18 April Thursday

വേഗക്കുതിപ്പിന്‌ കരാറായി

സ്വന്തം ലേഖകൻUpdated: Monday Aug 2, 2021

കൊല്ലം 

ദേശീയപാത 66 വികസനത്തിന്‌ കായംകുളം കൊറ്റുകുളങ്ങര മുതൽ കാവനാടുവരെ മുപ്പത്തിയൊന്നര  കിലോ മീറ്റർ വരുന്ന മൂന്നാം റീച്ചിന്റെ നിർമാണത്തിനു കരാറായി. 1580 കോടി രൂപയുടെ നിർമാണം ഏറ്റെടുത്തത്‌ ആന്ധ്രയിലെ വിശ്വാസമുദ്ര എൻജിനിയറിങ് പ്രൈവറ്റ്‌ ലിമിറ്റഡ്‌  കമ്പനിയാണ്‌. ഇവരുമായി ദേശീയപാത അതോറിറ്റി കരാർ ഒപ്പിട്ടു. സെപ്‌തംബർ അവസാനമോ ഒക്‌ടോബർ ആദ്യമോ നിർമാണം തുടങ്ങുമെന്നാണ്‌ സൂചന. 
ഏറ്റെടുത്ത ഭൂമിയുടെ നഷ്‌ടപരിഹാരത്തുക വിതരണം പൂർത്തിയാക്കിയാലേ നിർമാണം തുടങ്ങാനാകൂ.  വില നിർണയം പൂർത്തിയായിട്ടുണ്ട്‌. എന്നാൽ, ഉടമകൾക്ക്‌ നഷ്‌ടപരിഹാരത്തുക വിതരണം തുടങ്ങിയിട്ടില്ല. ഓച്ചിറ മുതൽ കടമ്പാട്ടുകോണംവരെ 17 വില്ലേജുകളിലായി 57.36 ഹെക്ടറാണ്‌ ഏറ്റെടുത്തത്‌.  കെട്ടിടം, വീട്‌, കൃഷി, മരങ്ങൾ എന്നിവയുടെ വിശദവിലയും നിർണയിച്ചിട്ടുണ്ട്‌. 2500 കോടി രൂപയാണ്‌ ആകെ കണക്കാക്കിയത്‌. അവധികഴിഞ്ഞ്‌ കലക്‌ടർ ബി അബ്ദുൽനാസർ തിങ്കളാഴ്‌ച എത്തുന്നതോടെ നഷ്ടപരിഹാരത്തുക വിതരണത്തിന്റെ ആദ്യഘട്ടം തീരുമാനിക്കും. ഭൂമി വിട്ടുനൽകിയ ഓച്ചിറ, ആദിനാട്‌, കുലശേഖരപുരം വില്ലേജുകളിൽപ്പെട്ടവർക്കാണ്‌ ആദ്യം തുക നൽകുക.  
ദേശീയപാത 66 ആറ്‌ റീച്ചായാണ്‌ നിർമാണം. തുറവൂർ –-ആലപ്പുഴ (37.9 കിലോമീറ്റർ), ആലപ്പുഴ –- കായംകുളം കൊറ്റുകുളങ്ങര (37.5 കിലോമീറ്റർ), കൊറ്റുകളുങ്ങര –-കൊല്ലം ബൈപാസ്‌ (കാവനാട്‌, 31.5 കിലോമീറ്റർ), കാവനാട്‌ –-കടമ്പാട്ടുകോണം (31.8 കിലോമീറ്റർ), കടമ്പാട്ടുകോണം –- കഴക്കൂട്ടം (29.52 കിലോമീറ്റർ), കഴക്കൂട്ടം –-ടെക്‌നോപാർക്ക്‌ ജങ്‌ഷൻ ഫ്ലൈഓവർ (2.59 കിലോമീറ്റർ)എന്നിവയാണ്‌ റീച്ചുകൾ. ഇതിൽ കഴക്കൂട്ടം –-ടെക്‌നോപാർക്ക്‌ ജങ്ഷൻ ഫ്ലൈഓവർ നിർമാണം പുരോഗതിയിലാണ്‌. അതൊഴിച്ചാൽ കൊറ്റുകളുങ്ങര –-കൊല്ലം ബൈപാസ്‌ റീച്ച്‌ മാത്രമാണ്‌ നിർമാണത്തിനു കരാറായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top