25 April Thursday
സുരേഷ്‌ വെട്ടുകാട്ട്‌

അവാർഡിന്റെ തിളക്കത്തിൽ സൗഹൃദനക്ഷത്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

സംഗീത നാടക അക്കാദമി അവാർഡ് നേടിയ റെജി, ശുഭ, ഉദയകുമാര്‍ അഞ്ചൽ എന്നിവർ

കരുനാഗപ്പള്ളി
സം​ഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സര അവാർഡ് 2022 പ്രഖ്യാപിച്ചപ്പോൾ കരുനാഗപ്പള്ളിയിലെ മൂന്നു പ്രതിഭകൾക്ക് അവാർഡിന്റെ തിളക്കം.  മികച്ച സംഗീത സംവിധായകനും പശ്ചാത്തല സംഗീത സംവിധായകനുമുള്ള രണ്ട് അവാർഡുകൾ ഉദയകുമാർ അഞ്ചലിനും മികച്ച ഗായികയ്ക്കുള്ള അവാർഡ് ശുഭ രഘുനാഥിനും ശബ്ദലേഖനത്തിന് റജി ശ്രീരാഗിനുമാണ് അവാർഡ് ലഭിച്ചത്.
ഉദയകുമാർ എന്ന  സംഗീത സംവിധായകനെ തേടി ഇത്തവണ പ്രൊഫഷണൽ നാടക മത്സരത്തിൽ സംഗീത നാടക അക്കാദമിയുടെ ആറാമത്തെ അവാർഡാണ്  ലഭിക്കുന്നത്. 45 വർഷമായി സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ഉദയകുമാർ അഞ്ചൽ നാടകരംഗത്ത് തന്നെ 350 ഓളം ഗാനങ്ങൾ ഇതിനകം ചിട്ടപ്പെടുത്തിയിട്ടുണ്ട്. നിരവധി ഗുരുക്കന്മാർ ഉണ്ടെങ്കിലും അർജുനൻമാഷാണ് കെപിഎസിയിലും കളിദാസ കലാകേന്ദ്രത്തിലും ഇദ്ദേഹത്തെ എത്തിച്ചത്. അമ്മാവനും പ്രശസ്ത സംഗീതസംവിധായകനുമായ രവീന്ദ്രനൊപ്പം  35 സിനിമകളിൽ സംഗീതമൊരുക്കാൻ ഒപ്പംകൂടി. "കൃത്യം’ ഉൾപ്പെടെയുള്ള ഏതാനും സിനിമകൾക്കും സംഗീത സംവിധാനം നിർവഹിച്ചു. കരുനാഗപ്പള്ളി പുള്ളിമാൻ ജങ്ഷനിലെ വിനു ഭവനത്തിൽ ഭാര്യ സുലോചനയ്‌ക്കൊപ്പമാണ് താമസം. അധ്യാപികയായ വീണ, എ ആർ റഹ്മാനൊപ്പം സംഗീതരംഗത്ത് പ്രവർത്തിക്കുന്ന വിനു ഉദയ് എന്നിവർ മക്കളാണ്. 
മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ അവാർഡ് തുടർച്ചയായി രണ്ടുവർഷവും കരസ്ഥമാക്കിയത്‌ ഉൾപ്പെടെ ഇത് അഞ്ചാം തവണയാണ് ശുഭ രഘുനാഥ് അവാർഡ് നേടുന്നത്. കാളിദാസ കലാകേന്ദ്രത്തിന്റെ ചന്ദ്രികക്കുണ്ടൊരു കഥ, എറണാകുളം ചൈത്രധാരയുടെ 'ഞാൻ' എന്നീ നാടകങ്ങളിലെ ഗാനങ്ങൾക്കാണ് ഇത്തവണ അവാർഡ് ലഭിച്ചത്. വെൺമണി സുകുമാരനായിരുന്നു ആദ്യ ഗുരു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ സംഗീത മത്സരങ്ങളിലൂടെ ജില്ലാ കലാതിലകമായി. 1989 ൽ നൃത്ത സംഗീത നാടകത്തിനായി റെക്കോഡിങ് സ്റ്റുഡിയോയിൽ പിന്നണി ഗായികയായി പാടിയായിരുന്നു തുടക്കം.1994 ൽ സ്വാതി തിരുനാൾ സംഗീത കോളേജിൽനിന്ന് ഗാനഭൂഷണം പാസായി. സംഗീത കോളേജിലും കലാതിലകമായിരുന്നു ശുഭ.1997 മുതൽ ഗാനമേളകളിൽ പാടാൻ തുടങ്ങി. പന്തളം ബാലനൊപ്പമായിരുന്നു തുടക്കം. പിന്നീട് പത്തു വർഷം പത്തനംതിട്ട സാരംഗിൽ. കഴിഞ്ഞ 25 വർഷമായി പ്രൊഫഷണൽ നാടക ഗാനരംഗത്ത് സജീവ സാന്നിധ്യമായി പിന്നണി ഗായികയായി പ്രവർത്തിക്കുന്നു. സ്ത്രീജന്മം, സ്വാമി അയ്യപ്പൻ തുടങ്ങി ഒട്ടേറെ പ്രമുഖ സീരിയലുകളുടെയും ടൈറ്റിൽ സോങ്ങുകളിലൂടെയും ശുഭ പ്രേക്ഷകർക്ക് പ്രിയങ്കരിയായി. കെ എസ് ചിത്ര, അരുന്ധതി, കല്ലറ ഗോപൻ, ശ്രീറാം, കാവാലം ശ്രീകുമാർ തുടങ്ങി നിരവധി പ്രമുഖർക്കൊപ്പവും ശുഭ വേദികൾ പങ്കിട്ടു. പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ സംഗീതത്തിൽ വസന്തത്തിന്റെ കനൽവഴികൾ എന്ന ചിത്രത്തിനു വേണ്ടി പാടിയ 'ആളുമഗ്നിനാളമാണ് ചെങ്കൊടി' എന്ന വിപ്ലവഗാനവും ശ്രദ്ധേയമായി. ഭർത്താവ്‌ രഘുനാഥിനും മകൻ ദേവദർശനുമൊപ്പം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലാണ് താമസം. 
മുപ്പത്തിമൂന്ന്‌ വർഷമായി റെക്കോർഡിങ് രംഗത്ത് പ്രവർത്തിക്കുന്ന റെജി ശ്രീരാഗ് അഞ്ഞൂറിൽ അധികം നാടകങ്ങൾക്ക് ഇതിനകം റെക്കോർഡിങ് നിർവഹിച്ചു. നിരവധി വർഷങ്ങളിൽ അവാർഡ് നേടിയ ഗാനങ്ങൾ റെജിയുടെ റെക്കോർഡിങ്ങിലാണ് പകർത്തപ്പെട്ടത്. പക്ഷേ, സംസ്ഥാന സർക്കാരിന്റെ അവാർഡ് തേടിയെത്തുന്നത് ഇത് ആദ്യം. സംഗീത നാടക അക്കാദമി ശബ്ദലേഖനത്തിന് ആദ്യമായി അവാർഡ് ഏർപ്പെടുത്തിയപ്പോൾ പ്രഥമ അവാർഡ് തന്നെ റജിയെ തേടിയെത്തുകയായിരുന്നു. തഴവ കുറ്റിപ്പുറം ശ്രീഭവനത്തിൽ ഭാര്യ രശ്മിക്കും, മക്കളായ ആദിത്യനും ദയയ്ക്കും ഒപ്പമാണ് താമസം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top