19 March Tuesday
കേന്ദ്ര ബജറ്റ്‌ ഇന്ന്‌

കനിയുമോ ഇക്കൊല്ലം

സ്വന്തം ലേഖകൻUpdated: Wednesday Feb 1, 2023
കൊല്ലം
കേന്ദ്ര ബജറ്റിൽ ജില്ലയുടെ നട്ടെല്ലായ പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണ പാക്കേജും വിലത്തകർച്ചയിൽനിന്നും റബർ കർഷകരെ രക്ഷിക്കാനുള്ള പാക്കേജും  പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ കൊല്ലം. അടഞ്ഞുകിടക്കുന്ന പാർവതിമിൽ പുനരുദ്ധാരണവും അല്ലെങ്കിൽ ഭൂമി സംസ്ഥാന സർക്കാരിന്‌ തിരികെനൽകുന്നതും പരിഗണിക്കപ്പെടുമോ എന്നും ഉറ്റുനോക്കുന്നു. ബുധനാഴ്ചയാണ്‌ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ്‌ അവതരിപ്പിക്കുന്നത്‌.
കശുവണ്ടി മേഖല
പ്രത്യേക പുനരുദ്ധരാണ പാക്കേജ്‌  ബജറ്റിലുണ്ടാകണമെന്നാണ്‌ കശുവണ്ടി വ്യവസായമേഖലയുടെ ആഗ്രഹം. ഇറക്കുമതിച്ചുങ്കം പൂർണമായും എടുത്തുകളയുമോ എന്നും ഉറ്റുനോക്കുന്നു. എൻഡിഎ സർക്കാർ ഏർപ്പെടുത്തിയ 9.5 ശതമാനം ചുങ്കം കേരളത്തിന്റെ നിരന്തര ആവശ്യത്തെ തുടർന്ന്‌ രണ്ടര ശതമാനമാക്കിയിരുന്നു. കൊല്ലം കേന്ദ്രീകരിച്ച്‌ കാഷ്യൂ ബോർഡിന്‌ രൂപം നൽകണമെന്നത്‌ ഏറെക്കാലത്തെ ആവശ്യമാണ്‌. എല്ലാ തൊഴിലാളികൾക്കും ഇഎസ്‌ഐ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ നിലവിലെ നിയമത്തിൽ ഭേദഗതി ബജറ്റിൽ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കൊല്ലം തുറമുഖം
സാഗർമാല പദ്ധതിയിൽപ്പെടുത്തി കൊല്ലം തുറമുഖത്തിന്റെ ആഴം 12 മീറ്ററായി കൂട്ടാൻ ഡ്രഡ്‌ജിങ്ങിന്‌ 107 കോടി രൂപയുടെ പദ്ധതി 2020ൽ മാരിടൈം ബോർഡ്‌ കേന്ദ്രസർക്കാരിന്‌ സമർപ്പിച്ചിട്ടുണ്ട്‌. കിഡ്‌കോയാണ്‌ പ്രോജക്ട്‌ തയ്യാറാക്കിയത്‌. നിലവിൽ 7.20 മീറ്ററാണ്‌ തുറമുഖത്തിന്റെ ആഴം. മണ്ണ്‌ നീക്കിയാൽ വലിയ ചരക്കുകപ്പലുകൾ കൊല്ലത്തേക്കു വരും. 
ഗതാഗതം 
കൊല്ലം –- ചെങ്കോട്ട പാതയിൽ കൂടുതൽ ട്രെയിനും കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, പുനലൂർ, ഇടമൺ തുടങ്ങിയ സ്റ്റേഷനുകളുടെ വികസനത്തിനും നടപടി പ്രതീക്ഷിക്കുന്നു. എറണാകുളം – -തിരുവനന്തപുരം പാതയിലും പുതിയ ട്രെയിനുകൾ വേണം. കൊല്ലം മെമു ഷെഡിന്റെ നീളംകൂട്ടുന്നതിനുള്ള പ്രഖ്യാപനവും പ്രതീക്ഷിക്കുന്നു. പരവൂർ, മയ്യനാട്‌, പെരിനാട്‌, മൺറോതുരുത്ത്‌, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷനുകളുടെ വികസനവും പ്രഖ്യാപനത്തിൽ മാത്രമാണ്‌. കൊല്ലം – -തേനി ദേശീയപാത, ഭരണിക്കാവ്‌ – -ചവറ ടൈറ്റാനിയം പാത എന്നിവയുടെ നിർമാണത്തിന്‌ പരിഗണന ആവശ്യമാണ്‌. 
തെന്മല ഇക്കോ ടൂറിസം
തെന്മല ഇക്കോ ടൂറിസത്തിന്‌ നാളിതുവരെ കേന്ദ്രസഹായം ലഭിച്ചിട്ടില്ല. രാജ്യത്തെ ഒന്നാമത്തെയും ലോകത്തെ പതിമൂന്നാമത്തെയും ഇക്കോ ടൂറിസമാണ്‌ തെന്മലയിലേത്‌. പ്രകൃതിസംരക്ഷണ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രബജറ്റിൽ തുക വകയിരുത്തുമെന്ന പ്രതീക്ഷയിലാണ്‌ കിഴക്കൻ മേഖല. 
തോട്ടം മേഖല
സംസ്ഥാന ഫാമിങ്‌ കോർപറേഷൻ, ആർപിഎൽ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ സഹായം ആവശ്യപ്പെട്ട്‌ പലവട്ടം കേന്ദ്രസർക്കാരിൽ നിവേദനം സമർപ്പിച്ചിട്ടുണ്ട്‌. ഭക്ഷ്യഎണ്ണ ഇറക്കുമതി നിർത്തലാക്കി ഓയിൽപാമിനെ കേന്ദ്രം സംരക്ഷിക്കുമോ എന്ന ചോദ്യവും ഉയരുന്നു. 
പാർവതി മിൽ
അവശേഷിക്കുന്ന തൊഴിലാളികൾക്ക്‌ നാലു മാസമായി ശമ്പളം ലഭിക്കാത്ത അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. ഇവിടെ നാഷണൽ ടെക്‌സ്റ്റൈൽസ് പാർക്ക്‌ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്‌. ഇല്ലെങ്കിൽ 16.4 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിന്‌ വിട്ടുകൊടുക്കണം. ഇക്കാര്യത്തിൽ ഇടപെടേണ്ട സ്ഥലം എംപി ഒന്നുംചെയ്യുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top