25 April Thursday
ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന

വൃത്തിയില്ല: 2 സ്ഥാപനം അടപ്പിച്ചു

സ്വന്തം ലേഖകൻUpdated: Thursday Feb 2, 2023

ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധന

കൊല്ലം
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച രണ്ടു സ്ഥാപനം ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചു. പട്ടാഴിയിലെ ഇന്ത്യൻ ബേക്കറി, ഓച്ചിറയിലെ കടലോരം റസ്റ്റോറന്റ് എന്നിവയാണ് പൂട്ടിച്ചത്. ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ സ്‌പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് കണ്ടെത്തിയത്. ഇവർക്ക് നേരത്തെ താക്കീത് നൽകിയിരുന്നു. ഭക്ഷണം എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നു വ്യക്തമാക്കുന്ന സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത  പാഴ്സലുകളാണ് ഇവിടെനിന്ന് നൽകുന്നതെന്നും കണ്ടെത്തി. 
ഭക്ഷണം പാകംചെയ്ത തീയതിയും സമയവും സ്ലിപ്പിലോ സ്റ്റിക്കറിലോ വേണം. സാഹചര്യം തൃപ്തികരമാണെങ്കിൽ മാത്രമേ സ്ഥാപനം വീണ്ടും തുറക്കാൻ അനുവദിക്കൂ.  ജീവനക്കാർക്ക്  മെഡിക്കൽ ഫിറ്റ്നസ് വേണം. പരിശീലന സെക്‌ഷനിൽ പങ്കെടുക്കണം. തുറന്ന് മൂന്നുമാസത്തിനുള്ളിൽ ഇത്തരം സ്ഥാപനങ്ങൾ  ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഹൈജീൻ റേറ്റിങ് കരസ്ഥമാക്കണം. ജില്ലയിൽ ബുധനാഴ്ച ഭക്ഷ്യസുരക്ഷാവകുപ്പ് 18 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. നിയമപ്രകാരമുള്ള സ്റ്റിക്കർ പതിക്കാതെ പാഴ്സൽ നൽകിയ മൂന്നു സ്ഥാപനത്തിന് പിഴയിട്ടു. നിയമലംഘനം ആവർത്തിച്ചാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകരമുള്ള മറ്റു നടപടികളിലേക്ക് കടക്കും. 
കരുനാ​ഗപ്പള്ളി, പത്തനാപുരം, കൊല്ലം എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചാണ് പരിശോധന നടന്നത്. പച്ചമുട്ട ഉപയോഗിച്ച്‌ നിർമിക്കുന്ന മയോണൈസ് വിൽക്കുന്നതടക്കമുള്ളവയാണ് പരിശോധിക്കുന്നത്. പരിശോധന കർശനമായി തുടരുമെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ്‌  കമീഷണർ എസ് അജി  അറിയിച്ചു.  
കരുനാ​ഗപ്പള്ളിയിൽ ഫുഡ്സേഫ്ടി ഓഫീസർമാരായ ഷീന ഐ നായർ, ചിത്രാമുരളി, കൊല്ലത്ത് എസ് ആർ റസീമ, എസ് സം​ഗീത്, പത്തനാപുരത്ത് നിഷാ റാണി, ഡോ. അരുൺകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top