20 April Saturday

പോപ്പുലർ ഫ്രണ്ടിന്റെ 3 ഓഫീസ്‌ അടച്ചുപൂട്ടി

സ്വന്തം ലേഖകൻUpdated: Saturday Oct 1, 2022

പോപ്പുലർ ഫ്രണ്ട്‌ ദക്ഷിണമേഖലാ ആസ്ഥാനമായ കരുനാഗപ്പള്ളി പുതിയകാവിലെ കാരുണ്യ ട്രസ്റ്റ്‌ ഓഫീസ് 
പൊലീസ് സീൽ ചെയ്യുന്നു

കൊല്ലം
പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്രസർക്കാർ നിരോധിച്ച സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ജില്ലയിലെ മൂന്ന്‌ ഓഫീസ്‌ സീൽചെയ്‌തു. കരുനാഗപ്പള്ളി പുതിയകാവിനു സമീപത്തെ പോപ്പുലർ ഫ്രണ്ട്‌ ദക്ഷിണമേഖലാ ആസ്ഥാനമായ കാരുണ്യ ട്രസ്റ്റ്‌ ഓഫീസ്‌, പള്ളിമുക്കിലെ ജില്ലാ കമ്മിറ്റി ഓഫീസ്‌, അഞ്ചൽ കൈതാടിയിലെ കൊല്ലം ഈസ്റ്റ് മേഖലാ ഓഫീസ് എന്നിവയാണ്‌ യഥാക്രമം എൻഐഎയും പൊലീസും വെള്ളിയാഴ്‌ച സീൽചെയ്‌തത്‌. കരുനാഗപ്പള്ളിയിലെ ഓഫീസ്‌ കൊച്ചിയിൽനിന്ന്‌ എത്തിയ രണ്ടംഗ എൻഐഎ സംഘവും സംസ്ഥാന പൊലീസും രാത്രി ഏഴര കഴിഞ്ഞ്‌ വെവ്വേറെ പൂട്ടി സീൽവയ്‌ക്കുകയായിരുന്നു. ഈ സമയം ഓഫീസിൽ ആറ്‌ ജീവനക്കാർ ഉണ്ടായിരുന്നു. ആരും പ്രതിഷേധം ഉയർത്തിയില്ല. പോപ്പുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി കുലശേഖരപുരം പുന്നക്കുളം മാതേരയ്യത്ത് അബ്ദുൽ സത്താറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ്‌ ഓഫീസ്‌ സീൽചെയ്‌തതെന്നും ഓഫീസ്‌ തുറക്കാനോ കൈമാറ്റത്തിനോ വിൽക്കാനോ ശ്രമിക്കരുതെന്നും എൻഐഎ സംഘം നിർദേശംനൽകി. തഹസിൽദാർ പി ഷിബു, ഡെപ്യൂട്ടി തഹസിൽദാർ അനീഷ് എന്നിവരുടെ സാന്നിധ്യത്തിൽ എൻഐഎ അധികൃതർ സ്ഥാപനം പൂട്ടുന്നതു സംബന്ധിച്ച് രേഖകൾ ഓഫീസിൽ ഉണ്ടായിരുന്ന പ്രവർത്തകർക്കു നൽകി. തുടർന്ന് പ്രവർത്തകരെ പുറത്തിറക്കി കെട്ടിടത്തിന്റെ ജനാലകളും കതകുകളും അടച്ചുപൂട്ടി ഓഫീസ് കെട്ടിടവും ഗേറ്റും പൊലീസിന്റെ സഹായത്തോടെ സീൽ ചെയ്യുകയായിരുന്നു. അനധികൃതമായി ഓഫീസിലേക്ക് കടന്നുകയറുന്നത് കുറ്റകരമായിരിക്കുമെന്ന് അറിയിപ്പും നൽകി.  കരുനാഗപ്പള്ളി എസിപി വി എസ് പ്രദീപ്കുമാർ, സിഐ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ്‌ നടപടികൾ. അബ്ദുൽ സത്താറിനെ കഴിഞ്ഞ ദിവസം ഇതേ ഓഫീസിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്‌.
വെള്ളിയാഴ്‌ച ഉച്ചയോടെയാണ് കൊല്ലം എസിപി അഭിലാഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പള്ളിമുക്കിലെ ജില്ലാ ഓഫിസ് സീൽചെയ്‌തത്‌. പ്രവർത്തകർ ആരും ഓഫീസിൽ ഉണ്ടായിരുന്നില്ല. 
പുനലൂർ ഡിവൈഎസ്‌പി ബി  വിനോദ്, അഞ്ചൽ എസ്എച്ച്ഒ കെ ജി ഗോപകുമാർ,  എസ്ഐ പ്രജീഷ് എന്നിവരുടെ  നേതൃത്വത്തിലാണ്‌ അഞ്ചലിലെ ഓഫീസ്‌ വൈകിട്ട്‌ പൂട്ടിയത്. പൊലീസ് എത്തിയപ്പോൾ  ഓഫീസ് പൂട്ടിയനിലയിൽ ആയിരുന്നു. രണ്ടുമാസം മുമ്പാണ്‌ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്‌. ഇവിടെനിന്ന്‌ ഏതാനും മീറ്റർ അകലെയാണ്‌ എൻഐഎ അറസ്റ്റ്‌ ചെയ്‌തതിനെത്തുടർന്ന്‌ റിമാൻഡിൽ കഴിയുന്ന  ക്യാമ്പസ് ഫ്രണ്ട് അഖിലേന്ത്യ ഭാരവാഹി റൗഫ് ഷെരീഫിന്റെ പുതുതായി നിർമിച്ച വീട്‌. കഴിഞ്ഞ ദിവസം ഈ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ജില്ലയിൽ ഹർത്താൽ അക്രമങ്ങളിൽ ഇതുവരെ 42 കേസിലായി 346 പേർ അറസ്റ്റിലായിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top