കൊല്ലം
കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു കോടിയേരി ബാലകൃഷ്‌ണനെന്ന് ദേശാഭിമാനി ചീഫ്‌എഡിറ്റർ പുത്തലത്ത് ദിനേശൻ പറഞ്ഞു. ദേശാഭിമാനി കൊല്ലം യൂണിറ്റിൽ കോടിയേരി ബാലകൃഷ്‌ണൻ അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏറ്റവും സങ്കീർണമായ രാഷ്ട്രീയ ധാരണകളെപ്പോലും ആർക്കും മനസ്സിലാകുംവിധം വിശദീകരിച്ച് മുന്നോട്ടുപോകാനുള്ള അപാരമായ കഴിവ് കോടിയേരിക്ക് ഉണ്ടായിരുന്നു. ഏത് വലിയ കാര്യത്തെയും സാമാന്യയുക്തിയിലേക്ക് പരിവർത്തനംചെയ്യാനും അത് ജനങ്ങളുടെ മനസ്സിൽ തറപ്പിച്ചെടുക്കാനുമുള്ള കഴിവ് അസാധാരണമായിരുന്നു. ചെറുപ്പക്കാരുടെ നിരയെ വളർത്തിക്കൊണ്ടുവരുന്നതിൽ വലിയ പങ്കാണ് നിർവഹിച്ചത്. പ്രവർത്തകർക്ക് പുതിയ ചുമതലകൾ നിശ്ചയിച്ചുകൊടുക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു.
ഭരണാധികാരി എന്ന നിലയിൽ കോടിയേരി വ്യക്തിമുദ്ര പതിപ്പിച്ചു. നിയമസഭാ സാമാജികൻ എന്ന നിലയിലും കോടിയേരിയുടെ പ്രവർത്തനം തങ്കലിപികളാൽ എഴുതപ്പെടേണ്ടതാണ്. ആഭ്യന്തര, ടൂറിസം മന്ത്രിയെന്ന നിലയിൽ ഉജ്വല പ്രവർത്തനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ ഗൃഹപാഠം വിപുലമായിരുന്നു. അതിന്റെ ബലത്തിലായിരുന്നു ഉരുളയ്‌ക്കുപ്പേരി എന്ന കണക്കെ നിയമസഭയിലും പുറത്തും മറുപടി പറഞ്ഞിരുന്നത്.
ദേശാഭിമാനിയുടെ വളർച്ചയ്‌ക്ക് വലിയ ഇടപെടലാണ് അദ്ദേഹം നടത്തിയത്. അതിശക്തമായ ആക്രമണം പാർടിക്കെതിരെ നടക്കുന്ന ഘട്ടത്തിൽ കോടിയേരിയുടെ അഭാവം അഭാവമായിത്തന്നെ നിൽക്കുന്നുവെന്നും പുത്തലത്ത് ദിനേശൻ പറഞ്ഞു. യൂണിറ്റ് മാനേജർ ഐ സെയ്‌ഫ്, സീനിയർ ന്യൂസ്‌എഡിറ്റർ എസ് എസ് നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..