26 April Friday
പരിസ്ഥിതിലോല മേഖല

ജനവാസമേഖലയിൽ സീറോ 
കിലോമീറ്ററെന്ന്‌ വനംവകുപ്പ്‌ റിപ്പോർട്ട്‌

സ്വന്തം ലേഖകൻUpdated: Sunday Jul 3, 2022
കൊല്ലം
വന്യജീവി സങ്കേതമായ ശെന്തുരണി വനമേഖലയ്ക്ക്‌ സമീപത്തെ കഴുതുരുട്ടി, തെന്മല ടൗൺ, വില്ലുമല, റോസ്‌മല, കല്ലാർ തുടങ്ങിയ പ്രദേശങ്ങളിൽ പരിസ്ഥിതിലോല മേഖല സീറോ കിലോമീറ്റർ ആണെന്ന്‌ വ്യക്‌തമാക്കി സംസ്ഥാന വനംവകുപ്പിന്റെ റിപ്പോർട്ട്‌. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്‌ മെയ്‌ ആദ്യം നൽകിയ റിപ്പോർട്ടിലാണ്‌ ഇക്കാര്യം പ്രതിപാദിക്കുന്നത്‌. ഇതിനുമുമ്പുതന്നെ വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിൽനിന്ന്‌ ഒരു കിലോമീറ്റർ ചുറ്റളവ്‌ പരിസ്ഥിതിലോല മേഖലയാക്കണമെന്ന കേന്ദ്രസർക്കാരിന്റെ കരടുനിർദേശം പുറത്തുവന്നു. ഇതിന്റെ ചുവടുപിടിച്ചാണ്‌ അടുത്തിടെ സുപ്രീംകോടതി ഉത്തരവും ഉണ്ടായത്‌. ജനവാസ മേഖലയിൽ പരിസ്ഥിതിലോല മേഖല  സീറോ കിലോമീറ്റർ ആണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ പുതിയ തീരുമാനം എടുക്കണമെന്ന ആവശ്യം ശക്‌തമാണ്‌. ഇതുസംബന്ധിച്ച്‌ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുകയാണ്‌ സംസ്ഥാന സർക്കാർ. ജനവാസമേഖലയെ ഒഴിവാക്കി പരിസ്ഥിതിലോല മേഖല നിർണയിക്കണമെന്നാണ്‌ സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ സുപ്രീംകോടതിയെ സമീപിക്കാനും നടപടി ആരംഭിച്ചുകഴിഞ്ഞു. ജനവാസ മേഖലയിൽ പരിസ്ഥിതിലോല മേഖല  സീറോ കിലോമീറ്റർ ആണെന്ന റിപ്പോർട്ട്‌ ഡിജിറ്റലായാണ്‌ ശെന്തുരുണി ഫോറസ്‌റ്റ്‌ അധികൃതർ തയ്യാറാക്കിയിട്ടുള്ളത്‌. ഈ റിപ്പോർട്ട്‌ ഡിവിഷൻ ഓഫീസിന്റെ പരിശോധന കഴിഞ്ഞ്‌ വനംവകുപ്പ്‌ മന്ത്രിയുടെ ഓഫീസിൽ എത്തുകയും തുടർന്ന്‌ കേന്ദ്രത്തിന്‌ സമർപ്പിക്കുകയും ചെയ്‌തു.  171 ചതുരശ്ര കിലോമീറ്റർ വരുന്ന ശെന്തുരുണി വന്യജീവി സംരക്ഷിത മേഖലയിൽ നിലവിൽ ജനവാസമുള്ളത്‌ കുളത്തൂപ്പുഴ പഞ്ചായത്തിലെ റോസ്‌മലയിലും കല്ലാർ എസ്റ്റേറ്റിലും കട്ടളപ്പാറയിലുമാണ്‌. കൂവക്കാട്‌, എക്‌സ്‌ സർവീസ്‌ കോളനി, നെടുവന്നൂർക്കടവ്‌ കോളനി, ഡാംസൈറ്റ്‌ കോളനി എന്നിവിടങ്ങളിലെ താമസക്കാർക്കും കോടതിവിധി തിരിച്ചടിയാകും. തെന്മല പഞ്ചായത്തിൽ ഒറ്റയ്‌ക്കൽ പ്രദേശവും ആശങ്കയിലാണ്‌. 
നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ പരിസ്ഥിതിലോല മേഖലയെ മൂന്നായി തിരിക്കുമെന്ന്‌ ശെന്തുരുണി ഫോറസ്റ്റ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. ജനവാസമുള്ള പരിസ്ഥിതിലോല മേഖലയിൽ നിയന്ത്രണമുള്ള കാര്യങ്ങൾ കലക്ടർ ചെയർമാനായ കമ്മിറ്റിക്ക്‌ വിധേയമായിരിക്കും. പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ കമ്മിറ്റിയിൽ ഉണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top