27 April Saturday

കപ്പൽ ജീവനക്കാരുടെ മോചനം 
നീളുന്നു; കേന്ദ്രം നിഷ്‌ക്രിയം

സ്വന്തം ലേഖകൻUpdated: Thursday Dec 1, 2022
കൊല്ലം
‘മകൻ ഉൾപ്പെടെയുള്ളവരുടെ മോചനം അനിശ്ചിതമായി നീളുന്നത്‌ നമ്മുടെ എംബസിയുടെ കഴിവുകേടാണ്‌. ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന സ്ഥിരം മറുപടി മാത്രം’–- നൈജീരിയൻ സേനയുടെ കസ്റ്റഡിയിലായ 16 ഇന്ത്യക്കാർ ഉൾപ്പെടുന്ന കപ്പൽ ജീവനക്കാരിൽ മലയാളിയായ നിലമേൽ സ്വദേശി വിജിത് വി നായരുടെ അച്ഛൻ ത്രിവിക്രമൻനായരുടെ വാക്കുകളിൽ കടുത്ത ആശങ്കയും പ്രതിഷേധവും. തടവിലായവരുടെ മോചനത്തിന്‌ കേന്ദ്രസർക്കാർ ശക്തമായ നടപടിക്ക്‌ തയ്യാറാകണം. ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കാൻ സർക്കാരിനു ബാധ്യതയുണ്ട്‌. ഒന്നും അറിയാൻ കഴിയുന്നില്ല. വിജിത്തിന്‌ ഉൾപ്പെടെ മലേറിയ പിടിപെട്ടു. ആശുപത്രിയിലായശേഷം മെസേജ്‌ അയച്ചിരുന്നു. പിന്നീട്‌ ഒരു വിവരവുമില്ല. രാജ്യദ്രോഹക്കുറ്റമൊന്നും അവർ ചെയ്‌തിട്ടില്ല. അവരുടെ കൈവശം നിയമപ്രകാരമുള്ള എല്ലാ രേഖയുമുണ്ട്‌. അത്‌ അവർ നൈജീരിയൻ കോടതിയിലും കൊടുത്തിട്ടുണ്ട്‌.   അതിനപ്പുറം ഒരു വിവരവുമില്ല–- ത്രിവിക്രമൻനായർ പറഞ്ഞു.  
പതിനാറ്‌ ഇന്ത്യക്കാരും ശ്രീലങ്ക, പോളണ്ട്‌, ഫിലിപ്പീൻസ്‌ സ്വദേശികളായ 10 പേരുമാണ്‌ കപ്പലിലുള്ളത്‌. വിജിത്തിനെ കൂടാതെ വയനാട്‌ സ്വദേശിയായ കപ്പലിലെ ചീഫ്‌ ഓഫീസർ സനു ജോസ്‌, എറണാകുളം മുളവുകാട്‌ സ്വദേശി മിൽട്ടൺ ഡിക്കോത്ത എന്നിവരാണ്‌ മലയാളികൾ. കപ്പലിലുള്ള 26 പേരുടെയും മൊബൈൽ ഫോണും ലാപ്‌ടോപ്പും നൈജീരിയൻ നാവികസേന പിടിച്ചുവച്ചിരിക്കുകയാണ്‌. മൊബൈൽ ഫോണിൽ രണ്ടുമിനിറ്റ്‌ ബന്ധുക്കളോട്‌ സംസാരിക്കാൻ നേരത്തെ അനുവദിച്ചിരുന്നു. ഇപ്പോൾ അതും മുടങ്ങി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top