19 April Friday

ഈ വെളിച്ചത്തിനെന്ത്‌ തെളിച്ചം

പി ആർ ദീപ്‌തിUpdated: Saturday Apr 1, 2023

സുധാ രാമകൃഷ്‌ണൻ എൽഇഡി ബൾബ് നിർമാണത്തിൽ

കൊല്ലം
പ്രകാശിക്കുന്ന ഓരോ ബൾബും നോക്കി സുധ പറയും–-‘ഈ വെളിച്ചത്തിനെന്ത്‌ തെളിച്ചം’. അതേ, സുധയുടെ സംരംഭം നാട്‌ മുഴുവൻ വെളിച്ചം വിതറുകയാണ്‌. വലിയ കമ്പനികളുമായി മത്സരിച്ച്‌ വിപണിയിൽ സ്വന്തമായ മുദ്ര പതിപ്പിച്ച്‌  ജൈത്രയാത്ര തുടരുന്ന  ‘ജിഎസ്‌ ഇൻഡസ്‌ട്രീസ്‌’ നാടിന്റെ ഇരുട്ടകറ്റുന്നു. വെട്ടിക്കവല ഉദയം കുടുംബശ്രീ അംഗമായ ചക്കുവരയ്‌ക്കൽ ഗാന്ധിഗ്രാം ശ്രീശൈലത്തിൽ സുധാ രാമകൃഷ്‌ണൻ (44) ആരംഭിച്ച എൽഇഡി ബൾബ്‌ നിർമാണ യൂണിറ്റാണ്‌ വിജയഗാഥ രചിക്കുന്നത്‌. സ്വന്തമായി തൊഴിൽ വേണമെന്ന ഈ ബിരുദാനന്തരബിരുദധാരിയുടെ ആഗ്രഹമാണ്‌ ജിഎസ്‌ ഇൻഡസ്‌ട്രീസിന്റെ ഉദയത്തിനു പിന്നിൽ. ഇന്ന്‌ നാലു മോഡൽ എൽഇഡി ബൾബുകളും ട്യൂബുകളുമാണ്‌ ഇവിടെനിന്ന്‌ വിപണിയിലെത്തുന്നത്‌.  
മാസം പത്തുലക്ഷം രൂപ വരുമാനം നേടുന്ന യൂണിറ്റ്‌ 2017ൽ ആണ്‌ തുടങ്ങിയത്‌. മെറ്റീരിയലുകൾ വാങ്ങി ഘടിപ്പിച്ചാണ്‌ നിർമാണം.  വൈദ്യുതി ഇല്ലാത്തപ്പോൾ കത്തുന്ന എസി/ഡിസി 12വാട്ടിന്റെ ബൾബുകൾക്കാണ്‌ ഏറെ ഡിമാൻഡ്‌. 300 രൂപയ്‌ക്കാണ്‌ മൊത്തവിൽപ്പന. ചില്ലറ വിൽപ്പന 350 രൂപയ്‌ക്കും. മറ്റു സ്വകാര്യ കമ്പനികൾ ഈ ബൾബിന്‌ ഈടാക്കുന്നത്‌ 950 രൂപയാണ്‌. കുത്തക കമ്പനികളുടെ ബൾബുകളേക്കാൾ ഗുണമേന്മയും ഒരുവർഷ ഗാരന്റിയും ഉറപ്പാക്കുന്നു.
സാധാരണ എൽഇഡി (12 വാട്ട്‌) 110രൂപയും ഒമ്പത്‌ വാട്ടിന്‌ 60 രൂപയുമാണ്‌ വില. പ്രതിമാസം എസി, ഡിസി ബൾബുകൾ 2000 എണ്ണമാണ്‌ വിറ്റുപോകുന്നത്‌.  ചക്കുവരയ്‌ക്കലിൽ വീടിനോടു ചേർന്നും വിളക്കുടിയിൽ രണ്ട്‌ ബ്രാഞ്ചും പ്രവർത്തിക്കുന്നു. കുടുംബശ്രീയിൽനിന്ന്‌ വായ്‌പയെടുത്ത്‌ തുടങ്ങിയ സംരംഭം ഇന്ന്‌ 25പേർക്ക്‌ തൊഴിൽ  നൽകുന്നു. നിലവിൽ പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ്‌ ജനറേഷൻ പദ്ധതിയിൽ കനറാ ബാങ്കിൽനിന്ന്‌ ഏഴുലക്ഷം രൂപ വായ്‌പ എടുത്തിട്ടുണ്ട്‌.  ജില്ലയിലെ മികച്ച സംരംഭക എന്ന ബാങ്കിന്റെ അവാർഡ്‌ രണ്ടുതവണ സുധയെ തേടിയെത്തി.
ടെൻഡറില്ലാതെ തന്നെ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ സാധനസാമഗ്രികൾ കൈമാറാൻ ഈ സംരംഭകയ്‌ക്ക്‌ ലൈസൻസ്‌ ഉണ്ടെങ്കിലും ഇതുവരെയും ഒരു തദ്ദേശ സ്ഥാപനവും സമീപിക്കാത്തതിലുള്ള നിരാശയും സുധ പങ്കുവയ്‌ക്കുന്നു. ഭർത്താവ്‌ രാമകൃഷ്‌ണനും മക്കളായ ഗൗതം കൃഷ്‌ണ, യദുകൃഷ്‌ണ എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top