28 March Thursday

കല്ലുവാതുക്കൽ പഞ്ചായത്തിലേക്ക്‌ യുവജന മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022
ചാത്തന്നൂർ 
ജില്ലയിൽ ബിജെപി ഭരണത്തിലുള്ള ഏക പഞ്ചായത്തായ കല്ലുവാതുക്കലിൽ അഴിമതിഭരണത്തിനും ദീർഘനാളായി തുടരുന്ന ഭരണ സ്തംഭനത്തിനെതിരെയും, സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജിയും ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിവൈഎഫ് നേതൃത്വത്തിൽ യുവജന മാർച്ചും ധർണയും സംഘടിപ്പിച്ചു. കല്ലുവാതുക്കലിൽ ബിജെപി അംഗങ്ങൾ തന്നെ രണ്ടു തട്ടിലായി തമ്മിലടിക്കുന്ന സ്ഥിതിയാണ്. ഭരണ സമിതി യോഗത്തിൽനിന്ന് മിനിറ്റ്സ് ബുക്ക് തട്ടിയെടുത്ത് ഭരണസമിതി അംഗം ഇറങ്ങിയോടുന്ന സ്ഥിതിയുണ്ടായി. ബിജെപി അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ ആരംഭിച്ചതോടെ പഞ്ചായത്ത് യോഗം ചേരാൻ കഴിയുന്നില്ല. കോവിഡിന്റെ മറവിൽ 70 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായും ആരോപണമുണ്ട്. കല്ലുവാതുക്കൽ പാരിപ്പള്ളി മാർക്കറ്റുകൾ മാലിന്യക്കൂമ്പാരമായി ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ്. ധനപത്രിക പാസ്സാക്കാനോ പുതിയ പദ്ധതി തയ്യാറാക്കാനോ കഴിയാത്ത സ്ഥിതിയുണ്ടായി. മറ്റു പഞ്ചായത്തുകളിൽ വർക്കിങ് ഗ്രൂപ്പ് കഴിഞ്ഞ് ഗ്രാമസഭ തുടങ്ങുന്ന ഘട്ടത്തിൽ പോലും ഭരണകക്ഷി അംഗങ്ങളുടെ തമ്മിലടി കാരണം കല്ലുവാതുക്കലിൽ ഇതിനും കാലതാമസമുണ്ടായി. പുതിയ പദ്ധതികൾ ആവിഷ്കരിക്കാനോ നടപ്പാക്കാനോ ശ്രമം ഉണ്ടാകുന്നില്ല. 
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.   ദിവസങ്ങൾക്കു മുമ്പാണ് ബിജെപി ജില്ലാ കമ്മിറ്റി അംഗവും കല്ലുവാതുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ് സത്യപാലൻ ബിജെപി പരവൂർ മണ്ഡലം കമ്മിറ്റി ഔദ്യോഗിക വാട്സാപ്‌ ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റുചെയ്തത്. സത്യപാലനെതിരെ നടപടി എടുക്കാത്തതിലും ബിജെപിക്കുള്ളിൽ തന്നെ വ്യാപക പ്രതിഷേധമുണ്ട്. 
ഏറെ നാളായി തുടരുന്ന ഭരണപ്രതിസന്ധിയിൽ പ്രതിഷേധിച്ചും , സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജിയും ആവശ്യപ്പെട്ട് കല്ലുവാതുക്കൽ പഞ്ചായത്തിലേക്ക് എൽഡിവൈഎഫ് കല്ലുവാതുക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന മാർച്ചും, ധർണയും സംഘടിപ്പിച്ചു. കല്ലുവാതുക്കൽ ജങ്‌ഷനിൽനിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. ധർണ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ എസ് ഷബീർ ഉദ്ഘാടനംചെയ്തു. എം എസ്  ആദർശ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം ഹരികൃഷ്ണൻ, ഏരിയ പ്രസിഡന്റ് എസ് സൂരജ്,എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം നോബൽ ബാബു, എസ് ശരത്കുമാർ, ബിജിൻ, എസ് ബിനു, വി വിനീത്, ആർ രാകേഷ്,വിനീത് യു ആർ, ജീമേഷ് , ഷൈൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top