18 April Thursday

കൂട്ടത്തോടെ വിരുന്നെത്തി
വിത്സൺ കാറ്റിളക്കികൾ

സ്വന്തം ലേഖികUpdated: Sunday Oct 2, 2022

കൊല്ലം കടലിൽ വിരുന്നെത്തിയ ‘വിത്സൺ കാറ്റിളക്കി’ ദേശാടനപ്പക്ഷികൾ

കൊല്ലം
കൊല്ലം കടലിൽ വിരുന്നുകാരായി ആയിരക്കണക്കിന്‌  ‘വിത്സൺ കാറ്റിളക്കി’കൾ. ദേശാടനപ്പക്ഷികളായ ഇവയെ രാജ്യത്ത്‌ നടന്നിട്ടുള്ള കടൽപ്പക്ഷി സർവേകളിൽ ഇത്രയധികം ഒരുമിച്ചു  കണ്ടത്‌ ഇതാദ്യം. ‘ബേർഡ് വാച്ചേഴ്‌സ് ഓഫ് കേരള' ഫെയ്‌സ്‌ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ അഴീക്കൽ ഹാർബറിൽനിന്ന്‌ 50 കിലോ മീറ്റർ അകലെ കടലിൽ നടത്തിയ നിരീക്ഷണത്തിലാണ്‌ അന്റാർട്ടിക്കൻ ദ്വീപുകളിൽനിന്നും ദക്ഷിണ ഓസ്‌ട്രേലിയയിൽനിന്നുമുള്ള ദേശാടനക്കാരെ കണ്ടത്‌. കേരളത്തിൽ  ഇതിനു മുമ്പ്‌ ഇവയെ 50ൽ താഴെ മാത്രമേ കണ്ടിട്ടുള്ളൂ.   
കരയിൽനിന്ന്‌ ഏകദേശം 20 കിലോമീറ്റർ അകലെ ചത്ത തിമിംഗിലത്തിന്‌  ചുറ്റും ആഹാരത്തിനായി ഇവ ചുറ്റിക്കറങ്ങുന്ന കാഴ്‌ച കൗതുകം ഉണർത്തിയതായി പക്ഷി നിരീക്ഷകർ പറഞ്ഞു. വളരെ വേഗത്തിൽ പറക്കുന്ന ചെറിയ കടൽപ്പക്ഷികളായ കാറ്റിളക്കികളെ അടുത്തുകാണുക ശ്രമകരമാണ്‌.  മീനുകളെ ഇരയാക്കാത്ത ഇവയുടെ  പ്രിയ ഭക്ഷണം ചത്ത കടലാമകളും തിമിംഗിലങ്ങളുമാണ്‌. ചെങ്കാലൻ തിരവെട്ടി, തവിടൻ കടലാള തുടങ്ങി എട്ടിനം കടൽപ്പക്ഷികൾ ഉൾപ്പെടെ 29 ഇനം പക്ഷികളെയാണ് സർവേയിൽ കണ്ടെത്തിയത്‌.
സാധാരണ ഈ സമയങ്ങളിൽ കാണാറുള്ള തവിടൻ കാറ്റിളക്കികളെ കണ്ടെത്താനായില്ല. കേരളതീരത്തു കാണപ്പെടുന്ന ഒട്ടുമിക്ക കടൽപ്പക്ഷികളും ദീർഘദൂര ദേശാടകരാണ്. ഉത്തര–- ദക്ഷിണ ധ്രുവത്തിൽനിന്നു ഭൂമധ്യരേഖാ പ്രദേശത്തേക്ക് ദേശാടനം ചെയ്യുന്നവരാണ് ഭൂരിഭാഗം പക്ഷികളും. വിത്സൺ കാറ്റിളക്കിയും ചെങ്കാലൻ തിരവെട്ടിയും അന്റാർട്ടിക്കൻ ദ്വീപുകളിൽനിന്നും ദക്ഷിണ ഓസ്‌ട്രേലിയയിൽനിന്നുമുള്ളവരാണ്. മുൾവാലൻ സ്‌കുവ ആർട്ടിക്‌ പ്രദേശത്തുനിന്നും  തവിടൻ കടലാള ഇന്ത്യൻ മഹാസമുദ്രത്തിലെ വിവിധ ദ്വീപുകളിൽനിന്നും വരുന്നവരാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top