25 September Monday

ദേശീയപാത 66 വികസനം: എൻഎച്ച്‌എഐ സംഘം പരിശോധന നടത്തി

സ്വന്തം ലേഖകൻUpdated: Sunday Jun 4, 2023
കൊല്ലം> ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ഉയർന്നുവന്ന ജനങ്ങളുടെ ആവശ്യങ്ങളിൽ എൻഎച്ച്‌എഐ സംഘം നേരിട്ടെത്തി പരിശോധന നടത്തി. ദേശീയപാത അതോറിറ്റി ഓഫ്‌ ഇന്ത്യ മെമ്പർ സെക്രട്ടറി രജനീഷ്‌ കപൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പാരിപ്പള്ളി മുക്കട, ചാത്തന്നൂർ, കൊട്ടിയം, മങ്ങാട്‌, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ വെള്ളിയാഴ്ച പരിശോധന നടത്തിയത്‌. എൻഎച്ച്‌എഐ തിരുവനന്തപുരം പ്രോജക്‌ട്‌ ഡയറക്ടർ, നിർമാണ കരാർക്കമ്പനി പ്രതിനിധികൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുക്കട, ചാത്തന്നൂർ, കൊട്ടിയം, മങ്ങാട്‌, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ അടിപ്പാതയ്‌ക്കും എലവേറ്റഡ്‌ പാതയ്‌ക്കുമുള്ള സാധ്യതയാണ്‌ എൻഎച്ച്‌എഐ പരിശോധിക്കുന്നത്‌. ഇതുസംബന്ധിച്ച റിപ്പോർട്ട്‌ സംഘം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‌ നൽകും. അന്തിമ തീരുമാനം എടുക്കേണ്ടതും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ്‌. എ എം ആരിഫ്‌ എംപിയുടെയും വ്യാപാരികളുടെയും നിരന്തര ആവശ്യം പരിഗണിച്ച്‌ കരുനാഗപ്പള്ളിയിൽ എലവേറ്റഡ്‌ പാത എൻഎച്ച്‌എഐ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇവിടെയും മെമ്പർ സെക്രട്ടറി സന്ദർശിച്ചു. 
 
ദേശീയപാത 66ൽ പാരിപ്പള്ളി കഴിഞ്ഞ്‌ മുക്കടയിൽനിന്ന് തടസ്സമില്ലാതെ വർക്കല ശിവഗിരി റോഡിലേക്കു തിരിയാൻ സെമി വെഹിക്കിൾ അണ്ടർപാസേജ്‌ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്‌. ഇതിനു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്‌ അംഗീകാരവും അധിക ഫണ്ടും ആവശ്യമാണ്‌. ഇല്ലെങ്കിൽ ആറുവരിപ്പാത യാഥാർഥ്യമാകുമ്പോൾ മുക്കട അടഞ്ഞുപോകും. ഇതുമൂലം വർക്കലയിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്‌ വരുന്ന വാഹനങ്ങൾ മുക്കടയിലെത്തി സർവീസ്‌ റോഡിലൂടെ മുന്നോട്ടുപോയി ദേശീയപാതയിൽ കയറേണ്ടിവരും. അതുപോലെ കൊല്ലത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ മുക്കടയിൽ എത്തി മുന്നോട്ടുപോയ ശേഷം വലത്തോട്ടുതിരിഞ്ഞ്‌ സർവീസ്‌ റോഡിൽ കയറി വർക്കലയ്‌ക്കു പോകണം. ഇരുവശവും പാർശ്വഭിത്തി നിർമിച്ച്‌ മണ്ണിട്ട്‌ നികത്തി അതിനുമേൽ വരുന്ന മേൽപ്പാലം കൊട്ടിയം ടൗണിനെ രണ്ടാക്കും. യാത്രക്കാരും വ്യാപാരികളും ഏറെ വലയും. ഇവിടെ എലിവേറ്റഡ്‌ പാത വേണമെന്ന്‌ ആവശ്യപ്പെട്ട്‌ നാടൊന്നാകെ രംഗത്തുണ്ട്‌. ചാത്തന്നൂരിലും സമാനസ്ഥിതിയാണ്‌ വരാൻപോകുന്നത്‌. മങ്ങാട്‌ പാൽക്കുളങ്ങര ക്ഷേത്രത്തിന്‌ സമീപത്തായി അടിപ്പാത വേണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. നിലവിലുള്ള അലൈൻമെന്റിൽ പറയുന്ന അടിപ്പാത നിർമാണം ഇവിടെ തുടങ്ങിയിട്ടില്ല. 
 
കെട്ടിയടച്ച മേൽപ്പാലം 
ചെലവ്‌ കുറയ്‌ക്കാൻ
 
എലവേറ്റഡ്‌ പാതയ്‌ക്ക്‌ പകരം കെട്ടിയടക്കപ്പെടുന്ന മേൽപ്പാലത്തിന്‌ കേന്ദ്ര ഉപരിതല ഗതാഗാത മന്ത്രാലയം മുൻഗണന നൽകുന്നത്‌ നിർമാണത്തിൽ ഉണ്ടാവുന്ന ചെലവ്‌ കുറയ്‌ക്കാൻ. എന്നാലിത്‌ നാടിന്റെ പ്രധാന വ്യാപാര യാത്രാകേന്ദ്രങ്ങളെ കൊട്ടിയടക്കപ്പെടുന്നു. പൈലിങ് നടത്തി കൂടുതൽ സ്‌പാനുകൾ സ്ഥാപിച്ചുവേണം എലവേറ്റഡ്‌ പാത നിർമിക്കാൻ. എന്നാൽ, ഇരുവശവും പാർശ്വഭിത്തി നിർമിച്ച്‌ മണ്ണിട്ട്‌ നികത്തുന്നതിന്‌ ഇത്രയും ചെലവുവരില്ല. കൂടാതെ  എലവേറ്റഡ്‌ പാത അപകടങ്ങൾക്ക്‌ കാരണമാകുമെന്നും എൻഎച്ച്‌എഐ ചൂണ്ടിക്കാട്ടുന്നു. പാലത്തിന്റെ അടിവശം തുറന്നിട്ടാൽ രാത്രിയിൽ ഉൾപ്പെടെ ഇരുവശങ്ങളിൽനിന്ന് യഥേഷ്‌ടം വാഹനങ്ങൾ ആറുവരിപ്പാതയിലേക്ക്‌ വന്നുചേരും. കെട്ടിയടച്ചാൽ വാഹനങ്ങൾക്ക്‌ തോന്നുംപോലെ വന്നുകയറാൻ പറ്റില്ല. എന്നാൽ, കർശനമായ നിയന്ത്രണങ്ങളും തടസ്സങ്ങളും തീർത്താൽ തുറന്നിടുന്ന അടിഭാഗത്തുകൂടി വാഹനങ്ങൾ ആറുവരിപ്പാതയിലോക്ക്‌ കയറുന്നത്‌ ഒഴിവാക്കാൻ പറ്റുമെന്നാണ്‌ എലവേറ്റഡ്‌ പാത ആവശ്യപ്പെടുന്നവർ ചൂണ്ടിക്കാട്ടുന്നത്‌. അടിഭാഗം തുറന്നിടുന്നത്‌ കാൽനട യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും സഹായമാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top