25 April Thursday

രണ്ടാംവിള: സംഭരിച്ചത്‌ 1167 ടൺ നെല്ല്‌

സ്വന്തം ലേഖകൻUpdated: Friday Jul 1, 2022
കൊല്ലം
രണ്ടാംവിള കൃഷിയിൽ കൊല്ലം ഇക്കൊല്ലം സംഭരിച്ചത്‌ 1167 ടൺ നെല്ല്‌. 48 പഞ്ചായത്തുകളിലെ 650 കർഷകരിൽനിന്നാണ്‌ നെല്ല്‌ സംഭരിച്ചത്‌. കിലോയ്‌ക്ക്‌ 28.12 രൂപയായിരുന്നു സംഭരണവില. ഫെബ്രുവരിയിൽ ആരംഭിച്ച നെല്ല്‌ സംഭരണം ബുധനാഴ്‌ച പൂർത്തിയായി. ഒന്നാംവിളയിൽ 128 കർഷകരിൽനിന്ന്‌ 218 ടണ്ണാണ്‌ സംഭരിച്ചത്‌. ഒന്നാംവിള സംഭരണത്തിൽ കർഷകർക്കുള്ള തുക വിതരണം പൂർത്തിയായി. രണ്ടാംവിളയിലെ വിതരണം തുടരുന്നു. കഴിഞ്ഞ വർഷം രണ്ട്‌ സീസണുകളിലുമായി 2609. 62 മെട്രിക്‌ ടൺ നെല്ല്‌ സംഭരിച്ചിരുന്നു. 1100 കർഷകർ സംഭരണത്തിൽ പങ്കാളികളായി. 
2700 മെട്രിക്‌ ടൺ നെല്ലാണ്‌ ഈ വർഷം രണ്ടാംവിളയിൽ ലക്ഷ്യമിട്ടത്‌. 48 കൃഷിഭവനിലായി  662 കർഷകർ രജിസ്റ്റർചെയ്‌തിരുന്നു. ഇളമ്പള്ളൂർ പഞ്ചായത്തിലായിരുന്നു സംഭരണത്തിന്‌ തുടക്കം. രണ്ടാംവിളയിൽ ഗുണനിലവാരത്തിലും സംഭരണത്തിലും മുന്നിൽ നിൽക്കുന്നത്‌ മൈനാഗപ്പള്ളിയാണ്‌. തഴവ, നെടുമ്പന, കരീപ്ര പഞ്ചായത്തുകളാണ്‌ തൊട്ടുപിന്നിൽ. ഡിസംബറിൽ അവസാനിച്ച ഒന്നാംവിളയിൽ കരുനാഗപ്പള്ളി താലൂക്കിലാണ്‌ കൂടുതൽ നെല്ല്‌ സംഭരിച്ചത്‌. മൈനാഗപ്പള്ളി, തഴവ, കരീപ്ര മേഖലകളിൽനിന്നാണ്‌ മുൻകാലങ്ങളിൽ കൂടുതൽ സംഭരിച്ചത്‌. 
പാടശേഖരസമിതികളും വ്യക്തികളും പ്രത്യേകം കൃഷി ചെയ്‌തിരുന്നു. കൃഷിഭവന്റെ അനുമതി ലഭിച്ച 33 പാടമാണുള്ളത്‌. സമിതികൾക്ക്‌ 25 ഏക്കർ വരെയും വ്യക്തികൾക്ക്‌ അഞ്ച്‌ ഏക്കർ വരെയും രജിസ്റ്റർചെയ്യാം. കരീപ്ര, തഴവ ഉൾപ്പെടെ അഞ്ച്‌ കൃഷിഭവൻ പരിധികളിലാണ്‌ കൂടുതൽ ഏലായുള്ളത്‌‌. ഒരു വിളയിൽ 10 ടൺ വീതമുള്ള 150–- 200 ലോഡ്‌ നെല്ലാണ്‌ ശരാശരി സംഭരണം‌. ഉമ, ജ്യോതി, മണിരത്‌ന ഇനം നെല്ലുകളാണ്‌ ‌കൂടുതലും കൃഷിചെയ്‌തത്‌. രാജ്യത്ത്‌ സംഭരണവില ഏറ്റവും കൂടുതൽ നൽകുന്ന സംസ്ഥാനമാണ്‌ കേരളം. ജില്ലയിൽനിന്ന്‌ സംഭരിക്കുന്ന നെല്ലിൽ ഏറെയും എറണാകുളത്തെ സ്വകാര്യ റൈസ്‌ മില്ലുകൾ വഴിയാണ്‌ അരിയാക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top