29 March Friday

പാലൂസിലുണ്ട്‌, 
കൊതിയൂറും വിഭവങ്ങൾ

സ്വന്തം ലേഖകൻUpdated: Sunday Apr 2, 2023

നോമ്പ് തുറ വിഭവങ്ങളുമായി റഫീഖ്

കൊല്ലം
ഇറച്ചിപ്പത്തിരി, ചട്ടിപ്പത്തിരി, കോഴി അട, കണ്ണൂർ കലത്തപ്പം, ഉന്നക്കായ, ബ്രെഡ്‌ നിറച്ചത്‌, പെട്ടിപ്പത്തൽ, ക്യാരറ്റ്‌ പോള, മുട്ടമാല, കായ്‌പോള, ചിക്കൻ പൊക്കോഡ, പഴം നിറച്ചത്‌, ഏലാഞ്ചി, ഓമന പത്തിരി... മലബാറിലെ കൊതിയൂറും നോമ്പുതുറ വിഭവങ്ങൾ കൊല്ലത്തുകാരെ പരിചയപ്പെടുത്തുകയാണ്‌ പള്ളിമുക്ക്‌ പാലൂസ്‌ കൂൾബാർ ഉടമ റഫീഖ്‌. എല്ലാ ദിവസവും വൈകിട്ട്‌ നാലുമുതൽ ആറുവരെ സീനാസ്‌ റോഡിലെ കൂൾബാറിനു മുന്നിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിലൂടെയാണ്‌ വിൽപ്പന. കണ്ണൂർ സ്വദേശിയായ റഫീഖും ഭാര്യ സഫറുന്നീസയും ചേർന്നാണ്‌ കണ്ണൂർ, തലശേരി വിഭവങ്ങൾ തയ്യാറാക്കുന്നത്‌. 10 മുതൽ 20 രൂപവരെയാണ്‌ ഓരോ വിഭവങ്ങൾക്കും വില. ആവശ്യക്കാർക്ക്‌ ഓർഡർ അനുസരിച്ചും ഉണ്ടാക്കി നൽകുന്നു. നാലുമാസം മുമ്പാണ്‌ റഫീഖ്‌ പള്ളിമുക്കിൽ കൂൾബാർ ആരംഭിക്കുന്നത്‌. കണ്ണൂരിൽ സഹോദരൻ അഷ്‌റഫുമായി ചേർന്നും നാല്‌ കൂൾബാർ നടത്തുന്നുണ്ട്‌.
മുഹബത്ത്‌ കാ 
സർബത്ത്‌ ഹിറ്റ്‌
രുചിയൂറും വിഭവങ്ങൾ കൂടാതെ വ്യത്യസ്തമായ ജ്യൂസുകളും പള്ളിമുക്കിലെ പാലൂസ്‌ കൂൾബാറിലുണ്ട്‌. തണ്ണിമത്തനും പാലും ചേർത്തുണ്ടാക്കുന്ന മുഹബത്ത്‌ കാ സർബത്ത്‌, ക്യാരറ്റ്‌, പപ്പായ, ഐസ്‌ക്രീം എന്നിവകൊണ്ടുള്ള കണ്ണൂർ കോക്‌ടെയ്‌ൽ എന്നിവയാണ്‌ ഇവിടുത്തെ സ്‌പെഷ്യൽ ഐറ്റങ്ങൾ. ഉത്തരേന്ത്യൻ വിഭവമായ മുഹബത്ത്‌ കാ സർബത്തിന്‌ 50 രൂപയാണ്‌ വില. കൂടാതെ പൊരിച്ച അവിൽ കൊണ്ടുള്ള അവിൽ മിൽക്ക്‌, ഇളനീർ ഷേക്ക്‌, ഇളനീർ ജ്യൂസ്‌, ഇളനീർ അവിൽ തുടങ്ങിയവയ്‌ക്കും ആവശ്യക്കാർ ഏറെയാണ്‌. നോമ്പ്‌ കഴിയുന്നതോടെ ജ്യൂസ്‌ വിൽപ്പന സജീവമാക്കാനാണ്‌ റഫീഖിന്റെ തീരുമാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top