20 April Saturday

പൊലീസിനെ വാള്‍ വീശി രക്ഷപ്പെട്ട 
പ്രതികളെ സാഹസികമായി പിടികൂടി

സ്വന്തം ലേഖകൻUpdated: Wednesday Feb 1, 2023
കുണ്ടറ
വടിവാൾ വീശുകയും സ്വയരക്ഷയ്ക്കായി പൊലീസ് വെടിയുതിർത്തപ്പോൾ കായലിൽച്ചാടി രക്ഷപ്പെടുകയുംചെയ്‌ത പ്രതികളെ കുപ്രസിദ്ധ കുറ്റവാളിയുടെ വീട്ടിൽനിന്ന് സാഹസികമായി പിടികൂടി. യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളായ പേരയം കരിക്കുഴി ലൈവിഭവനിൽ ആന്റണിദാസ് (26), കരിക്കുഴി ലിജോഭവനിൽ ലിയോ പ്ലാസിഡ് (27), ഇവരെ ഒളിവിൽ താമസിപ്പിച്ച ചെങ്കീരി ഷൈജു എന്നിവരാണ് പിടിയിലായത്. 
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഷൈജുവിന്റെ  കുമ്പളം പാവട്ടുമൂലയിലെ വീട്ടിൽനിന്ന് ചൊവ്വാഴ്ച വൈകിട്ട് 6.30നാണ് കുണ്ടറ പൊലീസ് പിടികൂടിയത്. വാതിൽതുറന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ മൽപ്പിടിത്തത്തിലൂടെയാണ് പൊലീസ് കീഴടക്കിയത്. കുണ്ടറ സിഐ രതീഷ്, സിപിഒമാരായ ഡാർവിൻ, രാജേഷ് എന്നിവർക്ക് പരിക്കേറ്റു.  കൈക്ക് പരിക്കേറ്റ ഡാർവിൻ, രാജേഷ് എന്നിവർ  കുണ്ടറ താലൂക്കാശുപത്രിയിൽ ചികിത്സതേടി. 
പ്രതികൾ പ്രദേശം വിട്ടുപോയിട്ടില്ലെന്ന നി​ഗമനത്തിൽ  ഇവിടം കേന്ദ്രീകരിച്ച് ശനിയാഴ്ച മുതൽ പൊലീസുകാർ സംഘംതിരിഞ്ഞ് തിരച്ചിൽ നടത്തുകയായിരുന്നു.  പ്രതികൾ കായലിൽച്ചാടിയ മാപ്പിളപ്പൊയ്കയിൽനിന്ന്‌ രണ്ടരക്കിലോമീറ്റർ ദൂരത്താണ് കുമ്പളം. ശനി പുലർച്ചെ പേരയം കരിക്കുഴി മാപ്പിളപ്പൊയ്കയിലാണ് ഇവരെ പിടിക്കാനെത്തിയ കൊച്ചി ഇൻഫോപാർക്ക് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തിനു നേരെ വടിവാൾ വീശി കായലിൽചാടി രക്ഷപ്പെട്ടത്. ഇവർക്കായി പടപ്പക്കര, കരിക്കുഴി, മാപ്പിളപ്പൊയ്ക, ടെക്നോപാർക്ക് തുടങ്ങിയ ഇടങ്ങളിലെ ഒഴിഞ്ഞകെട്ടിടങ്ങൾ, കാടുമൂടിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ റൂറൽ എസ്‌പി എം എൽ സുനിലിന്റെ മേൽനോട്ടത്തിൽ കുണ്ടറ, ശാസ്താംകോട്ട, കിഴക്കേ കല്ലട, പുത്തൂർ, ശൂരനാട് സ്റ്റേഷനുകളിലെ പൊലീസുകാരും എസ്‌പിയുടെ സ്ട്രൈക്കിങ് ഫോഴ്സുമടങ്ങിയ വൻസന്നാഹമാണ് പരിശോധനയ്ക്കിറങ്ങിയത്. കായലിൽ ബോട്ട്‌ പട്രോളിങ്ങും റോഡിൽ വാഹനപരിശോധനയും നടത്തി. 
ചെങ്ങന്നൂർ സ്വദേശി ലിബിൻ വർ​ഗീസിനെ തട്ടിക്കൊണ്ടുപോയി അടൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ മുറിയിലെത്തിച്ച് മർദിച്ച് അവശനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളാണ് ആന്റണിദാസും ലിയോ പ്ലാസിഡും. കേസിൽ 10 പ്രതികളാണുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top