26 April Friday

കക്കൂസ് മാലിന്യ സംസ്‌കരണത്തിന്‌ സഞ്ചരിക്കുന്ന യൂണിറ്റുകൾ വരുന്നു

സ്വന്തം ലേഖികUpdated: Friday Jun 2, 2023
കൊല്ലം
കക്കൂസ് മാലിന്യം അതാതിടത്തുതന്നെ ശാസ്‌ത്രീയമായി സംസ്‌കരിക്കാൻ സഞ്ചരിക്കുന്ന യൂണിറ്റുകൾ (മൊബൈൽ ട്രീറ്റ്‌മെന്റ്‌ യൂണിറ്റ്‌) വാങ്ങാൻ കൊല്ലം കോർപറേഷൻ രംഗത്ത്‌.  ഇതിനു മുന്നോടിയായി കോർപറേഷൻ വളപ്പിൽ രണ്ടാംഘട്ട പ്രവർത്തന പ്രദർശനം 10ന്‌  മുമ്പായി നടക്കും. ഇത്തരത്തിലുള്ള സംവിധാനം സംസ്ഥാനത്ത്‌ ആദ്യമായി കൊല്ലത്ത്‌ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കോർപറേഷൻ. ഇതിനായി പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി നടപടി സ്വീകരിക്കും. 
തമിഴ്‌നാട്‌ ഡിണ്ടിഗൽ ആസ്ഥാനമായ വാഷ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ വികസിപ്പിച്ചെടുത്തതാണ്‌ സഞ്ചരിക്കുന്ന സംസ്‌കരണ യൂണിറ്റ്‌. സർക്കാർ അക്രഡിറ്റഡ്‌ ഏജൻസിയായ സോഷ്യോ ഇക്കണോമിക്‌ യൂണിറ്റ്‌ ഫൗണ്ടേഷനുമായി ചേർന്ന്‌ ഭൗമ എൻവിറോൺ ടെക്ക്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയാണ്‌  യൂണിറ്റ്‌ ലഭ്യമാക്കുക. ഇത്‌ നടപ്പാകുന്നതോടെ പൊതുജലാശയങ്ങളിലും ഓടകളിലും വയലുകളിലും മറ്റും കക്കൂസ്‌ മാലിന്യം തള്ളുന്ന പ്രവണതയ്‌ക്ക്‌ തടയിടാനാകും.   
ട്രക്കിലോ ചെറിയ വാഹനത്തിലോ ക്രമീകരിക്കാവുന്ന സംസ്കരണ യൂണിറ്റിൽ മണിക്കൂറിൽ 6000 ലിറ്റർ മലിനജലം സംസ്കരിച്ച് സുരക്ഷിതമായി ഒഴുക്കി കളയുന്നതിനോ വളമായി ഉപയോഗിക്കാനോ  കഴിയും. ചെറിയ വഴികളിലൂടെ സഞ്ചരിക്കുന്നതിന്‌ ചെറു വാഹനങ്ങളിൽ സ്ഥാപിക്കാവുന്ന 3000ലിറ്റർ സംഭരണശേഷിയുള്ള സംസ്‌കരണ യൂണിറ്റുമുണ്ട്‌. ഇത്‌ രണ്ടും വാങ്ങാനാണ്‌ ലക്ഷ്യം.
അപകടകാരികളായ അണുക്കളോ മറ്റു മാലിന്യങ്ങളോ സംസ്കരിച്ച ജലത്തിലുണ്ടാകില്ല.  പരിസ്ഥിതി മാനദണ്ഡങ്ങൾക്കനുസൃതമായി പുറത്തുവരുന്ന വെള്ളത്തിന്‌ ദുർഗന്ധവുമുണ്ടായിരിക്കില്ല. കേന്ദ്ര നഗരവികസന മന്ത്രാലയം, കേന്ദ്ര ജലശക്തി മന്ത്രാലയം, സ്വച്ഛ് ഭാരത് മിഷൻ തുടങ്ങിയ സർക്കാർ ഏജൻസികളുടെ അംഗീകാരമുള്ള യൂണിറ്റാണിത്‌.
കുരീപ്പുഴയില സ്വീവേജ്‌ ട്രിറ്റ്‌മെന്റ്‌ പ്ലാന്റ്‌ നിർമാണം അന്തിമഘട്ടത്തിലാണെന്നും അതിനൊപ്പം വീടുകളിലെത്തി മാലിന്യം സംസ്‌കരിക്കാവുന്ന ഇത്തരം സൗകര്യംകൂടി വരുന്നതോടെ കക്കൂസ്‌ മാലിന്യ പ്രശ്‌നത്തിന്‌ പരിഹാരമാകുമെന്നും മേയർ പ്രസന്ന ഏണസ്‌റ്റ്‌ പറഞ്ഞു. 
  2018ലെ പ്രളയകാലത്ത്‌ യൂണിസെഫുമായി ചേർന്ന്‌ വാഷ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ  ക്യാമ്പുകളിൽ ശുചിമുറി മാലിന്യം സംസ്‌കരിച്ചിരുന്നു. 158 മേഖലയിലെ 60 ക്യാമ്പുകളിൽനിന്ന്‌ 918.222ലിറ്റർ മാലിന്യമാണ്‌  സംസ്‌കരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top