25 April Thursday

അഗതികളെ സ്നേഹിച്ച 
കാരുണ്യമനസ്സ്‌

സ്വന്തം ലേഖകൻUpdated: Monday Oct 3, 2022

കോടിയേരി ബാലകൃഷ്ണൻ പത്തനാപുരം ഗാന്ധിഭവനിൽ എത്തിയപ്പോൾ കുട്ടികൾക്കൊപ്പം (ഫയൽ ചിത്രം)

കൊല്ലം
2017 ജനുവരി 18നാണ് കോടിയേരി പത്തനാപുരം ഗാന്ധിഭവൻ സന്ദർശിക്കുന്നത്. അന്ന്‌ പാർടി ജില്ലാ സെക്രട്ടറിയായിരുന്ന കെ എൻ ബാലഗോപാലും പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി  ഉദയഭാനുവും ഒപ്പമുണ്ടായിരുന്നു. ഗാന്ധിഭവനിലെ ഓരോ അന്തേവാസിയെയും അവർ കഴിയുന്ന ഇടത്ത്‌ എത്തി നേരിൽ കണ്ടു. അവരുടെ ജീവിതകഥകൾ ചോദിച്ചു മനസ്സിലാക്കി അവരെ ആശ്വസിപ്പിക്കുന്ന ആർദ്രഹൃദയനായ ജനനേതാവിനെയാണ് അന്ന് കണ്ടതെന്ന്‌ സെക്രട്ടറി പുനലൂർ സോമരാജൻ ഓർക്കുന്നു. 
അവർക്കൊപ്പം മണിക്കൂറുകൾ ചെലവിട്ടശേഷം വേദിയിലെത്തിയ അദ്ദേഹത്തെ ഗാന്ധിഭവനിലെ കുഞ്ഞുങ്ങൾ ചേർന്ന് നമസ്‌തേ പറഞ്ഞു സ്വീകരിച്ചു. ഒരാളെ എടുത്തുകൊണ്ട് അവരെയെല്ലാം കൂട്ടിയാണ് കോടിയേരി വേദിയിൽ വന്നിരുന്നത്. കുഞ്ഞുങ്ങളോട് ചേർന്നപ്പോൾ അദ്ദേഹവും അവരിലൊരാളായി. ഓരോരുത്തരോടും കൊച്ചുവർത്തമാനങ്ങൾ പറഞ്ഞും ഉമ്മ വച്ചും താലോലിച്ചപ്പോൾ അദ്ദേഹം അവർക്ക് സ്വന്തം മുത്തച്ഛനായി മാറുകയായിരുന്നു. ജില്ലയിൽ ഒട്ടേറെ പരിപാടികളുള്ള ദിനമായതിനാൽ ഒപ്പമുള്ള നേതാക്കൾ നിർബന്ധിച്ചപ്പോഴാണ് അദ്ദേഹം പരിപാടിക്കായി തയ്യാറെടുത്തത്. 
ഗാന്ധിഭവന്റെ ഗുരുവന്ദനസംഗമത്തിന്റെ ഉദ്ഘാടനം കോടിയേരി നിർവഹിച്ചു. ഉദ്ഘാടന സന്ദേശത്തിലുടനീളം നിറഞ്ഞുനിന്നത് അലിവും അനുകമ്പയും സ്‌നേഹവും കരുതലുമെല്ലാം കവിഞ്ഞൊഴുകുന്ന വാക്കുകളാണ്. ഗാന്ധിഭവനിലെ ഒരു കുടുംബാംഗമായി എന്നും താനുണ്ടാകുമെന്നും പറഞ്ഞു.  
പല വേദികളിലും തമ്മിൽ കാണുമ്പോൾ ഗാന്ധിഭവനിലെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഒരു ജ്യേഷ്ഠസഹോദരന്റെ സ്‌നേഹവും കരുതലും പ്രോത്സാഹനവുമാണ്  കോടിയേരി പകർന്നു നൽകിയതെന്ന്‌ സോമരാജൻ പറഞ്ഞു. തിങ്കളാഴ്‌ച സോമരാജനും സഹപ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ണൂരിലേക്കു പോകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top