26 April Friday
42 കുടുംബങ്ങൾക്കു കൂടി ലൈഫ്‌ തണൽ

മാനംമുട്ടെ പ്രതീക്ഷകൾ

അനിൽ വി ആനന്ദ്‌Updated: Saturday Apr 1, 2023

പുനലൂർ പ്ലാച്ചേരിയിൽ ലൈഫ് പദ്ധതിയിലൂടെ നി‌ർമാണം പൂർത്തീകരിച്ച ഭവന സമുച്ചയം

പുനലൂർ
നഗരത്തിനടുത്തെ പ്ലാച്ചേരിയിൽ ബഹുനില മന്ദിരം ഉയരുമ്പോൾ 42 കുടുംബങ്ങളുടെ പ്രതീക്ഷകളും മാനംമുട്ടെ ഉയരുകയാണ്‌. അവർക്കിനി സുരക്ഷിതമായ വീടിന്റെ തണലുണ്ട്‌. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാംവാർഷികത്തോട്‌ അനുബന്ധിച്ച് പ്രഖ്യാപിച്ച നൂറുദിന പരിപാടിയുടെ ഭാ​ഗമായാണ്‌ മുനിസിപ്പാലിറ്റിയിലെ ഭൂരഹിത ഭവനരഹിതർക്കായി 50 സെന്റിൽ  ഭവനസമുച്ചയം നിർമിച്ചത്‌. ലൈഫ് ഭവനപദ്ധതി പ്രകാരം നിർമിച്ച ഭവനസമുച്ചയത്തിൽ നാലു നിലയിലായി  44 യൂണിറ്റാണ് ഉള്ളത്. ഇതിൽ 42 വീടും അങ്കണവാടിയും വയോജനകേന്ദ്രവും ഉൾപ്പെടും.ഏപ്രിൽ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനംചെയ്യും
 നാലുനില,  
28857 ചതുരശ്രഅടി
കെട്ടിടത്തിന്റെ ആകെ വിസ്തീർണം 28,857 ചതുരശ്ര അടിയാണ്.  ഒരു വീടിന്റെ വിസ്തീർണം 511.53 ചതുരശ്ര അടിയും. ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും അവശത അനുഭവിക്കുന്നവർക്കുമായി താഴത്തെ നിലയിൽ രണ്ടുവീട്‌ നിർമിച്ചിട്ടുണ്ട്. ഹാൾ, രണ്ടു കിടപ്പുമുറി, അടുക്കള, കക്കൂസ്, കുളിമുറി, ബാൽക്കണി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഭവനസമുച്ചയത്തിൽ പൊതുവായി ഒരു ഇടനാഴി, ഗോവണി, അഗ്നിരക്ഷാ സംവിധാനങ്ങൾ, വൈദ്യുതി, കുഴൽക്കിണർ, കുടിവെള്ള സംഭരണി, സോളാർ ലൈറ്റ് സംവിധാനം, ഖരമാലിന്യ സംസ്കരണം, ചുറ്റുമതിൽ, മഴവെള്ള സംഭരണി, ജനറേറ്റർ, ട്രാൻസ്ഫോർമർ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.  ഖരമാലിന്യ സംസ്കരണത്തിന് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും നിർമിച്ചിട്ടുണ്ട്. പ്രീ ഫാബ് സാങ്കേതിക വിദ്യയിലാണ് കെട്ടിടം നിർമിച്ചത്.
അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിറ്റ്സൂമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു നിർമാണച്ചുമതല.  തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ കൺസൾട്ടൻസി. കരാർ തുക 6.87 കോടി രൂപയാണ്. എൽജിഎസ്എഫ് സാങ്കേതിക വിദ്യയിൽ കെട്ടിടത്തിന്റെ ഫ്രെയിം നിർമിച്ച് അത് ഫൈബർ സിമന്റ് ബോർഡ് ഉപയോഗിച്ച് കവർചെയ്ത് ചുവർ നിർമിച്ചിരിക്കുന്നു. കെട്ടിടത്തിൽ മതിയായ കാറ്റും വെളിച്ചവും ലഭിക്കുന്നതിന് രണ്ട് അകമുറ്റവും നൽകിയിട്ടുണ്ട്. മുറികളിൽ സെറാമിക് ടൈലും പൊതു ഇടങ്ങളിൽ വിട്രിഫൈഡ് ടൈലുമാണ് ഫ്ലോറിങ്ങിന് ഉപയോ​ഗിച്ചത്. റോഡ് നിർമാണം, ചുറ്റുമതിൽ, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി, ഖരമാലിന്യ സംവിധാനം, മലിനജല സംസ്കരണ പ്ലാന്റ് എന്നിവയ്‌ക്കായി ഏകദേശം 75.60 ലക്ഷം രൂപയാണ് ചെലവിട്ടത്. ഇത്‌ ഉൾപ്പെടെ ആകെ ചെലവ് 7.63 കോടി രൂപയാണ്. സർക്കാർ സബ്സിഡിയോടെ കൂടി അനർട്ടാണ് കെട്ടിടത്തിൽ സൗരോർജ പ്ലാന്റുകൾ  സൗജന്യമായി സ്ഥാപിച്ചത്. ഇതിലൂടെയാണ് കെട്ടിടത്തിന്റെ പൊതുഇടനാഴികളിൽ വെളിച്ചം നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top