19 April Friday
തൊഴിലുറപ്പു പദ്ധതി

9 മാസം 51 ലക്ഷം തൊഴിൽദിനം

സ്വന്തം ലേഖകൻUpdated: Saturday Dec 3, 2022
കൊല്ലം
കേന്ദ്രസർക്കാർ പലവിധത്തിൽ തുരങ്കംവയ്‌ക്കുമ്പോഴും തൊഴിലുറപ്പു പദ്ധതിയിൽ ഒമ്പതുമാസത്തിനിടെ ജില്ല നൽകിയത്‌ 51.04 ലക്ഷം തൊഴിൽദിനങ്ങൾ. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയിൽ ഈ സാമ്പത്തികവർഷം ഇതുവരെ ജില്ലയിലെ 1.40 ലക്ഷം കുടുംബങ്ങൾക്കായാണ്‌ 51.04 ലക്ഷം തൊഴിൽദിനങ്ങൾ നൽകിയത്‌. കേന്ദ്രസർക്കാർ അംഗീകരിച്ച ലേബർ ബജറ്റിന്റെ 90.36 ശതമാനം നേട്ടം ഇതിനകം കൈവരിച്ചു. പദ്ധതി വഴി 87.21 ശതമാനം സ്ത്രീകൾക്ക്‌ തൊഴിൽ ലഭിച്ചു. ആകെ നൽകിയ തൊഴിലിന്റെ 20.68 ശതമാനം പട്ടികജാതി കുടുംബങ്ങൾക്കും 0.89 ശതമാനം പട്ടികവർഗത്തിനും ലഭിച്ചു.
തൊഴിലുറപ്പിൽ ഈ വർഷം ‘മിഷൻ 941’ പേരിൽ പുതിയ പദ്ധതി സംസ്ഥാന സർക്കാർ എല്ലാ പഞ്ചായത്തിലും ആരംഭിച്ചു.  പഞ്ചായത്തിൽ ഒരു ഔഷധ സസ്യത്തോട്ടം, ഒരു കളിസ്ഥലം, ഒരു ഗ്രാമച്ചന്ത, സ്വയംസഹായ സംഘങ്ങൾക്ക് വർക്ക്‌ഷെഡ് എന്നിവയുടെ നിർമാണം മിഷൻ 941 ലക്ഷ്യമിടുന്നു.
തൊഴിലുറപ്പു പദ്ധതിയിലെ പ്രവൃത്തികൾ നീർത്തടാടിസ്ഥാനത്തിൽ ഏറ്റെടുക്കുന്നതിന് പഞ്ചായത്തുകളിൽ ‘നീരുറവ്’ പേരിലും പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നീർത്തട പ്ലാൻ തയ്യാറാക്കിവരുന്നു. ഹരിതകേരളം മിഷൻ നേതൃത്വത്തിലാണ്  പ്രവർത്തനം. അടുത്ത സാമ്പത്തിക വർഷത്തെ ലേബർ ബജറ്റും ആക്‌ഷൻപ്ലാനും നീർത്തടാടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്.
രണ്ടാം യുപിഎ സർക്കാരിന്റെ കാലം മുതലാണ്‌ തൊഴിലുറപ്പു പദ്ധതിയോടുള്ള അവഗണന തുടങ്ങിയത്‌. പദ്ധതി വിഹിതം കേന്ദ്രസർക്കാർ തുടർച്ചയായി വെട്ടിച്ചുരുക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ വർഷം നടത്തിയ പ്രവൃത്തികൾക്ക് ലഭിക്കേണ്ട 800 കോടി രൂപയിലധികം ഇതുവരെ ലഭിച്ചില്ല. നിർമാണ സാധനങ്ങളുടെ വിലയും വിദഗ്ധ ജോലിക്കുള്ള കൂലിയും വൻതോതിൽ കുടിശ്ശികയായി.  
കേന്ദ്രം ഭരിക്കുന്നവരുടെ നിലപാടുകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അതിജീവിച്ച്‌  തൊഴിലുറപ്പു പദ്ധതി നടത്തിപ്പിൽ കേരളം രാജ്യത്ത്‌ ഒന്നാമതാണ്‌. പട്ടികവിഭാഗങ്ങൾക്ക്‌ തൊഴിൽ നൽകുന്നതിലും സംസ്ഥാനം മുന്നിലാണ്‌. പ്രളയ പുനർനിർമാണം, സുഭിക്ഷ പദ്ധതി എന്നിവ  തൊഴിലുറപ്പുമായി ബന്ധിപ്പിച്ചു. സംസ്ഥാനത്ത്‌  തൊഴിലുറപ്പു വേതനം നൽകുന്നതിലെ കൃത്യത 99.19 ശതമാനമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top