18 December Thursday

കെഎംഎംഎൽ ടൈറ്റാനിയം മെറ്റൽ 
ഉൽപ്പാദനത്തിലേക്ക്‌ മാറണം: തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

കൊല്ലത്തിന്റെ സമഗ്രവികസനം സെമിനാർ മുൻ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം
ചവറ കെഎംഎംഎൽ ടൈറ്റാനിയം മെറ്റൽ,അലോയ് ഉൽപ്പാദനത്തിലേക്ക്‌ മാറണമെന്ന്‌ മുൻ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. കൂടുതൽ പേർക്ക്‌ ജോലികൊടുക്കാൻ ഇത്‌ ഉപകരിക്കും. വി എസ്‌ സർക്കാരിന്റെ കാലത്ത് ഇതിനായി പദ്ധതി തയ്യാറാക്കിയിരുന്നു. നടപ്പാക്കാൻ ഓസ്‌ട്രേലിയ, റഷ്യ, യുഎസ്‌എ എന്നിവിടങ്ങളിൽനിന്ന്‌ സാങ്കേതികവിദ്യ ആവശ്യമായിരുന്നു. എന്നാലിത്‌ ചില കേന്ദ്രങ്ങൾ വിവാദമാക്കിയതോടെ സർക്കാർ പിൻവാങ്ങിയെന്നും കൊല്ലത്തിന്റെ സമഗ്രവികസനം സെമിനാർ ഉദ്‌ഘാടനംചെയ്‌ത്‌  അദ്ദേഹം പറഞ്ഞു. 
വിദ്യാസമ്പന്നരായ പുതിയ തലമുറയ്‌ക്ക്‌ പരമ്പരാഗത മേഖലയിൽ ഇന്നുള്ള തൊഴിൽ പോരാ. അവർക്കായി ജില്ലയിൽ പുതിയ തൊഴിൽ അസവരങ്ങളുണ്ടാകണം. കശുവണ്ടി വ്യവസായത്തിനു തോട്ടണ്ടി സുലഭമായി ലഭിക്കണം. കൃഷിഭൂമിയിൽ കശുമാവ്‌ കൃഷി വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ഇത്‌ ഭൂഉടമകൾക്ക്‌ എങ്ങനെ ലാഭകരമാക്കാമെന്നും ആലോചിക്കണം. കശുവണ്ടിപരിപ്പിനു വിപണി ഉറപ്പിക്കാൻ പുതിയ വഴികൾതേടണം. ഇതിനായി മറ്റു രാജ്യങ്ങളുമായി കൈകോർക്കണം. 
അഷ്‌ടമുടി, ശാസ്‌താംകോട്ട കായലുകൾ ജില്ലയ്‌ക്ക്‌ അനുഗ്രഹമാണ്‌. അഷ്‌ടമുടിയിൽ ടൂറിസം സാധ്യത വികസിപ്പിക്കണം. കൊല്ലത്തിന്റെ പാരമ്പര്യവും പൈതൃകവും ടൂറിസത്തിനുള്ള വഴികളാക്കണമെന്നും തോമസ്‌ ഐസക്‌ പറഞ്ഞു. മുൻ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ അധ്യക്ഷയായി. കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ സ്വാഗതംപറഞ്ഞു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, ആസൂത്രണബോർഡ്‌ അംഗം ജിജു പി അലക്‌സ്‌, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top