26 April Friday

തുടരുന്ന കുതിപ്പ്‌, പ്രതീക്ഷയിൽ കൊല്ലം

സ്വന്തം ലേഖകൻUpdated: Friday Feb 3, 2023
കൊല്ലം
ജില്ലയുടെ സമഗ്രവികസനത്തിനുള്ള നിരവധി പദ്ധതികളാണ് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചത്.  അടിസ്ഥാന വികസനത്തിനും പരമ്പരാഗത മേഖലയ്‌ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന പദ്ധതികൾക്കാണ്‌ കഴിഞ്ഞ ബജറ്റ്‌ ലക്ഷ്യമിട്ടത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ ആരംഭിച്ച വികസന ക്ഷേമപദ്ധതികൾ തുടർന്നുകൊണ്ട് വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയിലേക്ക്‌ കൊല്ലത്തെ അതിവേഗം നയിക്കാനുള്ള ചുവടുവയ്‌പുകൾ ഇത്തവണയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ ജില്ല.  
യുണൈറ്റഡ് ഇന്ത്യ ഇലക്ട്രിക്കൽസ് ലിമിറ്റഡ്‌ കേന്ദ്രമാക്കി (പള്ളിമുക്ക്‌ മീറ്റർ കമ്പനി) വ്യവസായ സഹായപാർക്ക്‌ സ്ഥാപിക്കാൻ 28.15 കോടി രൂപ അനുവദിച്ചത്‌ പുതുവർഷത്തിലാണ്‌. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു ഇത്‌.  കമ്പനിയുടെ ഉപയോഗത്തിലില്ലാത്ത 93സെന്റ് സ്ഥലത്താണ്‌ വ്യവസായകേന്ദ്രം സജ്ജമാക്കുക.  കിഫ്‌ബി ഫണ്ട് ഉപയോഗപ്പെടുത്തി 200 കോടി രൂപ ചെലവിൽ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കുമെന്നായിരുന്നു ബജറ്റിലെ  പ്രഖ്യാപനം. ഇതിന്റെ പൈലറ്റ് പദ്ധതിയാണ് മീറ്റർ കമ്പനിയിൽ ആരംഭിക്കുന്നത്. 90,000 ചതുരശ്രഅടി വിസ്തീർണമുള്ള കെട്ടിടമാണ് തയ്യാറാക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാർക്ക് മാതൃകയിൽ ഇലക്ട്രോണിക്സ് മേഖലയിലെ വ്യവസായികൾക്കും സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാനുള്ള സൗകര്യം കേന്ദ്രത്തിൽ ഉണ്ടാകും. കഴിഞ്ഞ ബജറ്റിൽ കിഫ്ബി വഴി ഐടി വികസനത്തിന്‌ അനുവദിച്ച ഫണ്ടിൽ കൊല്ലം ടെക്‌നോപാർക്കിലെ വികസനപ്രവർത്തനങ്ങളും തുടരുന്നു. തിരുവനന്തപുരം ടെക്നോപാർക്ക് മൂന്നാംഘട്ടത്തിൽനിന്ന് കൊല്ലത്തേക്ക് ഐടി ഇടനാഴി. 5 ജി ലീഡർഷിപ്‌ പാക്കേജ് എന്നിവയുടെ നടപടികളും പുരോഗമിക്കുകയാണ്. 
-കൊല്ലം ഉൾപ്പെടുന്ന ക്രൂസ് ടൂറിസ-ം പദ്ധതിയും  അതിവേ​ഗം മുന്നോട്ടുകുതിക്കുന്നു. 
കേരള കാഷ്യൂ ബോർഡ്‌,   കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്മെന്റ് കോർപറേഷൻ, കാപ്പക്‌സ് എന്നിവയുടെ പ്രവർത്തനം സുഗമമാക്കുന്നതിനും സർക്കാർ പ്രത്യേക പരിഗണന നൽകി.  കേരള സ്റ്റേറ്റ് ഏജൻസി ഫോർ എക്സ്പാൻഷൻ ഓഫ് കാഷ്യൂ കൾട്ടിവേഷന് തുക അനുവദിച്ചതും- ചെറുകിട, ഇടത്തരം കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണം യാഥാർഥ്യമാകുന്നതും ബജറ്റ്‌ പ്രഖ്യാപനങ്ങളുടെ തുടർച്ചയാണ്‌.   
അഷ്ടമുടിക്കായൽ ശുചീകരണവും ശാസ്താംകോട്ട കായൽ സംരക്ഷണവും കൊല്ലം തുറമുഖത്തിന്റെ  അടിസ്ഥാന സൗകര്യ വികസനവും അതിവേഗത്തിലാണ്‌. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി കാലത്തിനൊപ്പം കുതിക്കുന്നു.  കുണ്ടറ കെൽ ഉൾപ്പെടെ സ്ഥാപനങ്ങളുമായി സഹകരിച്ച്‌  ഇലക്ട്രിക് വാഹനഭാഗങ്ങൾ  വികസിപ്പിച്ചെടുക്കുന്ന ഗ്രീൻ മൊബിലിറ്റി ടെക്നോളജീസ് ഹബിന്റെ നടപടികളും പുരോഗമിക്കുന്നു.  പിഎസ്‍സി കൊല്ലം ജില്ല, മേഖലാ ഓഫീസുകൾ, ഓൺലൈൻ എക്സാമിനേഷൻ സെന്റർ എന്നിവയുടെ നിർമാണം ആരംഭിക്കാനുള്ള നടപടികളും വേ​ഗത്തിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top