26 April Friday
കൊല്ലം ഓർക്കുുന്നു

കോടിയേരി

സ്വന്തം ലേഖകൻUpdated: Monday Oct 3, 2022

പ്രളയകാലത്ത്‌ രക്ഷകരായ കൊല്ലത്തെ മത്സ്യത്തൊഴിലാളികളെ ആദരിക്കാൻ വാടിയിൽ എത്തിയ കോടിയേരിക്ക്‌ നൽകിയ വരവേൽപ്പ്‌ (ഫയൽചിത്രം)

കൊല്ലം
കോടി ഹൃദയങ്ങൾക്ക്‌ വെളിച്ചമാകുന്ന ജനനേതാവിന്‌ വികാരവായ്‌പോടെ കൊല്ലത്തിന്റെ യാത്രാമൊഴി. തൊഴിലാളിവർഗപ്രസ്ഥാനത്തിന്റെ അമരത്തിരുന്ന്‌ കൊല്ലത്തിന്റെ നെഞ്ചിടിപ്പുകളെ തൊട്ടറിഞ്ഞ നേതാവിനെ നേരിട്ടുകണ്ടും ഓർമകൾ പങ്കുവച്ചും കൊല്ലം ജനത നൂറായിരം അന്ത്യാഭിവാദ്യം അർപ്പിച്ചു. പ്രിയനേതാവിനെ കാണാൻ കൊല്ലത്തുനിന്നു നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ  തലശേരിയിലെത്തി. പരമ്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമായ കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കും മറക്കാനാകില്ല കോടിയേരി ബാലകൃഷ്‌ണൻ എന്ന പോരാളിയെ. തൊഴിലാളികളുടെ പോർമുഖങ്ങൾക്കു മുന്നിൽ എന്നും നായകസ്ഥാനത്ത്‌ കോടിയേരി എന്ന ജനനേതാവുണ്ടായിരുന്നു. നാടിന്റെ വികസനസാധ്യതകളും നാട്ടുകാരുടെ മനസ്സും അറിഞ്ഞ്‌ ജീവനക്കാർക്ക്‌ ഒപ്പംനിന്ന്‌  ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്ന മന്ത്രിയുണ്ടായിരുന്നു. കോടിയേരിയുടെ വിയോഗവാർത്ത അറിഞ്ഞതുമുതൽ തങ്ങളുടെ സങ്കടവും വേദനയും ഉള്ളിലൊതുക്കാനാകാതെ നാട്‌ വിതുമ്പി. പോളയത്തോട്ടിലെ സിപിഐ  എം ജില്ലാകമ്മിറ്റി ഓഫീസിൽ പതാക താഴ്‌ത്തിക്കെട്ടി. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ തുടങ്ങിയ കൊല്ലവുമായുള്ള ബന്ധം അവസാനംവരെ തുടർന്നു. 2021 ഡിസംബർ 31 മുതൽ 2022 ജനുവരി മൂന്നുവരെ കൊട്ടരക്കരയിൽ ചേർന്ന സിപിഐ എം ജില്ലാസമ്മേളനത്തിലാണ്‌ അവസാനമായി പങ്കെടുത്തത്‌. 1986ലെ ഐതിഹാസികമായ കശുവണ്ടിത്തൊഴിലാളി സമരത്തിൽ ആവേശകരമായ സാന്നിധ്യമായി കോടിയേരിയുണ്ടായിരുന്നു. പാർലമെന്റ്‌, അസംബ്ലി തെരഞ്ഞെടുപ്പുകളിലെ യോഗങ്ങളിൽ കോടിയേരിയുടെ പ്രസംഗം കേൾക്കാൻ ആയിരങ്ങൾ ഒത്തുകൂടി. സരസമായ വാക്കുകളിലൂടെ ജനങ്ങളുടെ കൈയടി നേടിയായിരുന്നു ഓരോ യാത്രയും. 2018ലെ പ്രളയകാലത്ത്‌ രക്ഷകരായ കൊല്ലം സൈന്യത്തെ  ആദരിക്കാൻ വാടിയിൽ എത്തിയ കോടിയേരിക്ക്‌ തീരദേശജനത നൽകിയ വരവേൽപ്പ്‌ അവിസ്‌മരണീയാനുഭവമായി. ദേശാഭിമാനി കൊല്ലം യൂണിറ്റിന്റെ കല്ലിടലിനും ഉദ്‌ഘാടനത്തിനും കോടിയേരിയെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top