19 April Friday

എത്ര കുലുങ്ങിയാലും പതറില്ല

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും എൻഡിആർഎഫും ജടായുപ്പാറയിൽ നടത്തിയ മോക്‌ഡ്രില്ലിൽനിന്ന്

കൊല്ലം
ഭൂചലനമോ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ... എന്തു തന്നെയായാലും ആശങ്കവേണ്ട. പഴുതടച്ച രക്ഷാപ്രവർത്തനത്തിന്‌ സജ്ജമാണ്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി. ദുരന്ത സാഹചര്യങ്ങൾ പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജടായുപ്പാറയിൽ നടത്തിയ മോക്‌ഡ്രില്ലിൽ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും എൻഡിആർഎഫും സംയുക്തമായാണ്‌ മോക്‌ഡ്രിൽ നടത്തിയത്‌. ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കലക്ടർ അഫ്‌സാന പർവീൺ നേതൃത്വം നൽകി.
കൊട്ടാരക്കര പ്രഭവകേന്ദ്രമായി സാങ്കൽപ്പിക ഭൂചലനമായിരുന്നു മോക്‌ഡ്രിൽ പശ്ചാത്തലം. റിക്ടർ സ്‌കെയിലിൽ 6.7 രേഖപ്പെടുത്തി. അപകടത്തിൽ ജടായുപ്പാറയിലെ രണ്ടു കെട്ടിടം തകർന്നു. 10 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി. ഈ അപകട സാഹചര്യം നേരിടുന്നതിന്റെ ഓരോ ഘട്ടവും പ്രാവർത്തികമായി പരിശോധിച്ചു. അപകട മുന്നറിയിപ്പിനുള്ള അലാറം ആദ്യം മുഴങ്ങി. തുടർന്ന്‌ എർത്ത്‌ സെന്ററിലെ സുരക്ഷാ ജീവനക്കാർ ആദ്യഘട്ട രക്ഷാപ്രവർത്തനത്തിന്. തുടർന്ന്‌ അപകടവിവരം ജില്ലാ ഭരണകേന്ദ്രത്തെയും പൊലീസിനെയും അറിയിച്ചു. പൊലീസും അഗ്നിരക്ഷാസേനയും സന്നദ്ധ പ്രവർത്തകരും ആരോഗ്യസംഘവും ഉടനെത്തി. കെട്ടിടത്തിൽ അകപ്പെട്ടവരെ പ്രാഥമിക ശുശ്രൂഷ നൽകി ആംബുലൻസിൽ താലൂക്കാശുപത്രിയിലേക്ക്. നാലുപേർ കൂടി കെട്ടിടത്തിനുള്ളിലുണ്ടെന്ന് വിവരം. കാലവർഷക്കെടുതി നേരിടാൻ കൊട്ടാരക്കരയിൽ തമ്പടിച്ചിരുന്ന എൻഡിആർഎഫ് ഇടപെടലിന് കലക്ടറുടെ നിർദേശം. ഇവർ കെട്ടിടത്തിൽ കുടുങ്ങിയവരെ വലിയ ബീമുകൾ മുറിച്ചുമാറ്റി രക്ഷപ്പെടുത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശാനുസരണം വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ, എഡിഎം എൻ സാജിത ബീഗം, പുനലൂർ ആർഡിഒ ബി ശശികുമാർ, എൻഡിആർഎഫ് ഇൻസ്‌പെക്ടർ അവനീഷ് കുമാർ, രാജീവ് അഞ്ചൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top