26 April Friday
മുട്ടടയിൽ എല്‍ഡിഎഫിന് മിന്നും വിജയം

വീണ്ടും ചുവന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

ഫലം പ്രഖ്യാപിച്ച ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്തെത്തിയ അജിത് രവീന്ദ്രനെ എടുത്തുയർത്തി പ്രവർത്തകരുടെ ആഹ്ലാദം

തിരുവനന്തപുരം/പേരൂർക്കട 

കോർപറേഷൻ മുട്ടട വാർഡ്‌ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ മിന്നുംവിജയം. സിപിഐ എം കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ അജിത് രവീന്ദ്രൻ 203 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെയുള്ള 6342 വോട്ടിൽ അഞ്ചു ബൂത്തുകളിലായി 3018 വോട്ടാണ് പോൾ ചെയ്‌തത്‌. 47.58 ആണ്‌ പോളിങ് ശതമാനം. അജിത് രവീന്ദ്രൻ 1228 വോട്ടും യുഡിഎഫിലെ ആർ ലാലൻ 1025 വോട്ടും ബിജെപിയിലെ എസ് മണി 765 വോട്ടും നേടി. പോളിങ് ശതമാനത്തിൽ ​ഗണ്യമായി കുറവുണ്ടായിട്ടും മികച്ച ഭൂരിപക്ഷം നേടാൻ എൽ‍ഡിഎഫിനായി. 

എൽഡിഎഫ് കൗൺസിലർ ടി പി റിനോയിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2020ലെ തെര‍ഞ്ഞെടുപ്പിൽ 571 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റിനോയ് വിജയിച്ചത്‌. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർഥി എസ് ആർ രമ്യാ രമേശ് 704 വോട്ട് നേടിയപ്പോൾ റിനോയ് 1275 വോട്ട് നേടി. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന പേരൂർക്കട രവിക്ക് 505 വോട്ടാണ് ലഭിച്ചത്. വാർഡ് രൂപീകരിച്ച 2000 മുതൽ തുടർച്ചയായി എൽഡിഎഫാണ്‌ വിജയിക്കുന്നത്‌. പത്തുവർഷം വാർ‍ഡിനെ പ്രതിനിധീകരിച്ച കെ ചന്ദ്രിക 2010–-- 2015 കാലയളവിൽ മേയറായിരുന്നു. പിന്നീട് സിപിഐ അംഗം ഗീതാഗോപാലും ടി പി റിനോയിയും വിജയിച്ചു.

മുട്ടട വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് എൽഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനം.
വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു തുടങ്ങിയവർ സമീപം

മുട്ടട വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് എൽഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനം.
വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു തുടങ്ങിയവർ സമീപം

കുപ്രചാരണങ്ങൾക്കെതിരായ ജനവിധി: വി ജോയി

തിരുവനന്തപുരം 

മുട്ടട വാർഡ്‌ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ വിജയം ബിജെപിയും കോൺഗ്രസും കോർപറേഷനെതിരെ നടത്തിയ കുപ്രചാരണങ്ങൾക്കെതിരായ ജനവിധിയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ കോർപറേഷന് എതിരായി അപവാദ പ്രചാരണം നടത്തി. ഇടതുപക്ഷ സ്ഥാനാർഥിയെ വ്യക്തിപരമായി ആക്ഷേപിക്കാനും ശ്രമിച്ചു. മുട്ടടയിലെ പ്രബുദ്ധരായ ജനങ്ങൾ കോൺഗ്രസും ബിജെപിയും ഉയർത്തിയ ആരോപണങ്ങൾ തള്ളി. ഇക്കഴിഞ്ഞ രണ്ടര വർഷത്തിനിടെ നിരവധി പുരസ്കാരങ്ങൾ കോർപറേഷന് ലഭിച്ചു. അർഹതയുള്ളവർക്ക് ആനുകൂല്യങ്ങൾ എത്തിക്കാനും പൊതുവികസന പ്രവർത്തനങ്ങൾ നടപ്പാക്കാനും കോർപറേഷന് സാധിച്ചു. ഇതെല്ലാം ജനങ്ങൾ അം​ഗീകരിച്ചതിന്റെ തെളിവാണ് മുട്ടടയിലെ വിജയമെന്നും വി ജോയി പറഞ്ഞു.

കാനാറയിൽ യുഡിഎഫ് 

കിളിമാനൂർ

പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കാനാറാ വാർഡിൽ കോൺഗ്രസിലെ എ അപർണ 12 വോട്ടിന് ജയിച്ചു. 560 വോട്ടാണ് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി വി എൽ രേവതിക്ക്‌ 548 വോട്ടും ലഭിച്ചു. 2020ലെ തെരഞ്ഞെടുപ്പിൽ  ആറ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺ‌​ഗ്രസിന്റെ എസ് ശ്രീലത ഇവിടെ ജയിച്ചത്. സിപിഐ എം സ്ഥാനാർഥി ബി ഉഷാകുമാരിക്ക്‌ 430 വോട്ടും ശ്രീലതയ്‌ക്ക്‌ 436 വോട്ടുമായിരുന്നു. 2020ൽ ബിജെപിയുടെ എസ് അമ്മു 176 വോട്ട് നേടിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ജിൻസിക്ക്‌ 76 വോട്ട് മാത്രമാണ് ലഭിച്ചത്. ബിജെപി വോട്ടുകളുടെ എണ്ണത്തിൽ ​ഗണ്യമായ കുറവുണ്ടായി.

 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top