25 April Thursday

അടുപ്പിക്കരുത്‌ പ്ലാസ്റ്റിക്കിനെ

സ്വന്തം ലേഖികUpdated: Friday Jul 1, 2022
കൊല്ലം
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങ‍ൾക്കുള്ള നിരോധനം വെള്ളിയാഴ്‌ച മുതൽ കർശനമാക്കാൻ  തദ്ദേശസ്ഥാപനങ്ങൾ. വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനയും പിഴ ഈടാക്കലും ശക്തമാക്കും. കോവിഡ് കാലത്ത് നൽകിയ ഇളവുകൾ ഇനി ലഭിക്കില്ല. പ്ലാസ്റ്റിക് കവർ ഉൾപ്പെടെ നിരോധിച്ച ഉൽപ്പന്നങ്ങൾ വിൽക്കുന്നത്‌ അവസാനിപ്പിക്കണമെന്നും പുതിയ സ്റ്റോക്ക്‌ എടുക്കരുതെന്നുമുള്ള നിർദേശവുമായി വ്യാപാരമേഖലയിലെ സംഘടനകളും രംഗത്തെത്തി. 
പ്ലാസ്റ്റിക് കവർ, സ്ട്രോ, പ്ലേറ്റ്, കപ്പ് തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങ‍ൾക്കുള്ള നിരോധനം രാജ്യത്ത്‌ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിർദേശം. എല്ലാ വ്യപാരശാലകളിലും പരിശോധന നടത്താൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക്‌ കർശന നിർദേശം നൽകിയിട്ടുണ്ടെന്ന്‌ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ ജോസഫ്‌ പറഞ്ഞു. ആദ്യഘട്ട നിയമലംഘനത്തിന് 10,000 രൂപയാണ്‌ പിഴ. ആവർത്തിച്ചാൽ 25,000 രൂപയും തുടർന്നാൽ 50,000 രൂപയും ഈടാക്കും. നിയമലംഘനം വീണ്ടും തുടർന്നാൽ സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കും.  
നിരോധനം ഇവയ്‌ക്ക്‌ 
പ്ലാസ്റ്റിക് ക്യാരി ബാഗ്, തെർമോക്കോൾ/ പ്ലാസ്റ്റിക് സ്പൂൺ, ഫോർക്ക്, സ്ട്രോ, കൊടി തോരണങ്ങൾ, 500 എംഎൽ താഴെയുള്ള വെള്ളക്കുപ്പികൾ, ഏകോപയോഗ പ്ലാസ്റ്റിക് പ്ലേറ്റും ടംബ്ലറുകളും കപ്പുകളും, പ്ലാസ്റ്റിക് കോട്ട‍‍ഡ് പേപ്പർ കപ്പ്, പ്ലേറ്റ്, ബൗളുകൾ, ബാഗുകൾ, കുടിവെള്ള പൗച്ചുകൾ തുടങ്ങിയവ. 
37 പേർക്ക്‌ നോട്ടീസ്‌, 
10,000 രൂപ പിഴ  
പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശാനുസരണം കഴിഞ്ഞ ദിവസം ജില്ലയിൽ നടത്തിയ പരിശോധനയിൽ ജലസ്രോതസ്സിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നിക്ഷേപിച്ച 37പേർക്ക്‌ നോട്ടീസ്‌ നൽകി. 104 ജലസ്രോതസ്സിൽ നടത്തിയ നിരീക്ഷണത്തിൽ 23 എണ്ണത്തിൽ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തി.  ആറ്‌ വ്യാപാര സ്ഥാപനത്തിൽനിന്ന്‌ നിരോധിത പ്ലാസ്റ്റിക് പിടികൂടി. 10,000രൂപ പിഴ ഇീടാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top