26 April Friday

വിദ്യാഭ്യാസ ആനുകൂല്യം ഇരട്ടിയാക്കി സർക്കാർ

സ്വന്തം ലേഖകൻUpdated: Sunday Apr 2, 2023
കൊല്ലം
കശുവണ്ടിത്തൊഴിലാളികളുടെ ക്ഷേമപെൻഷൻ അടക്കമുള്ള സമാശ്വാസ നടപടികൾക്കു പിന്നാലെ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം സംസ്ഥാന സർക്കാർ ഇരട്ടിയിൽ അധികമായി വർധിപ്പിച്ചു. കേരള കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിൽ സജീവ അംഗങ്ങളായ 67,768 തൊഴിലാളികളുടെ മക്കളിൽ ഉപരിപഠനത്തിനു പോകുന്നവർക്കാണ്‌ സ്‌കോളർഷിപ്‌ ആനുകൂല്യം ലഭിക്കുക. ശരാശരി ഒരുവർഷം 3500 പേർക്ക്‌ വർധിപ്പിച്ച ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കുമെന്ന്‌ ബോർഡ്‌ ചെയർമാൻ കെ സുഭഗൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്ലസ്‌ വൺ, പ്ലസ്‌ടു കോഴ്‌സിന്‌ സ്‌കോളർഷിപ്‌ 500 രൂപയിൽനിന്ന്‌ 1000, ബിരുദം 750ൽനിന്ന്‌ 1500, ബിരുദാനന്തര ബിരുദം 1000ൽനിന്ന്‌ 2000, പ്രൊഫഷണൽ കോഴ്‌സ്‌ 1500ൽനിന്ന്‌ 3000, പിഎച്ച്‌ഡി 2000ൽനിന്ന്‌ 5000 രൂപയായുമാണ്‌ ഉയർത്തിയിട്ടുള്ളത്‌. കൂടാതെ എസ്‌എസ്‌എൽസിക്ക്‌ എല്ലാ വിഷയങ്ങൾക്കും എപ്ലസ്‌ നേടുന്ന വിദ്യാർഥിക്ക്‌ 1500 രൂപ, ഒമ്പത്‌ എ പ്ലസും ഒരു എയും നേടുന്ന കുട്ടിക്ക്‌ 1200, പ്ലസ്‌ടുവിന്‌ എല്ലാ വിഷയങ്ങൾക്കും എപ്ലസ്‌ നേടിയാൽ 2000 രൂപയും ബിരുദമോ തത്തുല്യ കോഴ്‌സോ പാസായാൽ 3000, ബിരുദാനന്തര ബിരുദത്തിനും പ്രൊഫഷണൽ കോഴ്‌സിനും 5000 രൂപയും നൽകിവരുന്നുണ്ട്‌. 
ക്ഷേമപെൻഷൻ ലഭിക്കുന്ന തൊഴിലാളികളുടെ എണ്ണം 64,267 ആണ്‌. പെൻഷൻ വാങ്ങുന്നയാളോ തൊഴിലാളിയോ മരിച്ചാൽ നോമിനിക്ക്‌ സംസ്‌കാരച്ചടങ്ങിന്‌ സാമ്പത്തിക ആനുകൂല്യമായി നൽകിയിരുന്ന തുകയും ഇരട്ടിയിൽ അധികമായി വർധിപ്പിച്ചിട്ടുണ്ട്‌. പെൻഷണർ മരിച്ചാലുള്ള സംസ്‌കാര സാമ്പത്തിക ആനുകൂല്യം ആയിരത്തിൽനിന്ന്‌ 2500 രൂപയായും തൊഴിലാളി മരിച്ചാൽ 2000ൽനിന്ന്‌ 5000 രൂപയായുമാണ്‌ വർധിപ്പിച്ചത്‌. അടഞ്ഞുകിടക്കുന്ന സ്വകാര്യ–- പൊതുമേഖലാ കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്ക്‌ തൊഴിൽവകുപ്പ്‌ മുഖേനയുള്ള സർക്കാർ ധനസഹായം 2017മുതൽ കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ്‌ വിതരണംചെയ്യുന്നു. ബോർഡിൽനിന്ന്‌ 1600 രൂപ ക്ഷേമപെൻഷനും വിതരണംചെയ്യുന്നു. കഴിഞ്ഞ ഡിസംബറിൽ 62,025 പേർക്ക്‌ 1600 രൂപവീതം 9,92,40,402 രൂപയാണ്‌ വിതരണംചെയ്തത്‌. ബോർഡിന്റെ 2023–-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ കശുവണ്ടിത്തൊഴിലാളികൾക്ക്‌ സൗജന്യ നേത്ര പരിശോധനയ്‌ക്കും കണ്ണട വിതരണത്തിനും മാരകരോഗം ബാധിച്ചവർക്ക്‌ അടിയന്തര ചികിത്സയ്‌ക്കുമായി 30,50,000 രൂപയും വകയിരുത്തി. വർധിപ്പിച്ച ആനുകൂല്യങ്ങളായ സ്‌കോളർഷിപ്‌, സംസ്‌കാരച്ചടങ്ങിനുള്ള സാമ്പത്തിക സഹായം എന്നിവയുടെ വിതരണത്തിനായി 40,00,000 രൂപയും നീക്കിവച്ചിട്ടുണ്ട്‌. ബോർഡ്‌ ഡയറക്ടർമാരായ അയത്തിൽ സോമൻ, കുന്നത്തൂർ ഗോവിന്ദപ്പിള്ള, ജി വേണുഗോപാൽ, ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ എ ബിന്ദു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
വർധിപ്പിച്ച ആനുകൂല്യം: 
സംസ്ഥാനതല ഉദ്‌ഘാടനം 4ന്‌
കേരള കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിന്റെ വർധിപ്പിച്ച നിരക്കിലുള്ള ആനുകൂല്യങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനവും ക്യാഷ്‌ അവാർഡ്‌ വിതരണവും ചൊവ്വാഴ്‌ച കൊട്ടാരക്കരയിൽ നടക്കുമെന്ന്‌ ചെയർമാൻ കെ സുഭഗൻ പറഞ്ഞു. ധന്യാ ഓഡിറ്റോറിയത്തിൽ രാവിലെ 10ന്‌ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്യും. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. ക്യാഷ്‌ അവാർഡ്‌ വിതരണം കൊടുക്കുന്നിൽ സുരേഷ്‌ എംപിയും കിലെ സിവിൽ സർവീസ്‌ പരീക്ഷാ പരിശീലനത്തിൽ പങ്കെടുത്ത ടി വിഷ്‌ണുവിന്‌ ധനസഹായ വിതരണം കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹനും നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top