കൊല്ലം
നാടിന്റെ സമ്പന്നമായ സംസ്‌കൃതിയും ചരിത്രപരമായ ഉന്നതിയുമെല്ലാം പറയുമ്പോൾ പുതിയ കാലത്ത് സാംസ്‌കാരികതലത്തിൽ അതിരടയാളങ്ങൾ ഇല്ലാതാകുന്നത് നമ്മൾ മനസ്സിലാക്കണമെന്ന് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജി ആർ ഇന്ദുഗോപൻ. കൊല്ലത്തിന്റെ സാംസ്‌കാരിക പാരമ്പര്യം എന്ന വിഷയത്തിൽ വി സാംബശിവൻ നഗറിൽ നടന്ന സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സങ്കുചിത ദേശീയവാദം പുതിയ തലമുറയെ സംബന്ധിച്ച് അപ്രസക്തമാണ്. വിശ്വപൗരന്മാരെന്ന സങ്കൽപ്പത്തെ മനസ്സിലാക്കിയാണ് നമ്മുടെ പ്രാദേശിക സാംസ്‌കാരികതയെ കാണേണ്ടത്. വിദേശികളായ വിവിധ ആളുകൾ, പല ജാതികൾ, ഭാഷകൾ എല്ലാം കൊല്ലത്ത് വന്നുപോയിട്ടുണ്ട്. എന്നാൽ, അതിനെ അധിനിവേശമെന്നു വിശേഷിപ്പിക്കുന്നത് തെറ്റാണ്. അവയെല്ലാം നമ്മുടെ സംസ്‌കാരവുമായി ഇഴുകിക്കഴിഞ്ഞു. ലോകത്തെങ്ങുമുള്ള സംസ്‌കാരത്തിന് ഒരു മുഖമേ ഉള്ളൂ. എല്ലാം സ്വീകരിക്കുക എന്നതാണ് പുതിയ കാലത്തിന്റെ മുഖം. വലിയ പാരമ്പര്യമുള്ള കൊല്ലത്തെ പൈതൃക നഗരമാക്കാനുള്ള സാധ്യത പരിഗണിക്കണമെന്ന് ഇന്ദുഗോപൻ അഭിപ്രായപ്പെട്ടു.
തന്റെ കലാജീവിതത്തിൽ നാടിന്റെ സ്വാധീനത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും എം മുകേഷ് എംഎൽഎ സംസാരിച്ചു. കൊല്ലത്ത് പഠിച്ചില്ലായിരുന്നെങ്കിൽ പലതും തനിക്ക് ചെയ്യാൻ കഴിയുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകൻ രാജീവ് അഞ്ചൽ, ഫാ. അഭിലാഷ് ഗ്രിഗറി, സംവിധായിക വിധു വിൻസെന്റ് എന്നിവർ കൊല്ലത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ചും ചരിത്രപരമായ ഉന്നതിയെക്കുറിച്ചും അനുഭവങ്ങൾ പങ്കുവച്ചു. എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. സി ഉണ്ണിക്കൃഷ്‌ണൻ സ്വാഗതവും ജി മുരളീധരൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..