27 April Saturday

എഴുകോൺ മേൽപ്പാലത്തിൽ 
അപകടങ്ങൾ തുടർക്കഥ

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

എഴുകോൺ മേൽപ്പാലത്തിൽനിന്ന് നെടുമൺകാവ് റോഡിലേക്ക് മറിഞ്ഞ 
പിക്ക്‌അപ്‌ വാൻ

എഴുകോൺ
കൊല്ലം - –- തിരുമംഗലം ദേശീയപാതയിൽ എഴുകോൺ മേൽപ്പാലത്തിൽ അപകടങ്ങൾ  ആവർത്തിക്കുമ്പോഴും അധികൃതർക്ക് അനങ്ങാപ്പാറ നയം. പാലത്തിന്റെ അപ്രോച്ച് റോഡിൽനിന്നു വാഹനങ്ങളും യാത്രക്കാരും താഴേക്ക് പതിക്കുന്ന സംഭവങ്ങൾ പതിവാകുന്നു. ചൊവ്വ പുലർച്ചെ തമിഴ്നാട്ടിൽനിന്ന്‌  കൊല്ലത്തേക്ക് ഇറച്ചിക്കോഴികളുമായി വന്ന വാഹനം മറിഞ്ഞതാണ് ഒടുവിലെ സംഭവം. എഴുകോൺ ഭാഗത്തേക്ക്‌ പാലം ഇറങ്ങവെ പിക്ക് അപ് വാൻ താഴെയുള്ള നെടുമൺകാവ് റോഡിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും സാരമായി പരിക്കില്ല. പുലർച്ചെയായതിനാൽ നെടുമൺകാവ് റോഡിലും വാഹനം കുറവായിരുന്നു. എന്നാൽ, സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തത് വീണ്ടും ചർച്ചയായി. ബൈക്ക് യാത്രികൻ നെടുമൺകാവ് റോഡിലേക്ക് വീണ് മരിച്ചതും കാൽനട യാത്രക്കാരൻ കാൽവഴുതി താഴേക്കു വീണ് മരിച്ചതും തമിഴ്നാട്ടിൽനിന്ന് തക്കാളി കയറ്റിവന്ന ലോറിയും കൊട്ടാരക്കരനിന്ന് വന്ന കാറും നെടുമൺകാവ് റോഡിലേക്ക് വീണതും ഏതാനും മാസങ്ങൾക്കു മുമ്പാണ്. 
എഴുകോൺ പാലത്തിലേക്കുള്ള റോഡിന് സമാന്തരമായി 10 അടിയോളം താഴ്ചയിൽ നെടുമൺകാവ് റോഡ് കടന്നു പോകുന്നുണ്ട്. റോഡിന്റെ ടാർചെയ്ത ഭാഗത്തുനിന്ന് കഷ്ടിച്ച് ഒരടി മാത്രം മാറിയാണ് താഴ്ച ആരംഭിക്കുന്നത്. പാലത്തിൽനിന്നുള്ള റോഡിലെ കൊടും വളവിൽ ചെറിയ അശ്രദ്ധയുണ്ടായാൽ അപകടം ഉറപ്പാണ്. നെടുവത്തൂർ കൊതുമ്പിൽ പാലത്തിലും സമാനമായ അപകടാവസ്ഥയാണ്. എഴുകോൺ മേൽപ്പാലത്തിലും കൊതുമ്പിൽ പാലത്തിലും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ കൊല്ലം ദേശീയപാത ഓഫീസിന് മുന്നിൽ സമരം നടത്തിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാൻ കലക്ടർ കൂടി പങ്കെടുത്ത് എഴുകോണിൽ യോഗവും ചേർന്നിരുന്നു. സമരസമയത്തും കലക്ടറുടെ യോഗത്തിലും സുരക്ഷ ഒരുക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയെങ്കിലും ഒന്നും പാലിക്കപ്പെട്ടിട്ടില്ല. ക്രാഷ് ബാരിയർ, റോഡ് മാർക്കിങ്, സൂചനാ ബോർഡുകൾ, ഡിലിനിയേറ്റർ പോസ്റ്റുകൾ എന്നിവ നിർമിക്കുമെന്നും മേൽപ്പാലത്തിലെ തകർന്ന സ്ലാബുകൾക്ക് പകരം പുതിയവ സ്ഥാപിക്കുമെന്നുമായിരുന്നു ഉറപ്പ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top