ടറി തൊടിയിൽ ലുക്ക്‌മാൻ, ജനാധിപത്യ കേരള കോൺഗ്രസ്  ജില്ലാ പ്രസിഡന്റ് എച്ച് രാജു, വിജയൻ (സിപിഐ), എൻ എസ് വിജയൻ (കേരള കോൺഗ്രസ്‌ സക്കറിയ), തടത്തിവിള രാധാകൃഷ്ണൻ (കേരള കോൺഗ്രസ് ബി), ജില്ലാപഞ്ചായത്ത്‌ അംഗം ബി ജയന്തി, സിപിഐ എം ജില്ലാ മ്മിറ്റി അംഗം എം വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. കൊല്ലം നഗരത്തിൽ അനുസ്‌മരണ റാലി 
 
 
കോടിയേരിയെ അപമാനിച്ച രജിസ്ട്രേഷൻ ജീവനക്കാരന് സസ്പെൻഷൻ
ശൂരനാട്  
കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരനെതിരെ വകുപ്പുതല നടപടി. ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ്ക്ലാർക്ക് പോരുവഴി നടുവിലേമുറി പൊന്നമ്പിൽ സന്തോഷ്‌ രവീന്ദ്രൻപിള്ളയെയാണ് രജിസ്ട്രേഷൻ ഐജി സസ്പെൻഡ് ചെയ്തത്. ഇയാളുടെ പോസ്റ്റിനെതിരെ സിപിഐ എം പോരുവഴി പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി എൻ പ്രതാപൻ നൽകിയ പരാതിയിൽ ശൂരനാട് പൊലീസ് കേസെടുത്തിരുന്നു. 
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സഹകരണമന്ത്രി വി എൻ വാസവൻ അന്വേഷിച്ച് നടപടിയെടുക്കാൻ ഐജിക്ക് നിർദേശം നൽകി. ജില്ലാ രജിസ്ട്രാർ നൽകിയ അടിയന്തര റിപ്പോർട്ട് പരിഗണിച്ചാണ് സന്തോഷിനെ സസ്പെൻഡ് ചെയ്തത്. നേരത്തെ, സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം കെ കെ ശൈലജ, കോൺ​ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയ പ്രമുഖരെ അപമാനിച്ചും ഇയാൾ പോസ്റ്റിട്ടിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ശൂരനാട് പൊലീസ് അറിയിച്ചു
 
 
"കശുവണ്ടിക്കായി ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തിക്കൂടെ ’
സ്വന്തം ലേഖകൻ
കൊല്ലം
‘ലോക മാർക്കറ്റിനെ മാത്രം ആശ്രയിക്കാതെ എന്തുകൊണ്ട്‌ ആഭ്യന്തരവിപണിയെ കൂടുതൽ ശക്തിപ്പെടുത്തിക്കൂടാ. 
സപ്ലൈകോയ്‌ക്കും കൺസ്യൂമർഫെഡിനും കശുവണ്ടിപ്പരിപ്പ്‌ വാങ്ങി സഹായിച്ചുകൂടെ’–- കോടിയേരി ബാലകൃഷ്‌ണന്റെ ഈ ചോദ്യമാണ് ഓണക്കിറ്റിൽ കശുവണ്ടിപ്പരിപ്പ്‌ ഒരിനമായതിനും കൺസ്യൂമർഫെഡ്‌ പരിപ്പ്‌ വാങ്ങുന്നതിനും തുടക്കമിട്ടത്‌–- കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ അനുസ്മരിച്ചു. 
കോർപറേഷൻ ചെയർമാനായി വീണ്ടും  തെരഞ്ഞെടുത്തതിനുശേഷം കാണാനെത്തിയപ്പോഴാണ്‌ കോടിയേരി ഈ നിർദേശം മുന്നോട്ടുവച്ചത്. പിന്നീട്‌ വ്യവസായ മന്ത്രി പി രാജീവുമായി സംസാരിച്ച്‌ കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറക്കാനും ആഭ്യന്തരപിപണി ശക്തിപ്പെടുത്താനും തീരുമാനമെടുത്തു. ഭക്ഷ്യമന്ത്രി ജി എസ്‌ അനിൽ, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരുമായി വ്യവസായമന്ത്രി നടത്തിയ ചർച്ച സപ്ലൈകോയും കൺസ്യൂമർഫെഡും കശുവണ്ടിപ്പരിപ്പ്‌ വാങ്ങുന്നതിനു വഴിയൊരുക്കി.  സംസ്ഥാനത്ത്‌ 1000 വിപണനകേന്ദ്രം തുറക്കാൻ കാഷ്യൂ കോർപറേഷനും കാപ്പക്‌സും തീരുമാനിച്ചു. തലശേരിയിലെ ഔട്ട്‌ലെറ്റ് ഉദ്‌ഘാടനംചെയ്‌തതും കോടിയേരിയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top