04 July Friday

ഒരൊഴിവ്; പ്രതീക്ഷയോടെ ആയിരത്തോളം പേർ

സ്വന്തം ലേഖകന്‍Updated: Wednesday Aug 4, 2021

തേവള്ളി മിൽമ ഡെയറിയിൽ ഒരു താൽക്കാലിക ഡ്രൈവർ നിയമനത്തിനുള്ള അഭിമുഖത്തിന്‌ എത്തിയവരുടെ നീണ്ട നിര

കൊല്ലം 
ഒരൊഴിവേ ഉള്ളുവെങ്കിലും അഭിമുഖത്തിന്‌ എത്തിയത്‌ ആയിരത്തോളം പേരും. തേവള്ളി മിൽമ ഡെയറിയിൽ താൽക്കാലിക ഡ്രൈവർ നിയമനം ആഗ്രഹിച്ചാണ്‌ ഇത്രയും  പേർ എത്തിയത്‌.  ചൊവ്വാഴ്ച രാവിലെ 10 മുതൽ 11 വരെയായിരുന്നു അഭിമുഖം തീരുമാനിച്ചത്. എന്നാൽ, രാവിലെ ഒമ്പതോടെ ഉദ്യോഗാർഥികളുടെ വരി നീണ്ട് തേവള്ളി പാലത്തിനു സമീപം എത്തി.  
ജൂലൈ 28നാണ് കരാർ വ്യവസ്ഥയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡർ ഗ്രേഡ്–- രണ്ട്  തസ്തികയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ടെന്ന് മിൽമ  പരസ്യം നൽകിയത്. 18 -–- 40 വയസ്സ് പ്രായപരിധി, പത്താം ക്ലാസ് യോഗ്യത, ഡ്രൈവേഴ്സ് ബാഡ്ജോടെയുള്ള  ലൈസൻസ്, ഹെവി ഡ്യൂട്ടി വാഹനമോടിച്ച്‌ മൂന്നുവർഷത്തെ പരിചയം എന്നിവയായിരുന്നു യോഗ്യത.  17,000 രൂപയായിരുന്നു മാസം വേതനം. പരസ്യം കണ്ട്‌ സമീപ ജില്ലകളിൽനിന്ന്‌ ഉൾപ്പെടെ യുവാക്കൾ എത്തി. പലരും കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടവരായിരുന്നു. ഒരു ഒഴിവിലേക്കാണ്‌ അഭിമുഖം നടത്തുന്നത് എന്നറിയാതെ ജോലി നഷ്ടപ്പെട്ട പ്രവാസികൾ, സ്വകാര്യ കമ്പനി ജീവനക്കാർ ഉൾപ്പെടെയുള്ളവർ  പ്രതീക്ഷയോടെ മണിക്കൂറുകളോളം കാത്തുനിന്നു. പരസ്യത്തിൽ കൃത്യമായി ഒഴിവ് രേഖപ്പെടുത്തിയിരുന്നില്ല. ഒരു ഒഴിവാണെന്നറിഞ്ഞപ്പോൾ ചിലർ തിരിച്ചുപോയി.  
ഉദ്യോഗാർഥികളുടെ എണ്ണം വർധിച്ചതോടെ പൊലീസ്‌ എത്തി നിയന്ത്രിച്ചു. മിൽമ അധികൃതരുമായി ചർച്ചചെയ്തു ടോക്കൺ ഏർപ്പെടുത്തി. ഉച്ചയോടെ  272 പേരെ അഭിമുഖം നടത്തി.  ഇതിൽനിന്ന്‌ ഷോർട്ട്‌ലിസ്റ്റ്‌ തയ്യാറാക്കി ഡ്രൈവിങ്‌ ടെസ്റ്റ് നടത്തി  ലിസ്റ്റ് പ്രസിദ്ധീകരിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top