25 April Thursday

ക്ഷേമ പെൻഷൻ വിതരണം നാളെമുതൽ; കൈകളിലെത്തുക 171 കോടി

സ്വന്തം ലേഖകൻUpdated: Wednesday Aug 4, 2021
കൊല്ലം> പ്രതിസന്ധികാലത്ത്‌ ഓണത്തപ്പനെ വരവേൽക്കാൻ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനായി ജില്ലയിൽ വിതരണം ചെയ്യുന്നത്‌ 171.4 കോടി രൂപ. 1600 രൂപ വീതം ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിലെ പെൻഷനാണ്‌ ലഭിക്കുക. വ്യാഴാഴ്‌ചമുതൽ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിൽ എത്തും.  
 
കാഷ്യൂ കോർപറേഷൻ, കാപ്പക്‌സ്‌ കശുവണ്ടി ഫാക്ടറികൾ, തുറന്നുപ്രവർത്തിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് ഓണം ബോണസും വിതരണംചെയ്യും. അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ കശുവണ്ടിത്തൊഴിലാളികൾക്കും ആശ്വാസ ധനസഹായം ലഭിക്കും. തയ്യൽ, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ വിവിധ ക്ഷേമനിധി അംഗങ്ങൾക്കും ഓണത്തിനു മുമ്പ്‌ പെൻഷൻ എത്തും. ഓണക്കിറ്റുകളുടെ വിതരണം  പുരോഗമിക്കുകയാണ്‌. 
 
കർഷകത്തൊഴിലാളികൾ, വയോധികൾ, വികലാംഗർ, അവിവാഹിതർ, വിധവകൾ എന്നിങ്ങനെ ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലൂടെ പെൻഷന്‌ അർഹരായവർ 4,34,724 പേരാണ്‌. ഇവർക്ക്‌ രണ്ടുമാസത്തെ പെൻഷൻ 3200 രൂപ വീതം ആകെ139,11,16800 രൂപ വിതരണംചെയ്യും. കർഷകത്തൊഴിലാളികൾ 22685 പേരും വാർധക്യ പെൻഷൻ വാങ്ങുന്നവർ 235425, വികലാംഗർ 39014, അവിവാഹിതർ 3015, വിധവകൾ 134585 പേരുമാണ്‌. ലോട്ടറി ക്ഷേമനിധി അംഗങ്ങളിൽ 393 പേർക്ക്‌ പെൻഷൻ ലഭിക്കും.
 
ലോട്ടറിയിൽ ആഗസ്‌തിലെ പെൻഷൻ ആയി ആകെ 6,28,800 രൂപ വിതരണം ചെയ്യും. ജൂലൈയിലെ പെൻഷൻ നൽകിയിട്ടുണ്ട്‌. 
 
ജില്ലയിൽ നിർമാണരംഗത്ത്‌ അംഗ പെൻഷൻ, കുടുംബപെൻഷൻ, അവശതാ പെൻഷൻ, സാന്ത്വന ധനസഹായ പെൻഷൻ എന്നിങ്ങനെ ക്ഷേമനിധി പെൻഷൻ കൈപ്പറ്റുന്നവരുടെ എണ്ണം 22,542 ആണ്‌. ഇവർക്കും രണ്ടുമാസത്തെ പെൻഷൻ ലഭിക്കും. ഈ രംഗത്ത്‌ 72,134,400 രൂപ വിതരണം ചെയ്യും. കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി പെൻഷൻ ലഭിക്കുന്നത്‌ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 62903 പേർക്ക്‌ ആണ്‌. രണ്ടുമാസത്തെ പെൻഷൻ ആയി 201,289,600 രൂപ വിതരണം ചെയ്യും.
 
അടച്ചിട്ടിരിക്കുന്ന കശുവണ്ടി ഫാക്ടറികളിലെ 22000 തൊഴിലാളികൾക്കായി കഴിഞ്ഞവർഷം അനുവദിച്ച തുക 2250 രൂപ വീതം 49,500,000 രൂപയാണ്‌. കോവിഡ്‌  ധനസഹായമായി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ 71113 കശുവണ്ടിത്തൊഴിലാളികൾക്ക്‌ 1000 രൂപ വീതം വിതരണം ചെയ്യുന്നുണ്ട്‌. 
 
ഇതിനകം 17500 പേർ ധനസഹായം കൈപ്പറ്റി. ജോലിക്കിടെ മരത്തിൽനിന്നും വീണ്‌ പരിക്കേറ്റ്‌ ചികിത്സയിൽ കഴിയുന്ന 200 പേർക്കും പെൻഷൻ ആനുകൂല്യം ലഭിക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top