25 April Thursday

മാലിന്യനിര്‍മാര്‍ജനം ശാസ്ത്രീയമാകണം: മന്ത്രി കെ എന്‍ ബാലഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
കൊല്ലം
മാലിന്യനിർമാർജന പദ്ധതികൾ ശാസ്ത്രീയമാണെന്ന് ഉറപ്പുവരുത്തണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മാലിന്യമുക്ത നവകേരളം സംഘാടകസമിതി യോഗം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയുള്ള പദ്ധതികൾ മാലിന്യ നിർമാർജനത്തിനായി തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു. 
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ അധ്യക്ഷനായി. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ ഹണി ബഞ്ചമിൻ, ജില്ലാപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാജി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ജയദേവി മോഹൻ, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, എഡിഎം ആർ ബീനാറാണി, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ഡി സജു, നവകേരളം കർമപദ്ധതി ജില്ലാ കോ–- ഓർഡിനേറ്റർ എസ് ഐസക്, ശുചിത്വമിഷൻ ജില്ലാ കോ–- ഓർഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
സർക്കാർ സ്ഥാപനങ്ങളിൽ ശുചീകരണം 3ന്
മാലിന്യനിർമാർജനത്തിന്റെ ഭാഗമായി ജില്ലയിൽ സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി. ഡോർ ടു ഡോർ മാലിന്യശേഖരണവും ഹരിതകർമസേനയുടെ യൂസർ ഫീ ലഭ്യതയുടെയും ശതമാനം 45ൽനിന്ന് ഉയർത്താൻ അടിയന്തര നടപടി സ്വീകരിക്കും. ജൈവമാലിന്യ സംസ്‌കരണ സംവിധാനം എല്ലാ വീടുകളിലും വ്യാപിപ്പിക്കും. ഉറവിടമാലിന്യ സംസ്‌കരണം, പൊതുയിടങ്ങളും ജലാശയങ്ങളും വൃത്തിയാക്കൽ എന്നിവയിൽ പുരോഗതി നേടാനായി. ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിതകർമസേന, സന്നദ്ധസംഘങ്ങൾ തുടങ്ങിയവർക്കുള്ള പരിശീലനം പൂർത്തിയായി. മൂന്നിന് ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ ശുചീകരണം നടത്തും. നിലവിൽ 21 തദ്ദേശ സ്ഥാപനങ്ങൾ വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. പരിസ്ഥിതി ദിനത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളെയും വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിക്കും. അഞ്ചിന് തദ്ദേശസ്ഥാപനങ്ങളിൽ ഹരിതസഭ ചേരുകയും ജനകീയ ഓഡിറ്റ് നടത്തുകയും ചെയ്യും. ജനകീയ ക്യാമ്പയിന്റെ ഭാഗമായി മതമേലധ്യക്ഷന്മാർ, വിവിധ സംഘടനകൾ എന്നിവയുടെ യോഗം വിളിച്ചുചേർക്കും.
മാലിന്യനിക്ഷേപത്തിന്‌ സ്ഥിരംസംവിധാനം
രണ്ടാം ഘട്ടത്തിൽ ജനകീയ ഓഡിറ്റിൽ കണ്ടെത്തിയ കുറവുകൾ പരിഹരിക്കും. തദ്ദേശസ്ഥാപനങ്ങളിൽ മാലിന്യ നിക്ഷേപത്തിന്‌ സ്ഥിരം സംവിധാനങ്ങൾ, ഹരിതകർമസേനയ്ക്ക് ആവശ്യമായ യന്ത്രസാമഗ്രികൾ, വാഹന സൗകര്യം എന്നിവ ഉറപ്പാക്കും. മൂന്നാം ഘട്ടത്തിൽ 2025 മാർച്ച 31നു മുമ്പ്‌ ജില്ലയിലാകെ സംയോജിതമായ അടിസ്ഥാന മാലിന്യനിർമാർജന സൗകര്യങ്ങൾ ഒരുക്കും. നിരീക്ഷണത്തിനായി ഹരിതമിത്രം ആപ്ലിക്കേഷൻ വ്യാപകമാക്കും. കാലപ്പഴക്കം ചെന്ന ഡമ്പ് സൈറ്റുകൾ ബയോ മൈനിങ് നടത്തി വീണ്ടെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top