18 December Thursday

നല്ല നാളേയ്‌ക്കായി

എം അനിൽUpdated: Sunday Oct 1, 2023

കൊല്ലം മഹോത്സവത്തിന്റെ ഭാഗമായി ‘കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ’ വിഷയത്തിൽ സംഘടിപ്പിച്ച സിമ്പോസിയം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
ഉജ്വല വിദ്യാർഥി മുന്നേറ്റങ്ങൾക്ക്‌ സാക്ഷ്യംവഹിച്ച കൊല്ലം ശ്രീനാരായണ കോളേജ്‌ നാടിന്റെ ചരിത്ര പശ്ചാത്തലത്തിൽ നിന്നുകൊണ്ട്‌ നല്ല നാളയെ സൃഷ്‌ടിക്കാനുള്ള സർഗാത്മകമായ ചർച്ചകൾക്കും വേദിയായി. കൊല്ലത്തിന്റെ ഭാവി വികസനത്തിന്‌ സാമ്പത്തിക വിദഗ്‌ധർ, വിദ്യാഭ്യാസ വിചക്ഷണർ, ഗവേഷകർ, ശാസ്‌ത്രജ്ഞർ, വ്യവസായികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർഥികൾ എന്നിങ്ങനെ സമൂഹമൊന്നാകെ കൈകോർക്കുന്ന അപൂർവ കൂട്ടായ്‌മയ്‌ക്കാണ്‌ എൻ എസ്‌ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച കൊല്ലം മഹോത്സവം വേദിയായത്‌. ഉദ്‌ഘാടന വേദിയിൽ കേട്ടത്‌ ഇന്നലെകളുടെ ചരിത്രത്തിൽനിന്നും ഇന്നിന്റെ മുന്നേറ്റങ്ങളിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ട്‌ വരുംകാലത്തെ എങ്ങനെ കെട്ടിപ്പടുക്കാമെന്ന വാക്കുകളാണ്‌. എസ്‌എൻ കോളേജ്‌ വിദ്യാർഥികളായ ആദിത്യ, മയൂഖ എന്നിവരുടെ നൃത്തത്തോടെയായിരുന്നു മഹോത്സവത്തിന്‌ തുടക്കം. ഹരിത വിപ്ലവത്തിന്റെ പിതാവ്‌ എം എസ്‌ സ്വാമിനാഥന്‌ ചടങ്ങിൽ ആദരാഞ്ജലി അർപ്പിച്ചു. നല്ല മാതൃകകൾ സ്വീകരിച്ച്‌ പുതിയ സമൂഹം കെട്ടിപ്പടുക്കണമെന്നും ഒരുമിച്ചുനിന്ന്‌ വികസനത്തിന്‌ കൈകോർക്കാൻ വർഗീയത തടസ്സമാകരുതെന്നും മഹോത്സവം ഉദ്‌ഘാടനംചെയ്‌ത്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. 
കൊല്ലത്ത്‌ ചരിത്രമ്യൂസിയം സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്ന്‌ ആശംസകളർപ്പിച്ച മന്ത്രി കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തിന്‌ ഗുണകരമായി മഹോത്സവം മാറട്ടെയെന്ന ഡിസിസി പ്രസിഡന്റ്‌ പി രാജേന്ദ്രപ്രസാദിന്റെ ആശംസ വേദിയും സദസ്സും കരഘോഷത്തോടെ വരവേറ്റു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ, മുൻമന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ, എൻ എസ്‌ സഹകരണ ആശുപത്രി പ്രസിഡന്റ്‌ പി രാജേന്ദ്രൻ, പികെഎസ്‌ സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ്‌, ഷോപ്‌സ്‌ ക്ഷേമനിധി ചെയർമാൻ കെ രാജഗോപാൽ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ, കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ, കാപ്പക്‌സ്‌ ചെയർമാൻ എം ശിവശങ്കരപ്പിള്ള, കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ജോർജ്‌ മാത്യൂ, കരകൗശല വികസന കോർപറേഷൻ ചെയർമാൻ പി രാമഭദ്രൻ, പിഎസ്‌സി മുൻ ചെയർമാൻ എം ഗംഗാധരക്കുറുപ്പ്‌, ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ എക്‌സ്‌ ഏണസ്‌റ്റ്‌, മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു, യുവജന കമീഷൻ മുൻ ചെയർപേഴ്‌സൺ ചിന്താ ജെറോം, സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ്‌, സംഘാടകസമിതി കോ–-ഓർഡിനേറ്റർ വി കെ അനിരുദ്ധൻ, കേരള സർവകലാശാല സിൻഡിക്കറ്റ്‌ അംഗം ജി മുരളീധരൻ, ജനപ്രതിനിധികൾ, സാംസ്‌കാരിക–- സാഹിത്യ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമൂഹചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും പുരോഗമന കലാസാഹത്യസംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനവും എം എ ബേബി നിർവഹിച്ചു.  പതിനാല്‌ വേദികളിലായി നടന്ന പ്രബന്ധാവതരണം സമസ്‌ത മേഖലകളെയും അടയാളപ്പെടുത്തുന്നതിനൊപ്പം നാളേയ്‌ക്കായുള്ള ദിശാബോധം പകരുന്നതുമായി. കഥകളി, ഓട്ടൻതുള്ളൽ, കാക്കാരിശി നാടകം, കരടികളി, നൃത്തങ്ങൾ, നാടൻപാട്ടുകൾ തുടങ്ങിയവ പ്രധാനവേദിക്ക്‌ നിറമേകി. മന്ത്രി കെ എൻ ബാലഗോപാൽ ദേശാഭിമാനി പ്രദർശന ഹാൾ സന്ദർശിച്ചു. മഹോത്സവം ഞായറാഴ്ച സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top