25 April Thursday

ആവേശമായി യൗവനാരവം

സ്വന്തം ലേഖകൻUpdated: Tuesday Aug 2, 2022

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ ക്യാപ്‌റ്റനായ തെക്കൻ മേഖലാ ജാഥയ്‌ക്ക്‌ പള്ളിമുക്കിൽ നൽകിയ സ്വീകരണം

കൊല്ലം
ഡിവൈഎഫ്‌ഐ 15നു സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചാരണാർഥം തെക്കൻമേഖലാ ജാഥ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. മഴയെത്തുടർന്നുള്ള പ്രതികൂല കാലാവസ്ഥയിലും ജനങ്ങളുടെ ഉജ്വല വരവേൽപ്പ്‌ ഏറ്റുവാങ്ങിയായിരുന്നു എല്ലാ കേന്ദ്രങ്ങളിലും സ്വീകരണം. ജാഥാംഗങ്ങളെ പഠനോപകരണങ്ങൾ നൽകി വരവേറ്റ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ മാതൃകയായി. 
‘എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചാരണാർഥമുള്ള ജാഥ ശനി വൈകിട്ടാണ്‌  ജില്ലയിൽ പ്രവേശിച്ചത്‌. ഞായറാഴ്‌ച കടയ്ക്കലിലായിരുന്നു ആദ്യ സ്വീകരണം. തുടർന്ന്‌ അഞ്ചൽ ചന്തമുക്ക്, പത്തനാപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കുണ്ടറയിൽ സമാപിച്ചു. തിങ്കളാഴ്‌ച ചാത്തന്നൂർ, പള്ളിമുക്ക്‌, ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം  ഭരണിക്കാവിൽ പര്യടനം പുർത്തിയാക്കി. 
കേന്ദ്രസർക്കാരിന്റെ  ജനവിരുദ്ധതയ്‌ക്കും കോർപറേറ്റ്‌ പ്രീണനത്തിനുമെതിരെ മുദ്രാവാക്യമുയർത്തിയ ജാഥ യുഡിഎഫ്‌– -ബിജെപി കൂട്ടുകെട്ടും വലതുപക്ഷമാധ്യമങ്ങളും ചേർന്നു നടത്തുന്ന നുണപ്രചാരണങ്ങളെയും തുറന്നുകാട്ടി. മഴയെ അവഗണിച്ച്‌  ജാഥയെ സ്വീകരിക്കാനും കേൾക്കാനും സ്‌ത്രീകളടക്കം നൂറുകണക്കിനാളുകൾ യോഗങ്ങളിൽ അണിചേർന്നു. തീരദേശ, മലയോര മേഖലകളിൽ തൊഴിലാളികളും കർഷകരും ഒന്നാകെ ജാഥയെ വരവേൽക്കാനെത്തി. വിദ്യാർഥി, മഹിളാ പങ്കാളിത്തവും വിവിധ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ സാന്നിധ്യവും ആവേശമായി.  
ക്യാപ്റ്റൻ വി കെ സനോജ്, മാനേജർ ചിന്താ ജെറോം, ജാഥാം​ഗങ്ങളായ സച്ചിൻദേവ് എംഎൽഎ, എം ഷാജർ, ആർ ശ്യാമ, ഗ്രീഷ്മ അജയഘോഷ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ശ്രീനാഥ്, സെക്രട്ടറി ശ്യാം മോഹൻ എന്നിവർ വിവിധയിടങ്ങളിൽ സംസാരിച്ചു. സമാപന സമ്മേളനം കേന്ദ്രകമ്മിറ്റി അം​ഗം ജെയ്‌ക്‌ സി തോമസ് ഉദ്ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top