കൊല്ലം
മഴ ശക്തമാകുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അഫ്‌സാന പർവീൺ. നിർദേശങ്ങൾ കർശനമായി പാലിക്കണം. മീൻ പിടിത്തത്തിന് പോകാൻ പാടില്ല. കടലിൽപോയിട്ടുള്ളവർ എത്രയും വേഗം തിരികെ എത്തണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചു മാറ്റാൻ തദ്ദേശഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും അടിയന്തര നടപടി സ്വീകരിക്കണം.എല്ലാ താലൂക്ക് ഓഫീസുകളിലെയും കൺട്രോൾ റൂമുകൾ ഓറഞ്ച് അലർട്ടുള്ള ദിവസങ്ങളിൽ സുസജ്ജമായി പ്രവർത്തിപ്പിക്കുവാൻ നിർദേശം നൽകി. പൊലീസ്, ഫയർ - റസ്‌ക്യൂ കൺട്രോൾ റൂമുകളും സജ്ജമാക്കാൻ വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി.
മലയോര മേഖലകളിലേയും ജലാശയങ്ങളിലെയും വിനോദസഞ്ചാരം ഒഴിവാക്കാൻ വനം വകുപ്പും, ടൂറിസം വകുപ്പ് നടപടിയെടുക്കണം. കെഎസ്ഇബിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും കാര്യാലയങ്ങളിൽ അടിയന്തര റിപ്പയർ സംഘങ്ങളെ സജ്ജമാക്കണം. ദുരിതാശ്വാസകേന്ദ്രങ്ങളായി പ്രവർത്തിപ്പിക്കാൻ ആവശ്യമായ കെട്ടിടങ്ങൾ സുസജ്ജമാക്കി വില്ലേജ് ഓഫീസർമാർ താക്കോൽ കൈവശം വയ്ക്കണം.
സെൽഫി വേണ്ട
ഉരുൾപൊട്ടൽ,- മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കണം. എല്ലാവിധ ഖനന പ്രവർത്തനങ്ങളും ഓറഞ്ച് അലർട്ടുള്ള ദിവസങ്ങളിൽ നിരോധിച്ചു. കിണറിനും നിർമാണത്തിനുമുള്ള കുഴിയെടുപ്പ്, മണ്ണെടുപ്പ് തുടങ്ങിയവ ജാഗ്രതാ മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ നിർത്തിവയ്ക്കണം. നദീതീരങ്ങളിലും പാലങ്ങളിലും വെള്ളച്ചാട്ടമുള്ള പ്രദേശങ്ങളിലും കൂട്ടംകൂടി നിൽക്കുന്നതും വിനോദങ്ങളിൽ ഏർപ്പെടുന്നതും സെൽഫിയെടുക്കുന്നതും നിരോധിച്ചു. ജില്ലയിലെ എല്ലാ സാമൂഹ്യ/പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. ആറു താലൂക്കുകളിലും 100 കിലോഗ്രാം അരി, 50 കിലോഗ്രാം പയർ, 10 ലിറ്റർ ഭക്ഷ്യ എണ്ണ, 75 ലിറ്റർ മണ്ണെണ്ണ എന്നിവ ആവശ്യംവന്നാൽ ഉപയോഗിക്കാനായി കരുതിവയ്‌ക്കേണ്ടത് ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതലയാണ്. ആവശ്യമെങ്കിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി 12 കെഎസ്ആർടിസി ബസുകൾ സജ്ജമാക്കാനും നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..