26 April Friday

അഴീക്കലിനെ മാതൃകാ ഹാർബറാക്കും: മന്ത്രി അബ്ദുറഹിമാൻ

സ്വന്തം ലേഖകൻUpdated: Saturday Dec 3, 2022

അഴീക്കൽ ഹാർബർ വികസന പദ്ധതി ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി 
അഴീക്കൽ ഹാർബറിനെ മാതൃകാ ഹാർബറായി ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ്‌ മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. അഴീക്കൽ ഹാർബറിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. നിലവിലുള്ള മത്സ്യബന്ധന തുറമുഖങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവൃത്തികൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മേൽക്കൂരയോടെയുള്ള ലോഡിങ്‌ ഏരിയ, വിശ്രമമുറികൾ, ഷോപ്പിങ് കോംപ്ലക്‌സ്, ശുചിമുറി, ലോക്കർ റൂം, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം തുടങ്ങി 30 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
എംഎൽഎയായിരുന്ന ആർ രാമചന്ദ്രൻ മുൻകൈയെടുത്ത് ഫിഷറീസ് മന്ത്രിയായിരുന്ന ജെ മേഴ്സിക്കുട്ടിഅമ്മയുടെ നേതൃത്വത്തിലാണ് നബാർഡ് സഹായത്തോടെ അധിക ബർത്തിങ്‌ സൗകര്യങ്ങൾക്കായി ഏഴുകോടി രൂപയുടെ പദ്ധതി നടപ്പാക്കിയത്. 108 മീറ്റർ നീളത്തിലുള്ള വാർഫിന്റെയും 75 മീറ്റർ ലേലപ്പുരയുടെയും 2200 ചതുരശ്ര മീറ്റർ ലോഡിങ്‌ ഏരിയയുടെയും പ്രവൃത്തിയാണ് പൂർത്തീകരിച്ചത്. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. ഹാർബർ എൻജിനിയറിങ്‌ വകുപ്പ് ചീഫ് എൻജിനിയർ ജോമോൻ കെ ജോർജ് സ്വാഗതം പറഞ്ഞു. എ എം ആരിഫ് എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, മുൻ എംഎൽഎ ആർ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ അംഗം വസന്താ രമേശ്, നിഷ അജയകുമാർ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ തുടക്കം മുതൽ ഉണ്ടായിരുന്ന റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ എം ജെ ആൻസിയെ മന്ത്രി ആദരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top