28 March Thursday

മികച്ച സഹകരണ ആശുപത്രിക്കുള്ള പുരസ്‌കാരം എൻ എസ് ആശുപത്രി ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം സഹകരണ മന്ത്രി വി എൻ വാസവനിൽനിന്ന് എൻ എസ് സഹകരണ ആശുപ്രതിക്കു വേണ്ടി പ്രസിഡന്റ് പി രാജേന്ദ്രൻ, ആശുപത്രി വൈസ് പ്രസിഡന്റ് എ മാധവൻപിള്ള, ഭരണസമിതി അംഗങ്ങളായ അഡ്വ. പി കെ ഷിബു, കെ ഓമനക്കുട്ടൻ, സെക്രട്ടറി പി ഷിബു എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

കൊല്ലം 
മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം എൻ എസ് സഹകരണ ആശുപത്രി ഏറ്റുവാങ്ങി. കോട്ടയത്ത് നടന്ന അന്തർദേശീയ സഹകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി എൻ വാസവനാണ്‌ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രനും ഭരണസമിതി അംഗങ്ങൾക്കും പുരസ്‌കാരം സമ്മാനിച്ചത്‌. മികച്ച സഹകാരിക്കുള്ള പ്രഥമ റോബർട്ട് ഓവൻ പുരസ്കാരം ആശുപത്രി മുൻ പ്രസിഡന്റ് എം ഗംഗാധരക്കുറുപ്പും ഏറ്റുവാങ്ങി. തുടർച്ചയായി മൂന്നാം തവണയാണ് എൻ എസ് സഹകരണ ആശുപത്രിക്ക് മികച്ച ആശുപത്രിക്കുള്ള പുരസ്‌കാരം ലഭിക്കുന്നത്. 
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. രോഗപ്രതിരോധം, ചികിത്സ, വാർധക്യകാല പരിചരണം, മരുന്ന് വിപണനം, റിസർച്ച് പ്രവർത്തനങ്ങൾ, പരിശീലന പരിപാടികൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ വിദ്യാഭ്യാസം എന്നീ വിവിധ മേഖലകളിൽ സംഘം മികവ് തെളിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.
2006-ൽ പ്രവർത്തനം ആരംഭിച്ച ആശുപത്രി വളരെ വേഗത്തിലാണ് ഇന്നത്തെ നിലയിലേക്കെത്തിയത്. 36 ചികിത്സാ വിഭാഗങ്ങളും 500 കിടക്കയുമുള്ള ആശുപത്രിയിൽ പ്രതിവർഷം ആറ് ലക്ഷത്തിലധികം പേർ ചികിത്സ തേടിയെത്തുന്നു. ഏറ്റവും കുറഞ്ഞ ചികിത്സാ നിരക്കിന് പുറമേ ബിപിഎൽ വിഭാഗക്കാർക്ക് 30 ശതമാനം ഇളവ്‌, നിർധനർക്ക് സാന്ത്വനം പദ്ധതി പ്രകാരം ചികിത്സാ ധനസഹായം എന്നിവ നൽകിവരുന്ന സംസ്ഥാനത്തെ ഏക ആശുപത്രിയാണിത്. 
ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്ന ആശുപത്രികൾക്ക് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന എൻഎബിഎച്ച് സേഫ് ഐ സർട്ടിഫിക്കേഷൻ 2017 മുതൽ കരസ്ഥമാക്കിയ ആശുപത്രിയിൽ 120 ഡോക്ടർമാരടക്കം 1480 ജീവനക്കാർ ജോലിചെയ്തുവരുന്നു. ഓഹരിമൂലധനം, ബിസിനസ്‌ ടേൺഓവർ എന്നിവയിൽ വൻവർധന ആശുപത്രിക്ക് നേടാനായി. 
സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമായി കോവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ആശുപത്രിക്ക് കഴിഞ്ഞു. 2010 –- -11 മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുകയും ലാഭവിഹിതം നൽകിവരികയും ചെയ്യുന്ന ഏക ആശുപത്രി സംഘമാണിത്. അവാർഡ് ദാന ചടങ്ങിൽ ആശുപത്രി വൈസ് പ്രസിഡന്റ് എ മാധവൻപിള്ള, ഭരണസമിതി അംഗങ്ങളായ അഡ്വ. പി കെ ഷിബു, കെ.ഓമനക്കുട്ടൻ, ആശുപത്രി സെക്രട്ടറി പി ഷിബു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top